മനഃശുദ്ധിയുള്ളവന്‌ സ്വർഗ്ഗരാജ്യം

കൃഷ്‌ണകൈമളും ഗോവിന്ദപൈയും അയൽക്കാരായിരുന്നു. കൃഷ്‌ണകൈമൾ നിത്യവും ക്ഷേത്രത്തിൽ പോയി ആരാധന നടത്തി ചന്ദനക്കുറിതൊട്ട്‌ പൂചൂടി നടന്നു.

കൈമളുടെ വീട്ടിലെ പുറംപണിക്കാരിയായിരുന്നു കാളിക്കുട്ടി. അവളുടെ മകൻ ബാലൻ പഠിക്കാൻ അതിസമർത്ഥനായിരുന്നു. ഒരു ക്ലാസ്സിലും തോല്‌ക്കാതെ അവൻ വിജയിക്കുന്നത്‌ കണ്ട്‌ കൈമൾക്ക്‌ അസൂയ തോന്നി.

ഒരു ദിവസം അമ്പലത്തിൽ നിന്നു വരുമ്പോൾ വഴിയിൽ കിടന്ന്‌ ഒരു ചൂണ്ടക്കൊളുത്ത്‌ കൈമൾക്ക്‌ കിട്ടി. അയാൾ അതുകൊണ്ടുവന്ന്‌ ബാലന്‌ കൊടുത്തു.

സ്‌കൂളിൽ പോയിക്കൊണ്ടിരുന്ന ബാലൻ ചൂണ്ടയിട്ട്‌ മീൻ പിടിക്കുവാൻ തുടങ്ങി. ധാരാളം മത്സ്യം ലഭിച്ചപ്പോൾ വിറ്റ്‌ വിലവാങ്ങി. പൈസ കൈയിൽ കിട്ടിത്തുടങ്ങിയതു മുതൽ പഠിപ്പിൽ താത്‌പര്യം കുറഞ്ഞു. വിദ്യാലയത്തോടു വിട പറഞ്ഞു ചൂണ്ടയിട്ടു നടന്നു.

കൈമൾക്കു സന്തോഷമായി. അയാളുടെ ലക്ഷ്യം വിജയിച്ചു. തന്റെ മക്കൾ കുഴിമടിയന്മാരാണ്‌. പഠിക്കാൻ പോകുന്നില്ല. ബാലനും പഠിക്കരുതെന്നയാൾ ആഗ്രഹിച്ചു.

പഠിപ്പു നിർത്തിയതിനെ ചൊല്ലി അമ്മയും ബാലനും തമ്മിൽ വഴക്കുകൂടി. അവരുടെ കുടുംബഭദ്രത നഷ്‌ടപ്പെട്ടു.

ആ മാതാവ്‌ തന്റെ മകന്റെ ഭാവി തകർത്തതിന്‌ കൃഷ്‌ണകൈമളെ കുറ്റപ്പെടുത്തി. നാട്ടിൽ കൊള്ളാവുന്നവരോട്‌ പരാതി പറഞ്ഞു.

ചൂണ്ടപ്പണിയും നായാട്ടും നല്ല പണിയല്ല. ഈശ്വര ഭക്തനായി നടക്കുന്ന കൃഷ്‌ണകൈമൾ ബാലന്‌ ചൂണ്ട കൊടുത്തതു ശരിയായില്ല. അവർ അഭിപ്രായപ്പെട്ടു.

ഗോവിന്ദപൈ ദിവസവും ക്ഷേത്രത്തിൽപോയി ആരാധന നടത്താറില്ല. പട്ടണത്തിലുള്ള പച്ചമരുന്നുകടയിൽ പോയിരുന്ന്‌ രാവിലെ മുതൽ രാത്രിവരെ കച്ചവടം ചെയ്‌ത്‌ പണം സമ്പാദിച്ച്‌ കുടുംബം പുലർത്തി. മക്കളെയെല്ലാം നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിച്ച്‌ ഉന്നതസ്‌ഥാനങ്ങളിലെത്തിച്ചു.

കച്ചവടത്തിലയാൾക്ക്‌ ആത്‌മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നു. ഇന്നത്തെ പച്ചമരുന്നു കച്ചവടക്കാരെപ്പോലെ പുത്തിരിച്ചുണ്ട വേരു ചോദിച്ചാൽ ചെറുവഴുതന വേര്‌ കൊടുത്ത്‌ പൈസ വാങ്ങിയിരുന്നില്ല. മരുന്നില്ലെങ്കിൽ പകരം ഏതെങ്കിലും വേരുകൊടുത്ത്‌ ജനത്തെ പറ്റിച്ച്‌ ഗോവിന്ദപൈ പൈസ വാങ്ങിയിട്ടില്ല.

ആവണക്കിൻവേരിനുപകരം ഉമ്മത്തിൻവേരു കൊടുത്ത്‌ രോഗികഷായം കഴിച്ച്‌ ഉറക്കമില്ലാതെ ഉന്മാദലക്ഷണം കാണിച്ച കഥയും ഇന്നത്തെ പച്ചമരുന്നു കടക്കാരുടെ കാര്യം പറയുമ്പോൾ ഓർത്തു പോകുന്നു.

ഈവക അബദ്ധങ്ങളൊന്നും ഗോവിന്ദപൈയുടെ കടയിൽ നിന്നും മരുന്നു വാങ്ങിയാൽ പറ്റുകയില്ല.

വാർദ്ധക്യകാലത്ത്‌ നാടിനുവേണ്ടി എന്തെങ്കിലും നന്മ ചെയ്യണമെന്ന്‌ ഗോവിന്ദപൈക്ക്‌ തോന്നി. സമ്പാദ്യത്തിൽ പകുതി മക്കൾക്കു കൊടുത്തു. പകുതി നാട്ടുകാർക്കു വേണ്ടിയും ചെലവു ചെയ്‌തു.

ജലക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന നാട്ടുകാർക്കുവേണ്ടി ഒരു കുളം കുഴിപ്പിച്ചു. നാട്ടിലെ ജലക്ഷാമം പരിഹരിച്ചു. മനുഷ്യർക്കും മൃഗങ്ങൾക്കും കുളത്തിലിറങ്ങിയശേഷം വെള്ളം കുടിക്കുവാനുള്ള സൗകര്യവും ഉണ്ടാക്കിക്കൊടുത്തു.

അവശേഷിച്ച രൂപകൊണ്ട്‌ അരിവാങ്ങി സാധുക്കൾക്കു ദാനം ചെയ്‌തു. ആത്‌മസംതൃപ്‌തിയോടെ ഒരു വൈകുന്നേരം മക്കളും നാട്ടുകാരുമൊരുമിച്ച്‌ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഗോവിന്ദപൈക്ക്‌ നെഞ്ചുവേദന അനുഭവപ്പെട്ടു. കുടിക്കുവാനല്‌പം ചൂടുവെള്ളം ചോദിച്ചു. ഭാര്യ കാപ്പിയുണ്ടാക്കി കൊടുത്തു. കാപ്പി കുടിച്ചുകൊണ്ട്‌ ഗോവിന്ദപൈ കിടക്കയിലേക്കു മറിഞ്ഞു. പിന്നെ സംസാരിച്ചില്ല.

ഭാഗ്യമരണം!

കുളത്തിൽ നിന്ന്‌ വെള്ളം കൊണ്ടുപോകുന്നവർ ഗോവിന്ദപൈയുടെ ആത്‌മശാന്തിക്കായി പ്രാർത്ഥിച്ചു.

കൃഷ്‌ണകൈമൾ കുളിയും ജപവുമായി നടന്നു. ഒരുപകാരവും നാടിനും നാട്ടാർക്കും വേണ്ടി ചെയ്‌തില്ല.

അസൂയക്കാരനായ കൃഷ്‌ണകൈമൾ ബാലന്റെ ഭാവി തകർത്തു. ബാലന്റെ അമ്മ നിത്യവും അയാളെ പിരാകി.

താനൊരു പാപവും ചെയ്‌തിട്ടില്ല. നിത്യവും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ട്‌. തനിക്ക്‌ സ്വർഗ്ഗരാജ്യം ലഭിക്കുമെന്ന്‌ കൈമൾ അവകാശപ്പെട്ടു.

കൃഷ്‌ണകൈമളുടെ അവസാന കാലം രോഗിയായി വളരെ നാൾ കിടന്നു. മക്കളും ഭാര്യയും വേണ്ട രീതിയിൽ ശുശ്രൂഷിക്കാൻ തയ്യാറായില്ല. കിടന്ന്‌ നരകിച്ചയാൾ മരിച്ചു.

ഭക്തി പുറമെ ഉണ്ടായിരുന്നെങ്കിലും കൃഷ്‌ണകൈമൾക്ക്‌ മനഃശുദ്ധി ഉണ്ടായിരുന്നില്ല.

മനഃശുദ്ധിയുള്ളവന്‌ സ്വർഗ്ഗരാജ്യം ലഭിക്കും.

Generated from archived content: ammumayude7.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here