ന്യായവാദം

ഓണവല്ലിയും ഓണപ്പുടവയും വാങ്ങി പുലയരും പറയരും പണിചെയ്‌തിരുന്ന കാലം.

കേശുപിള്ള നാഥനായുള കുടുംബം. നാലുകെട്ടും നടുമുറ്റവുമുള്ള തറവാട്‌. മക്കളും മക്കളുടെ മക്കളുമായി നാലു തലമുറയിൽപെട്ടവർ ആ കുടുംബത്തിൽ താമസിച്ചിരുന്നു.

രാവിലെ കറവക്കാരൻ പശുവിനെ കറന്ന്‌ അടുക്കളയുടെ ഇറയത്ത്‌ പാല്‌ കൊണ്ടുവന്ന്‌ വച്ചു. കേശുപിള്ളക്ക്‌ കാച്ചിക്കൊടുക്കുന്നതിനുവേണ്ടി പാലെടുക്കുവാൻ വന്ന അടുക്കളക്കാരി പാലിരുന്ന പാത്രം മറിഞ്ഞു കിടക്കുന്നതു കണ്ടു.

ഇളം തലമുറയിലെ രാമുവിന്റെ കാലുതട്ടി പാത്രം മറിഞ്ഞതാണെന്ന്‌ മനസ്സിലായി.

വിവരം കേശുപിള്ളയെ ധരിപ്പിച്ചു.

“ആരാടാ പാല്‌ തട്ടിമറിച്ചത്‌?” കേശുപിള്ള ചോദിച്ചു.

“ഞാൻ അടുക്കളയിലേക്കു കടന്നുപോകുമ്പോൾ കാലുതട്ടി പാലുപാത്രം മറിഞ്ഞുപോയതാണ്‌.” രാമു സങ്കടത്തോടെ അറിയിച്ചു.

“നിന്റെ കണ്ണിന്‌ എന്താ പറ്റിയത്‌? പാല്‌ കറന്നുകൊണ്ടുവച്ചിരിക്കുന്നത്‌ കാണാൻ പാടില്ലായിരുന്നോ? ധിക്കാരി.” കേശുപിള്ള രാമുവിനെ വഴക്കു പറഞ്ഞു.

ദിവസങ്ങൾ കുറേ കഴിഞ്ഞു. അന്ന്‌ കറവക്കാരൻ പശുവിനെ കറന്ന്‌ പതിവായി വയ്‌ക്കാറുള്ള സ്‌ഥലത്തു തന്നെ പാൽ കൊണ്ടു വന്ന്‌ വച്ചു. കേശുപിള്ള അടുക്കളയിൽ നിന്ന്‌ പെട്ടെന്ന്‌ ഇറയത്തേക്കു കടന്നപ്പോൾ അബദ്ധവശാൽ കാൽ തട്ടി പാൽപ്പാത്രം മറിഞ്ഞുപോയി.

കേശുപിള്ള കറവക്കാരനേയും വീട്ടിലുള്ള മറ്റുള്ളവരേയും വഴക്കുപറഞ്ഞു.

“മനുഷ്യൻ നടക്കുന്ന വഴിയിലാണൊടാ പശുവിനെ കറന്നു കൊണ്ടു വയ്‌ക്കുന്നത്‌. വേറെ സ്‌ഥലമില്ലേ? നശിപ്പിക്കുവാനായിട്ട്‌ ഓരോന്നു നടക്കുകയാണ്‌.”

ഇതുകേട്ട്‌ രാമുവിന്‌ ചിരിവന്നു. അവന്റെ കാലുകൊണ്ട്‌ പാലിരുന്ന പാത്രം മറിഞ്ഞപ്പോൾ ശകാരം കേൾക്കേണ്ടിവന്നു. അതേ പാത്രത്തിൽ അതേ സ്‌ഥാനത്തിരുന്ന പാല്‌ കേശുപിള്ളയുടെ കാലുകൊണ്ടു മറിഞ്ഞപ്പോൾ വീട്ടിലുള്ളവരെല്ലാം ശകാരം കേൾക്കേണ്ടതായിവന്നു.

വീട്ടിലെ കാരണവരുടെ ന്യായവാദമാണ്‌ നാട്ടിലെ പലരും വച്ചു പുലർത്തുന്നത്‌. പഴി മറ്റുള്ളവരെ ചാരി മിടുക്കനാകുന്ന സ്വഭാവം ഈ സ്വഭാവം നല്ലതല്ല.

Generated from archived content: ammumayude6.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here