ഒരു ഗ്രാമത്തിൽ ഒരു ഭാര്യയും ഭർത്താവും പാർത്തിരുന്നു. അവർക്ക് ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ പേര് മണിക്കുട്ടൻ.
മണിക്കുട്ടന്റെ അമ്മ വലിയ വായാടിയായിരുന്നു. തന്നെ പറ്റിക്കാൻ ആർക്കും കഴിയുകയില്ലെന്ന് ആ സ്‌ത്രീ പലപ്പോഴും വീമ്പുപറയാറുണ്ട്.
ഒരു ദിവസം അരിയും ഉപ്പും മുളകും വാങ്ങാൻ മണിക്കുട്ടനെ കടയിലയച്ചു. അവൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വന്നപ്പോൾ ചന്തയിൽ ചക്കരമിഠായി വില്‌ക്കുന്നതു കണ്ടു. മണിക്കുട്ടന്റെ വായിൽ വെള്ളമൂറി. അമ്മ തല്ലുമെന്നറിയാമെങ്കിലും അവൻ ബാക്കിയുണ്ടായിരുന്ന പൈസ കൊടുത്ത് ചക്കരമിഠായി വാങ്ങി വായിലിട്ട് നുണഞ്ഞുകൊണ്ട് വീട്ടിലേക്കു ചെന്നു.
ചെന്നപാടെ ചക്കരമിഠായി വാങ്ങി പൈസ കളഞ്ഞതിന് അമ്മ മണിക്കുട്ടനെ ശകാരികയും അടിക്കുകയും ചെയ്‌തു. തിന്നു മുടിച്ചു കളയാതെ നാലു പൈസ സമ്പാദിക്കാൻ അമ്മ മകനെ ഉപദേശിച്ചു.
അമ്മയുടെ തല്ലും ശകാരവും മണിക്കുട്ടന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ അത്താഴം കഴിക്കാതെ കയറിക്കിടന്ന് കരഞ്ഞുകരഞ്ഞുറങ്ങി. നേരം വെളുത്തപ്പോൾ മണിക്കുട്ടനെ കണ്ടില്ല. അവൻ വീട് വിട്ടിറങ്ങിപ്പോയി. മുറിയുടെ വാതിൽ തുറന്നു കിടന്നിരുന്നു.
കാണുന്നവരോടെല്ലാം മണിക്കുട്ടനെപ്പറ്റി തിരക്കി. ആരും കണ്ടവരില്ല. കാവിലും അമ്പലത്തിലും വഴിപാടുകൾ നേർന്നു.
മകന്റെ വരവും പ്രതീക്ഷിച്ച് ദിവസവും മണിക്കുട്ടന്റെ അമ്മ കാത്തിരുന്നു. അവർക്ക് ഊണും ഉറക്കവും ഇല്ലാതായി. പണി ചെയ്യുവാൻ താല്‌പര്യം കുറഞ്ഞു. ജീവിതം മടുത്തു. കണ്ണൂനീർ തോർന്നിട്ടു നേരമില്ലാതായി.
അങ്ങനെയിരിക്കെ തന്ത്രശാലിയായ ഒരു കൈനോട്ടക്കാരൻ ആ വഴി വന്നു. മണിക്കുട്ടന്റെ അമ്മയെ കണ്ടമാത്രയിൽ അയാളുടെ കുരുട്ടുബുദ്ധി ഉണർന്നു.
“അമ്മയുടെ മനസ്സിൽ വിലയ ദുഃഖം കടന്നുകൂടിയിട്ടുണ്ടല്ലോ മകൻ വീടുവിട്ടു പോയി അല്ലേ?”
മണിക്കുട്ടൻ അമ്മ അത്‌ഭുതപ്പെട്ടുപോയി. അയാളെങ്ങനെ ഈ വിവരം അറിഞ്ഞു.
മുഖലക്ഷണശാസ്‌ത്രമറിയാമെന്നും കൈ നോക്കി എല്ലാ കാര്യങ്ങളും പറയാമെന്നും അയാളറിയിച്ചു.
മണിക്കുട്ടന്റെ അമ്മ സമ്മതിച്ചു. കൈ നീട്ടി കാണിച്ചുകൊടുത്തു. ഓരോ രേഖയുടെയും പേരുപറഞ്ഞു ഫലം പറഞ്ഞു. കഴിഞ്ഞകാല കാര്യങ്ങൾ പറഞ്ഞത് ചിലതെല്ലാം ശരിയായിരുന്നു. മകൻ പോയകാര്യവും അവനെ തിരിച്ച് വീട്ടിൽ വരുത്താമെന്നു പറഞ്ഞപ്പോൾ അത് അക്ഷരംപ്രതി വിശ്വസിച്ചു.
മകനെ തിരിച്ചു വരുത്തുന്നതിന് പ്രതിഫലമായി കുറേ രൂപ ആവശ്യപ്പെട്ടു. രൂപയില്ലെന്ന് പറഞ്ഞപ്പോൾ വിരലിൽ കിടന്ന മോതിരം ചോദിച്ചു. മകൻ തിരിച്ചുവരുമെങ്കിൽ എന്തുവേണമെങ്കിലും കൊടുക്കാൻ തയ്യാറായ മാതാവ് കൂടുതലൊന്നും ആലോചിക്കാതെ മോതിരം ഊരിക്കൊടുത്തു.
പുറത്തു പോയിരുന്ന ഭർത്താവ് തിരിച്ച് വീട്ടിൽ വന്നപ്പോൾ നടന്ന കാര്യങ്ങളെല്ലാം മണിക്കുട്ടന്റെ അമ്മ അറിയിച്ചു.
മണിക്കുട്ടന്റെ അച്‌ഛൻ ദേഷ്യപെട്ട് ഭാര്യയെ വഴക്കുപറഞ്ഞു വഴിയേ പോകുന്നവരുടെ വാക്കുകേട്ട് സ്വർണ്ണമോതിരം ഊരിക്കൊടുത്തതിന് ഭാര്യയെ കുറ്റപ്പെടുത്തി.
മണിക്കുട്ടന്റെ അമ്മ അലമുറയിട്ടു കരഞ്ഞു.
“എന്റെ മകനും പോയി മോതിരവും നഷ്‌ടപ്പെട്ടു. എന്നെ സമാധാനിപ്പിക്കുവാനും ആരുമില്ലല്ലോ? ദൈവമേ! എന്തൊരു തലവിധി.”
“ഇതുപോലെയുള്ള ചതി നിക്കല്ലാതെ ആർക്കെങ്കിലും പറ്റ്വോ? എന്നിട്ട് കിടന്ന് നിലവിളിച്ചാലെന്താ ഫലം. ഞാനിപ്പോൾ മോതിരം വാങ്ങിക്കൊണ്ടുവരാം. ഞാനാരാ മോൻ? എന്നെപറ്റിച്ചുകൊണ്ട് അവനെവിടെയാണ് പോകുന്നതെന്ന് കാണട്ടെ.”
വീരവാദം മുഴുക്കിക്കൊണ്ട് കൈനോട്ടക്കാരന്റെ ആകൃതിയും പ്രകൃതിയും ചോദിച്ചു മനസ്സിലാക്കി, അയാൾ പോയവഴി ലക്ഷ്യമാക്കി മണിക്കുട്ടന്റെ അച്‌ഛൻ സൈക്കിളിൽ യാത്ര പുറപ്പെട്ടു.
കുറേദൂരം ചെന്നപ്പോൾ കൈനോട്ടക്കാരനെ കണ്ടുമുട്ടി. തടഞ്ഞുനിർത്തി മോതിരത്തിന്റെ കാര്യം ചോദിച്ചു.
“മോതിരം എനിക്കു വേണ്ട. നിങ്ങളുടെ മകൻ ആപത്തൊന്നും കൂടാതെ തിരിച്ചു വീട്ടിൽ വരാൻ ഹോമകർമ്മങ്ങൾ നടത്തുന്നതിനുള്ള ചെലവിനാണ് മോതിരം വാങ്ങിയത്. മകനെ നിങ്ങൾക്കു വേണ്ടെങ്കിൽ മോതിരം തിരിച്ചുതരാം? മകനേക്കാൾ വലുതാണോ മോതിരം.?”
“നിന്റെ തട്ടിപ്പൊന്നും എന്റെ അടുത്ത് ചെലവാകുകയില്ല കേട്ടോ? മോതിരമെവിടെ മര്യാദക്ക് മോതിരം താ”.
“അത് വരുന്ന വഴിക്ക് കാണുന്ന സ്വർണ്ണക്കടയിൽ കൊടുത്തു അവിടെ നിന്നും വാങ്ങിത്തരാം.”
ഇരുവരും സംസാരിച്ചുകൊണ്ട് സ്വർണ്ണക്കടയിലേക്കു നടന്നു. അല്‌പദൂരം ചെന്നപ്പോൾ കൈനോട്ടക്കാരൻ പറഞ്ഞു.
“എന്തിനാണ് സൈക്കിൾ തള്ളി കഷ്‌ടപ്പെടുന്നത്? ഞാൻ ചവിട്ടാം നിങ്ങൾ പുറകിൽ കയറിയിരുന്നോ?”
കൈനോട്ടക്കാരൻ സൈക്കിൽ വാങ്ങി ചവിട്ടി. മണിക്കുട്ടന്റെ അച്‌ഛൻ പുറകിൽ കയറാൻ ശ്രമിച്ചപ്പോൾ കൈനോട്ടക്കാരൻ ധൃതിയിൽ ചവിട്ടി മുമ്പോട്ടുപോയി.
“സൈക്കിൾ മകന്റെ കൈയിൽ കൊടത്തയയ്‌ക്കാം. മകൻ വടക്കൊരിടത്തുണ്ട്.” പോകുന്ന വഴി അയാൾ വിളിച്ചു പറഞ്ഞു.
“സൈക്കിൾ ഞാൻ തന്നയച്ചതാണെന്നു പറഞ്ഞുകൊണ്ട് മണിക്കുട്ടന് കൊടുത്തേയ്‌ക്കുക.” ചതി പറ്റിയ കാര്യം മറ്റുള്ളവർ അറിയാതിരിക്കാൻ വേണ്ടി മണിക്കുട്ടന്റെ അച്‌ഛൻ ഉറക്കെ പറഞ്ഞുകൊണ്ട് വീട്ടിലേക്കു നടന്നു.
തനിക്കു പറ്റിയ അക്കിടി എങ്ങനെ ഭാര്യയുടെ അടുത്തുചെന്നു പറയും. ഭാര്യയെ കുറ്റം പറഞ്ഞുവന്ന തനിക്കും അമളി പറ്റിയല്ലോ എന്നോർത്തു ദുഃഖിച്ചു.
Generated from archived content: ammumayude5.html Author: sathyan_thannipuzha