ഉപകാരസ്‌മരണ

പാറക്കടവിന്റെ കരയിൽ ഒരു ചെറിയ പുരയിൽ ഒരലക്കുകാരനും കുടുംബവും പാർത്തിരുന്നു. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്യാൻ കിട്ടുന്ന സന്ദർഭം അയാളൊരിക്കലും പാഴാക്കാറില്ല. അതുമൂലം അലക്കുകാരൻ നാട്ടുകാർക്കു വേണ്ടപ്പെട്ടവനായി മാറി.

അയാൾക്ക്‌ അഴുക്കുതുണികൾ കൊണ്ടുവരുന്നതിനും അലക്കിയ വസ്‌ത്രങ്ങൾ കൊണ്ടുപോയി കൊടുക്കുന്നതിനും ഒരു കഴുതയുണ്ടായിരുന്നു.

ഒരു ദിവസം കഴുത അലക്കുകാരന്റെ വീട്ടിൽ നിന്നു പോയി അയൽപക്കത്തെ അയ്യപ്പന്റെ പറമ്പിൽ നട്ടിരുന്ന പയർ തിന്നു.

കഴുത പയർ തിന്നുന്നതു കണ്ട്‌ അയ്യപ്പന്‌ ദേഷ്യം വന്നു. അയാൾ കഴുതയെ വടിയെടുത്തടിച്ചു. അടിയേറ്റ്‌ കഴുതയുടെ കാലൊടിഞ്ഞു. എഴുന്നേല്‌ക്കാൻ വയ്യാതെ പാവം താഴെ വീണു. കഴുത പിടയുന്നതു കണ്ടപ്പോൾ ചെയ്‌തതു തെറ്റായിപ്പോയെന്ന്‌ അയ്യപ്പനു തോന്നി. അയാൾ അവിടെനിന്ന്‌ മുങ്ങി.

അലക്കുകാരൻ കാണാതായ കഴുതയെ അന്വേഷിച്ചു നടന്നു. അയ്യപ്പന്റെ പറമ്പിൽ കിടന്ന്‌ കഴുത കരയുന്നതു കേട്ടു. അലക്കുകാരൻ കഴുതയുടെ കരച്ചിൽ കേട്ട സ്‌ഥലത്ത്‌ ചെന്നു നോക്കി. കഴുത കാലൊടിഞ്ഞു കിടക്കുന്നതു കണ്ട്‌ അയാൾക്ക്‌ സങ്കടം വന്നു.

അലക്കുകാരൻ അയ്യപ്പന്റെ വീട്ടിൽ ചെന്ന്‌ ബഹളമുണ്ടാക്കി. അയ്യപ്പനെ അവിടെയങ്ങും കണ്ടില്ല. അയാളുടെ ഭാര്യയും അലക്കുകാരനും തമ്മിൽ വലിയ വഴക്കായി. വഴക്കും ബഹളവും കേട്ട്‌ അയൽക്കാർ ഓടിക്കൂടി.

വന്നവർ അയ്യപ്പനെ അന്വേഷിച്ചു.

“തെറ്റു ചെയ്‌തതുകൊണ്ട്‌ ഒളിച്ചിരുന്നാൽ കാര്യമില്ല. ഇറങ്ങിവാട ഇവിടെ” ചിലർ വിളിച്ചു പറഞ്ഞു.

ആരോ അയ്യപ്പനെ വിളിച്ചുകൊണ്ടുവന്നു. നാട്ടുകാരുടെ മദ്ധ്യസ്‌ഥതയിൽ പ്രശ്‌നം ഒത്തുതീർക്കാൻ നിശ്‌ചയിച്ചു.

നാട്ടുകാർക്കെല്ലാം ജാതിമതഭേദമന്യേ വേണ്ടപ്പെട്ടവനായിരുന്നു അലക്കുകാരൻ. എല്ലാവരുടേയും വസ്‌ത്രങ്ങൾ കൃത്യസമയത്ത്‌ അലക്കിക്കൊടുത്തുകൊണ്ടിരുന്നതു കാരണം നാട്ടുകാർക്ക്‌ അലക്കുകാരനെ വലിയ കാര്യമായിരുന്നു.

“അലക്കുകാരന്‌ കഴുതയില്ലാതെ വേണ്ടസമയത്ത്‌ ആളുകളുടെ വീടുകളിൽ വസ്‌ത്രങ്ങൾ എത്തിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടയാൾക്ക്‌ നഷ്‌ടപരിഹാരം കൊടുക്കണം.” നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു.

കഴുതയുടെ കാൽ സുഖമായി നടന്നു തുടങ്ങുന്നതുവരെ എല്ലാ വീടുകളിലും അലക്കിയ വസ്‌ത്രങ്ങൾ അയ്യപ്പൻ കൊണ്ടുപോയി കൊടുക്കണമെന്നും നാട്ടുകാർ തീരുമാനിച്ചു.

അലക്കുകാരൻ നാട്ടുകാരുടെ തീരുമാനം അംഗീകരിച്ചു. അയ്യപ്പൻ എതിർത്തെങ്കിലും പ്രയോജനമുണ്ടായില്ല. നാട്ടുകാരുടെ ഏകകണ്‌ഠമായ തീരുമാനം അനുസരിക്കേണ്ടിവന്നു.

അയ്യപ്പൻ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ നാട്ടുകാരിൽ ചിലർ പറഞ്ഞു. “തന്നേക്കൊണ്ട്‌ നാട്ടുകാർക്കെന്നാ ഉപകാരം? നൂറുരൂപ തന്നോടു വായ്‌പ മേടിച്ചാൽ അഞ്ചുരൂപ പലിശ തരണ്ടെ. മരിക്കാൻ പോകുന്ന രോഗിക്ക്‌ മരുന്ന്‌ വാങ്ങാനാണെന്നു പറഞ്ഞാലും പലിശയില്ലാതെ താൻ പത്തുരൂപ കടം തരുമോ? അലക്കുകാരൻ അങ്ങനെയാണോ അയാളെക്കൊണ്ട്‌ നാട്ടുകാർക്ക്‌ പല ഉപകാരങ്ങളുമുണ്ട്‌.

നാട്ടുകാരുടെ സഹകരണമില്ലെങ്കിൽ നാട്ടിൽ രക്ഷയില്ലെന്ന്‌ അയ്യപ്പന്‌ മനസ്സിലായി. താൻ പലിശയ്‌ക്കുവേണ്ടി മനുഷ്യത്വമില്ലാത്ത രീതിയിൽ നാട്ടുകാരോടു പെരുമാറിയതുകൊണ്ടാണ്‌ സന്ദർഭം വന്നപ്പോൾ അവർ തന്നെ ഒറ്റപ്പെടുത്താൻ കാരണമെന്ന്‌ ബോദ്ധ്യമായി.

അലക്കുകാരന്‌ നാട്ടിൽ വിരോധികളില്ല. അയാൾ കഴിയുന്ന സഹായങ്ങളെല്ലാം നാട്ടുകാർക്ക്‌ ചെയ്യാറുമുണ്ട്‌. അതുകൊണ്ട്‌ സന്ദർഭം ലഭിച്ചപ്പോൾ അലക്കുകാരനെ സഹായിക്കുവാൻ നാട്ടുകാർ സന്നദ്ധരായി.

കഴുത അയ്യപ്പന്റെ പയറു തിന്നതിന്‌ നഷ്‌ടപരിഹാരം കൊടുക്കണമെന്ന്‌ പറയാൻ നാട്ടിലൊരുത്തൻപോലും ഉണ്ടായതുമില്ല.

Generated from archived content: ammumayude4.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English