കാട്ടുനീതി

നാഗപ്പന്‍ ഭാര്യയോടൊപ്പമൊരു ഗ്രാമത്തില്‍ താമസിച്ചിരുന്നു. അയാള്‍ക്ക് ഒരു കുതിരയും കുതിരവണ്ടിയും ഉണ്ടായിരുന്നു . വണ്ടിയില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടു പോയി കിട്ടുന്ന വരുമാനം കൊണ്ട് അയാളുടെ കൊച്ചു കുടുംബം അല്ലലറിയാതെ ജീവിച്ചു.

ഒരു ദിവസം സവാരി കഴിഞ്ഞു വന്ന നാഗപ്പന്‍ കുതിരയെ അഴിച്ചു വിട്ടു. കുതിര കണ്ടവന്റെ പറമ്പിലെല്ലാം കയറിനടന്നു. ഗ്രാമത്തലവന്റെ പറമ്പില്‍ മുട്ടിനൊപ്പം കറുകപ്പുല്ലു നില്‍ക്കുന്നതു കണ്ട് കുതിര ആര്‍ത്തിയോടെ കടന്നു തിന്നുവാന്‍ തുടങ്ങി. പുല്ലു തിന്നു നടന്ന കുതിര പറമ്പിന്റെ നടുവിലുണ്ടായിരുന്ന കിണറ്റില്‍ വീണു.

നാഗപ്പന്‍ കുതിരയെ കാണാതെ അന്വേഷിച്ചു നടന്നു. ഗ്രാമത്തലവന്റെ പറമ്പിലെ കിണറ്റില്‍ കുതിര വീണ വിവരം കുട്ടികള്‍ പറഞ്ഞു നാഗപ്പന്‍ അറിഞ്ഞു.

നാഗപ്പന്‍ അലമുറയിട്ടുകൊണ്ട് കിണറ്റിന്റെ അരികിലേക്ക് ഓടിച്ചെന്നു. വിവരം കേട്ടറിഞ്ഞു ഗ്രാമത്തലവനും ഭൃത്യന്മാരും കിണറിനടുത്തെത്തി. കുതിര കിണറ്റില്‍ കിടന്നു നീന്തിത്തുടിക്കുന്നതു കണ്ടു.

ഗ്രാ‍മത്തലവന്‍ ഭൃത്യനെ അയച്ച് നീളമുള്ള രണ്ടു കയറും ഉടന്‍ വരുത്തി. ഏണി കിണറ്റിലിറക്കി .ഒരാള്‍ കയറുമായി ഏണി വഴി ഇറങ്ങി. കുതിരയുടെ കഴുത്തിലും ഉടലിലും കയറു കെട്ടി. മുകളില്‍ വന്ന് ഏണി മാറ്റി കപ്പി വഴി കയറിട്ട് ആളുകള്‍ കൂടി കുതിരയെ വലിച്ചു കരക്കു കയറ്റി. ഗ്രാമത്തലവന്‍ നാഗപ്പനെ അരികില്‍ വിളിച്ചു കല്‍പ്പിച്ചു:

‘’ മേലില്‍ കുതിരയെ കെട്ടിയിട്ട് തീറ്റ കൊടുക്കണം. അഴിച്ചു വിട്ട് നാട് മുടിപ്പിക്കരുത്. കുടിക്കുന്ന വെള്ളം കുതിര ചാടി മലിനമായതുകൊണ്ട് കിണറു തേകി വറ്റിച്ച് ശുദ്ധമാക്കിത്തരണം.

നാഗപ്പന് ഗ്രാമത്തലവന്‍ പറയുന്നതനുസരിക്കാതെ വേറെ പോംവഴിയൊന്നുമില്ലായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഗ്രാമത്തലവന്റെ കുതിര കെട്ടഴിഞ്ഞു പോയി ഗ്രാമത്തിലൂടെ നടന്ന് അത് നാഗപ്പന്റെ കിണറ്റില്‍ ചെന്ന് വിണു. വിവരം നാ‍ട്ടുകാര്‍ ഗ്രാമത്തലവനെ അറിയിച്ചു.

ഗ്രാമത്തലവന്‍ ഭൃത്യന്മാരോടു കൂടി നാഗപ്പന്റെ കിണറിനരികില്‍ വന്നു. കുതിര കിണറ്റില്‍ കിടക്കുന്നതു കണ്ടു.

അല്‍പ്പം പോലും സമയം പാഴാക്കാതെ ഭൃത്യന്മാര്‍ കുതിരയെ കര‍ക്കു കയറ്റി.

‘’ അരമതിലില്ലാത്ത കിണറായതുകൊണ്ടാണു കുതിര കിണറ്റില്‍ വീണത് . മതിലുണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. തന്റെ കുതിര കിണറ്റില്‍ വീണ് കേടു പറ്റിയതിന് നൂറു രൂപ നഷ്ടപരിഹാരം നല്‍കണം”

’ഗ്രാമത്തലവന്‍ നാഗപ്പനോടു പറഞ്ഞു. നാഗപ്പന്റെ കുതിര ഗ്രാമത്തലവന്റെ കിണറ്റില്‍ വീണപ്പോള്‍ വെള്ളം മലിനമാക്കിയതിന് നാഗപ്പനെ കുറ്റക്കാരനാക്കി.

ഗ്രാമത്തലവന്റെ കുതിര നാഗപ്പന്റെ കിണറ്റില്‍ വീണപ്പോള്‍ കിണറിനരമതില്‍ കെട്ടാത്തതിന്റെ പേരില്‍ നാഗപ്പന്‍ തന്നെ കുറ്റക്കാരനായി.

ഇതു കാട്ടുനീതിയാണെന്ന് നാഗപ്പന്‍ വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല. എതിര്‍ കക്ഷി ഗ്രാമത്തലവനല്ലേ?

അന്നു മുതല്‍ക്കാണ് നാട്ടില്‍ കിണറായ കിണറിനെല്ലാം അരമതില്‍ കെട്ടാന്‍ തുടങ്ങിയത്.

Generated from archived content: ammumayude25.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here