കുഞ്ഞന്‍ ഭാര്യയും മക്കളുമൊരുമിച്ച് ഒരു ഗ്രാമത്തില്‍ താമസിച്ചിരുന്നു. ഒരു ദിവസം രാവിലെ കുഞ്ഞന്റെ ഭാര്യ പ്ലാവില പെറുക്കാന്‍ വരിക്കപ്ലാവിന്റെ ചുവട്ടില്‍ ചെന്നു. അപ്പോള്‍ അവിടെ ഒരു കറുത്ത കാള കയറുപൊട്ടിച്ച് വന്ന് പഴുത്ത പ്ലാവില പെറുക്കി തിന്നുന്നതു കണ്ടു.
കാളയെ കണ്ടവര്‍ ഓടിച്ചെന്ന് കുഞ്ഞനോട് വിവരം പറഞ്ഞു. കുഞ്ഞന്‍ വന്ന് കാളയെ പിടിച്ച് അടുത്തു നിന്ന കാഞ്ഞിരത്തില്‍ കെട്ടിയിട്ടു.
കണ്ടവരോടെല്ലാം കയറു പൊട്ടിച്ചു വന്ന കാളയെപറ്റി സംസാരിച്ചു. ആരും ഉടമസ്ഥാവകാശം പറഞ്ഞുകൊണ്ട് കാളയെ കൊണ്ടുപോകാന്‍ വന്നില്ല.
അന്യന്റെ കാളയെ തനിക്കു വേണ്ട തനിക്കൊരു കാളവന്നു കിട്ടിയ വിവരം കുഞ്ഞന്‍ ഗ്രാമത്തലവനെ അറിയിച്ചു. ഗ്രാമത്തലവന്‍ നാനാഭാഗത്തും വിവരമറിയിച്ച് കാളയുടെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ കുഞ്ഞനോട് പറഞ്ഞു. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഉടമസ്ഥന്‍ തെളിവു സഹിതം വന്നാവശ്യപ്പെട്ടില്ലങ്കില്‍ ,കാളയെ വിറ്റ് രൂപയെടുത്ത് അഞ്ചായി ഭാഗിച്ച് ഒരു വീതം കുഞ്ഞനോടെടുത്തുകൊള്ളുവാനും ബാക്കി നാലു വീതം നാലാള്‍ക്ക് ദാനം ചെയ്തുകൊള്ളുവാനും ഗ്രാമത്തലവന്‍ കല്‍പ്പിച്ചു.
ഗ്രാമത്തലവന്റെ കല്‍പ്പനകേട്ട് കുഞ്ഞന്‍ നാല്‍ക്കവലയിലും നാലാള്‍ കൂടുന്നിടത്തും ചെന്ന് ഉറക്കെ പറഞ്ഞു തുടങ്ങി.
‘’ആരുടേയെങ്കിലും …..’‘
കുഞ്ഞന്റെ ശബ്ദം കേട്ടവര്‍ തിരിഞ്ഞു നോക്കി. അപ്പോള്‍ കുഞ്ഞന്‍ തിരിഞ്ഞു നിന്നുകൊണ്ട് അവര്‍ കേള്‍ക്കാതെ പതുക്കെ പറഞ്ഞു:‘ ഒരു കാളയെ കാണാതായിട്ടുണ്ടോ?’‘ ഇങ്ങനെ പല പ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ച് പറഞ്ഞുകൊണ്ട് നടന്നു. കുഞ്ഞന്‍ വിളിച്ചു പറഞ്ഞു കൊണ്ടു നടന്ന വാചകത്തിന്റെ ആദ്യഭാഗമല്ലാതെ ‘’ ഒരു കാളയെ കാണാതായിട്ടുണ്ടോ?’‘ എന്നു പറഞ്ഞത് ആരും കേട്ടില്ല .’‘ ആരുടെയെങ്കിലും ‘’ എന്നു പറഞ്ഞത് പലരും കേള്‍ക്കുകയും ചെയ്തു.
ആരും കാളക്ക് അവകാശം ഉന്നയിച്ചു വന്നില്ല. പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞന്‍ ഗ്രാമത്തലവന്റെ മുന്നില്‍ വന്നു പറഞ്ഞു. ‘’കാളയുടെ ഉടമസ്ഥനെ അന്വേഷിച്ച് ഒരു പാടു നടന്നു. ഗ്രാമം മുഴുവനും വിളിച്ച് പറഞ്ഞ്കൊണ്ടു നടന്നിട്ടും ആരും കാളയെ അന്വേഷിച്ചു വന്നില്ല.’‘ തന്റെ മുന്‍ തീരുമാനമനുസരിച്ച് കാളയെ വിറ്റുകൊള്ളാന്‍ ഗ്രാമത്തലവന്‍ അനുവദിച്ചു. കുഞ്ഞന്‍ ചന്തയില്‍ കൊണ്ടുപോയി കാളയെ അഞ്ഞൂറുരൂപയ്ക്കു വിറ്റു. തുക അഞ്ചായി ഭാഗിച്ചു. തന്റെ വീതം നൂറു രൂപ കുഞ്ഞനെടുത്തു. ബാക്കിയുള്ള നാലു വീതത്തില്‍ ഒരു വീതം തന്റെ ഭാര്യക്ക് ദാനം കൊടുത്തു.മറ്റു മൂന്നു വീതം മൂന്നു മക്കള്‍ക്കും ദാനം കൊടുത്തു. ഗ്രാമത്തലവന്റെ അടുത്തു ചെന്ന് കാളയെ അഞ്ഞൂറുരൂപക്ക് വിറ്റ് അഞ്ചായി ഭാഗിച്ച് നാലു വീതം ദാനം ചെയ്ത കാര്യം പറഞ്ഞു. ആര്‍ക്കാണ്‍ ദാനം ചെയ്തതെന്ന് ഗ്രാമത്തലവന്‍ അന്വേഷിച്ചുമില്ല.
Generated from archived content: ammumayude22.html Author: sathyan_thannipuzha
Click this button or press Ctrl+G to toggle between Malayalam and English