പാത്തുമ്മയും മക്കളും പിന്‍വശത്ത് വരാന്തയിലിരുന്ന് ചക്കപ്പഴം തിന്നുകൊണ്ടിരുന്ന നേരത്ത് മഹിളാസമാജം പ്രവര്‍ത്തകരായ ചിന്നമ്മയും കൂട്ടരും അവിടെ വന്നു.
പാത്തുമ്മ ചക്കപ്പഴം തിന്നാന്‍ അവരെ ക്ഷണിച്ചു. അവര്‍ മടികൂടാതെ ക്ഷണം സ്വീകരിച്ചു. ചക്കപ്പഴം തിന്നാന്‍ തുടങ്ങുന്നതിനു മുന്‍പ് ചിന്നമ്മ കണ്ണടയെടുത്ത് തിണ്ണയില്‍ വച്ചു. ചക്കപ്പഴം തിന്നെഴുനേറ്റെല്ലാവരും മുന്‍വശത്തെ മുറിയില്‍ വന്നിരുന്നു മഹിളാസമാജത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
ചക്കപ്പഴത്തിന്റെ മണം കേട്ട് പട്ടിവന്നു മടലു തിന്നു. മടലു തിന്നുകൊണ്ടിരുന്ന പട്ടിയുടെ ചുണ്ടില്‍ വെളിഞ്ഞീന്‍ ആയി വെളിഞ്ഞീന്‍ കളയാന്‍ പട്ടി കണ്ടിടത്തെല്ലാം ചുണ്ടിട്ടുരച്ചു. അങ്ങിനെ ഉരച്ചു ചെന്ന പട്ടിയുടെ ചുണ്ട് കണ്ണടയില്‍ ചെന്നു മുട്ടി. കണ്ണട പട്ടിയുടെ ചുണ്ടില്‍ ഒട്ടിപിടിച്ചു.
മടല്‍ കൊത്തിയെടുത്തു പറന്നു പോയ കാക്കയുടെ പിന്നാലെ പട്ടി കണ്ണടയും കൊണ്ട് പാഞ്ഞു. പോകുന്ന വഴി കണ്ണട കല്ലുവെട്ടാം മടയില്‍ വീണു.
ചിന്നമ്മയും കൂട്ടരും പാത്തുമ്മയോടു സംഭാവനയും വാങ്ങി ഇറങ്ങി അടുത്ത വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് കണ്ണടയുടെ കാര്യം ഓര്‍ത്തത്. തിരിച്ചു വന്ന് കണ്ണട വച്ചിരുന്ന സ്ഥലത്തു നോക്കി. കണ്ണട കണ്ടില്ല.
ചിന്നമ്മയുടെ കണ്ണട കാണാതായ വിവരം അയല്പക്കത്ത് വാടകക്ക് താമസിച്ചിരുന്ന മഷിനോട്ടക്കാരി മാധവി അറിഞ്ഞു. ഏഷണിയും കുശുമ്പും പറഞ്ഞ് നാട്ടുകാരെ തമ്മില്‍ തല്ലിച്ചുകൊണ്ട് നടന്നിരുന്ന മാധവിയും പാത്തുമ്മയും തമ്മില്‍ വഴക്കായിരുന്നു. ഈ സന്ദര്‍ഭം മുതലാക്കി പാത്തുമ്മയെ കുറ്റക്കാരിയാക്കാന്‍ മാധവി തീരുമാനിച്ചു.
മഷി നോക്കി കണ്ണട പോയ വഴി കാണിച്ചു തരാമെന്ന് മാധവി ചിന്നമ്മയോട് പറഞ്ഞു.
ചിന്നമ്മ സമ്മതിച്ചു.
മാധവി മഷി നോക്കി പറഞ്ഞു” പാത്തുമ്മയാണു കണ്ണട മാറ്റിയിരിക്കുന്നത്. അന്വേഷിച്ചതുകൊണ്ട് കാര്യമില്ല കണ്ണട കിട്ടുകയില്ല.”
ചെയ്യാത്ത കുറ്റത്തിന് ചീത്തപ്പേരു കേള്‍ക്കേണ്ടി വന്നതില്‍ പാത്തുമ്മക്ക് മനപ്രയാസമുണ്ടായി. പാത്തുമ്മ ദൈവത്തെ വിളിച്ച് കണ്ണട കാണിച്ചു തരണമെന്ന് ഹൃദയം നൊന്ത് പ്രാര്‍ഥിച്ചു.
ദൈവം പ്രാര്‍ഥന കൈകൊണ്ടു.
അടുത്ത ദിവസം ആടിനെ തീറ്റാന്‍ പോയ കുട്ടികള്‍ കല്ലുവെട്ടാം മടയില്‍ വെളിഞ്ഞീനായ കണ്ണട കിടക്കുന്നതു കണ്ടു. അവര്‍ അതെടുത്തുകൊണ്ടവന്ന് ചിന്നമ്മയെ ഏല്പ്പിച്ചു.
മഷിനോട്ടക്കാരി മാധവി തിരിച്ചു കിട്ടുകയില്ലെന്നു പറഞ്ഞ കണ്ണട കിട്ടിയപ്പോള്‍ നാട്ടുകാര്‍ മാധവിയെ കളിയാക്കി. നാട്ടുകാരും മാധവിയും ഒന്നും രണ്ടും പറഞ്ഞ് വഴക്കു കൂടി.
പാത്തുമ്മയെ കുറ്റക്കരിയാക്കാന്‍ നോക്കിയ മാധവിയെ നാട്ടുകാര്‍ നാട്ടില്‍ നിന്നും ഓടിച്ചു.
നാട്ടുകാരുടെ സഹകരണമില്ലെങ്കില്‍ നാട്ടില്‍ രക്ഷയില്ലെന്ന് മാധവിക്ക് ബോധ്യമായി.
”താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ ചാടും” എന്നാണല്ലോ പഴമൊഴി.
Generated from archived content: ammumayude21.html Author: sathyan_thannipuzha