സമർത്ഥൻ

പരമാനന്ദ സ്വാമികളുടെ ഗുരുകുലത്തിൽ മൂന്നു കുട്ടികൾ വിദ്യ അഭ്യസിച്ചു വന്നു.

ഒരുനാൾ ഗുരു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു.

ശിഷ്യരെ, നിങ്ങൾ ഇവിടെ വന്നിട്ട്‌ വർഷങ്ങൾ പലതു കഴിഞ്ഞു. നിങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയായി. ഇനി നിങ്ങളുടെ ബുദ്ധിപരമായ കഴിവുകൾ ഒന്നു പരീക്ഷിച്ചു നോക്കണം. അതിൽ വിജയിക്കുന്ന ക്രമത്തിൽ നിങ്ങളെ പറഞ്ഞയ്‌ക്കാം.

‘എന്താണ്‌ ഗുരോ, പരീക്ഷണം?“ ശിഷ്യന്മാർ മൂവരും ഒരുമിച്ചു ചോദിച്ചു.

”അതെല്ലാം സമയമാകുമ്പോൾ പറയാം. നിങ്ങൾ ധൃതികൂട്ടിയതുകൊണ്ട്‌ കാര്യമില്ല. കുറച്ചു താമസം വരും.“ ഗുരു പുഞ്ചിരി തൂകിക്കൊണ്ട്‌ അരുൾ ചെയ്‌തു.

കുറച്ചുനാൾ കഴിഞ്ഞ്‌ ഒരു ദിവസം രാവിലെ ഗുരു ഒന്നാമത്തെ ശിഷ്യനെ വിളിച്ചു പറഞ്ഞു.

”ഞാൻ ഇന്ന്‌ ഊരു ചുറ്റാൻ പോവുകയാണ്‌. രാത്രി അത്താഴത്തിന്‌ തിരിച്ചെത്തും. ഇന്നത്തെ ആഹാരത്തിന്‌ വേണ്ടത്‌ നീ ചെയ്‌തു കൊള്ളണം. ഇവിടെ ഒരു മണി അരിപോലുമില്ല. അഞ്ചു നാളികേരമുണ്ട്‌.“

ശിഷ്യൻ ഗുരു പറഞ്ഞത്‌ ശ്രദ്ധാപൂർവ്വം കേട്ടു. എന്തുചെയ്യണമെന്ന്‌ അയാൾക്ക്‌ ഒരു നിശ്ചയവുമുണ്ടായില്ല. ആഹാരമുണ്ടാക്കാൻ ഒരു മാർഗ്ഗവും അയാൾ കണ്ടെത്തിയില്ല.

ആശ്രമത്തിൽ അത്താഴത്തിന്‌ ഗുരു തിരിച്ചെത്തി. ശിഷ്യൻ അത്താഴം വച്ചിരുന്നില്ല. നാളികേരവും വച്ചുകൊണ്ട്‌ ചുമ്മാ ഇരുന്നു.

ഗുരുവിന്‌ കോപം വന്നു. നാളികേരം വിറ്റ്‌ അരി വാങ്ങി അത്താഴം വയ്‌ക്കാതിരുന്നതിന്‌ ശിഷ്യനെ വഴക്കു പറഞ്ഞു.

തന്നോട്‌ നാളികേരം വില്‌ക്കാൻ പറഞ്ഞിരുന്നില്ലെന്ന്‌ ശിഷ്യൻ പരാതിപ്പെട്ടു.

ശിഷ്യന്റെ മുടന്തൻ ന്യായങ്ങൾ ഗുരുവിന്‌ ഇഷ്‌ടപ്പെട്ടില്ല. ഗുരുവിന്‌ ആഹാരമുണ്ടാക്കി വയ്‌ക്കാൻ ശിഷ്യൻ ബാദ്ധ്യസ്‌ഥനായിരുന്നു. അയാൾ അതുചെയ്‌തില്ല. കൃത്യവിലോപം കാണിച്ച ശിഷ്യനെ അരികിൽ വിളിച്ച്‌ സന്ദർഭത്തിനൊത്ത്‌ പ്രവർത്തിക്കാൻ ഗുരു ഉപദേശിച്ചു.

പിറ്റേദിവസം രണ്ടാമത്തെ ശിഷ്യനെ വിളിച്ച്‌ ആശ്രമത്തിന്റെ ചുമതല ഏല്‌പിച്ചുകൊണ്ടു ഗുരു ഊരു ചുറ്റാൻ പോയി. അയാൾക്കും അഞ്ചു നാളികേരം കൊടുത്തുകൊണ്ടാണ്‌ ഗുരു പോയത്‌, അരിയോ മറ്റു സാധനങ്ങളോ ഉണ്ടായിരുന്നില്ല. അത്താഴമുണ്ണാൻ ഗുരു തിരിച്ചു വരുമെന്നും പറഞ്ഞു.

രണ്ടാമത്തെ ശിഷ്യൻ നാളികേരം പൊതിച്ചു കടയിൽ കൊണ്ടുപോയി വിറ്റു. കിട്ടിയ രൂപകൊണ്ട്‌ അരി വാങ്ങി. അരികൊണ്ടുവന്നു പൊതിമടലു കത്തിച്ചു വേവിച്ചു. ഗുരു അത്താഴം ശിഷ്യന്മാരൊന്നിച്ചു കറിയില്ലാതെ കഴിച്ചു.

പിറ്റേ ദിവസവും നേരം പുലർന്നപ്പോൾ ഗുരു ഊരുചുറ്റാൻ പോയി. മൂന്നാത്തെ ശിഷ്യനെ വിളിച്ചു. അഞ്ചുനാളികേരം കൊടുത്തുകൊണ്ട്‌ മറ്റു രണ്ടു ശിഷ്യന്മാരോടും പറഞ്ഞതുപോലെ മൂന്നാമത്തെ ശിഷ്യനോടും പറഞ്ഞു.

ശിഷ്യൻ നാളികേരം പൊതിച്ച്‌ കടയിൽ കൊടുത്തു അരി വാങ്ങി. പൊതിമടൽ കയറു പിരിക്കുന്നിടത്തു വിറ്റ്‌ ഉപ്പും മുളകും വാങ്ങി. മുരിങ്ങയിലയും മുള്ളൻചീരയിലയും പറിച്ചെടുത്ത്‌ രണ്ടുതരം ഇലക്കറികളും ഉണ്ടാക്കി. അരിയും കറികളും ചുള്ളിക്കമ്പുകളും കരിയിലയും പെറുക്കി കത്തിച്ചു വേവിച്ചു. ഗുരു ഊരു ചുറ്റി വന്ന്‌ കുളിച്ച്‌ ശിഷ്യന്മാരുമൊരുമിച്ച്‌ ഊണു കഴിച്ചു. ഗുരുവിന്‌ സന്തോഷമായി.

ഗുരു ശിഷ്യനെ അരികിൽ വിളിച്ച്‌ പറഞ്ഞു. ”നീ നമ്മുടെ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു. നീ സമർത്ഥൻ തന്നെ.“

Generated from archived content: ammumayude20.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English