അവസരബുദ്ധി

ഒരു കുറുക്കൻ വിശന്നു പൊരിഞ്ഞ്‌ ആഹാരം തേടി നടന്നു. ഒരു പുഴയുടെ തീരത്തു ചെന്നപ്പോൾ മറുകരയിൽ കാക്കകൾ കാ…..കാ….. എന്നു കരഞ്ഞുകൊണ്ടു വട്ടമിട്ടു പറക്കുന്നതു കണ്ടു.

ഏതെങ്കിലും ജന്തുക്കൾ ചത്തു കിടക്കുന്നുണ്ടാകും. അല്ലെങ്കിൽ കാക്കകൾ കൂട്ടുകാരെ വിളിച്ച്‌ ഇങ്ങനെ കരയുകയില്ല.

കുറുക്കൻ മനസ്സിൽ വിചാരിച്ചു.

ഇക്കരയിലിരുന്ന കാക്കകളും മറ്റു കാക്കകളുടെ കരച്ചിൽ കേട്ട്‌ അക്കരക്കു പറന്നു.

അവിടെ ചത്തു കിടന്ന മൃഗത്തിന്റേ മേലിരുന്ന്‌ കൊത്തിവലിച്ചു ഭക്ഷിക്കാൻ തുടങ്ങി.

കണ്ടുനിന്ന കുറുക്കന്‌ കൊതി മൂത്തു. എങ്ങനെയെങ്കിലും മറുകരയിലെത്തണമെന്ന ചിന്തയായി.

പുഴ നീന്തി കടക്കാനുള്ള മാർഗ്ഗം ആരാഞ്ഞ്‌ മുരണ്ടുകൊണ്ട്‌ അവൻ പുഴയുടെ തീരത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുറുക്കന്റെ ശബ്‌ദം കേട്ട്‌ പുഴയിൽ താമസിച്ചിരുന്ന മുതല തല ഉയർത്തി നോക്കി.

“എന്താ കുറുക്കച്ചാ ഇങ്ങനെ വട്ടോം നീളോം ഓടുന്നത്‌?”

“എനിക്കൊന്നക്കരെ പോണല്ലൊ മുതലയച്ചാ, എന്താ മാർഗ്ഗം?”

“എന്തിനാ കുറുക്കച്ചാ അക്കരെ പോകുന്നത്‌?”

ഓ….. അതോ ഒരു പെണ്ണുകാണാനാ.

“എനിക്കും ഒരു പെണ്ണിനെ ശട്ടം കെട്ടി തരാമോ? എന്നാൽ ഞാൻ അക്കരെ കൊണ്ടുപോയി ആക്കാം.

ഓ…. അതിനെന്താ….. ഈ പുഴയുടെ അക്കരെ ഒരു മുതലക്കുളമുണ്ട്‌. ആ കുളത്തിൽ ഒരു മുതലയച്ചനും മുതലയമ്മയും ഉണ്ട്‌. അവർക്ക്‌ ഒരു മുതലപ്പെണ്ണുണ്ട്‌. ഞാൻ പോയി അവരെക്കണ്ട്‌ സംസാരിച്ച്‌ ആ മുതലപ്പെണ്ണിനെ മുതലയച്ചന്‌ കല്യാണം കഴിപ്പിച്ചു തരാം.

കുറുക്ക​‍െൻ വാക്കുകൾ കേട്ട്‌ മുതലയ്‌ക്ക്‌ വലിയ സന്തോഷമായി. കല്യാണം കഴിഞ്ഞാൽ കൂട്ടിനാളായല്ലൊ, ഒറ്റയ്‌ക്കു ജീവിച്ചു മടുത്തു.

”കുറക്കച്ചാ എന്റെ പുറത്തു കയറിക്കൊ ഞാൻ അക്കരയിലാക്കാം.“

മുതല വെള്ളത്തിനുമീതെ പൊങ്ങിവന്നു. കുറുക്കൻ ചാടി പുറത്തുകയറിയിരുന്നു. മുതല സാവധാനം മറുകരയിലേക്കു നീങ്ങി. കരയടുത്തപ്പോൾ ഇറങ്ങി നടന്നു.

കാക്കകൾ വട്ടമിട്ട്‌ പറക്കുന്നിടത്ത്‌ ചെന്നു നോക്കി. വലിയ ഒരു പോത്ത്‌ ചത്തു കിടക്കുന്നു. വയറു നിറച്ച്‌ പോത്തിൻ മാംസം കഴിച്ചു. കുറുക്കന്‌ കുശാലായി. സംതൃപ്‌തിയോടെ വൈകുന്നേരം വീട്ടിലേക്കു മടങ്ങി.

പുഴയുടെ തീരത്തു വന്നപ്പോൾ മുതല കാത്തിരിക്കുകയായിരുന്നു.

കുറുക്കനെ കണ്ട മാത്രയിൽ മുതല ചോദിച്ചു.

”എന്തായി കുറുക്കച്ചാ പോയ കാര്യം?“

ഓ…….. നടന്നില്ല, ഞാൻ ഈ നേരംവരെ ഇരുന്നിട്ടും മുതലപ്പെണ്ണിന്റെ അച്ഛനെ കണ്ടില്ല. അച്ഛൻ അകലെയുള്ള ഒരു തോട്ടിൽ തീറ്റയന്വേഷിച്ച്‌ പോയിരിക്കുകയാണ്‌.

കുറുക്കനെ അന്ന്‌ മുതല മറുകരയിലെത്തിച്ചു. പിറ്റേദിവസം രാവിലെ കുറുക്കൻ വന്നു മുതലപ്പുറത്തു കയറി അക്കരെചെന്ന്‌ പോത്തിറച്ചി ആവശ്യാനുസരണം ഭക്ഷിച്ചു. വൈകുന്നേരം വീട്ടിലേക്കു മടങ്ങി.

അന്ന്‌ മുതല ചോദിച്ചുഃ ”എന്തായി കുറുക്കച്ചാ“

”ഇന്ന്‌ മുതലപ്പെണ്ണിന്റെ അച്ഛൻ അമ്മാവനെ വിളിക്കാൻ പോയിരിക്കുകയായിരുന്നു. നാളെ ചെല്ലാൻ പറഞ്ഞിരിക്കുകയാണ്‌.“

ഇങ്ങനെ ഓരോ ദിവസവും ഓരോ സൂത്രം പറഞ്ഞ്‌ കുറുക്കൻ പോയി പോത്തിറച്ചി തിന്നു.

ഒരു ദിവസം കുറുക്കൻ പോയതിന്റെ പിന്നാലെ മുതല കരക്കുകയറി നോക്കി. കുറുക്കൻ പോയി ഇറച്ചി തിന്നുന്നതു കണ്ടു.

വൈകുന്നേരം തിരിച്ചുവന്ന്‌ കുറുക്കൻ മുതലപ്പുറത്തു കയറി. നടുപ്പുഴയിൽ ചെന്നപ്പോൾ മുതല ചോദിച്ചു.

”സത്യം പറ കുറുക്കച്ചാ നിങ്ങൾ എന്നെ പറ്റിച്ച്‌ ഇറച്ചി തിന്നാൻ പോയതല്ലെ. എന്നിട്ട്‌ മുതലപ്പെണ്ണിനെ അന്വേഷിച്ചു പോയതാണെന്ന്‌ എന്നോട്‌ പറഞ്ഞു. അല്ലേ? നിങ്ങളെ ഞാനിപ്പോൾ പുഴയിൽ മുക്കിക്കൊല്ലും.

എന്താ മുതലയച്ചാ ഈ പറയുന്നത്‌. നിങ്ങൾക്ക്‌ എന്നെ വിശ്വാസമില്ലേ? എന്നാൽ ഒരു കാര്യം ചെയ്യാം നമുക്ക്‌ മുതലപ്പെണ്ണിന്റെ വീട്ടിൽ പോകാം. മുതലയച്ചനും പോര്‌. സത്യം അറിയാമല്ലോ?

ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു മുതല മുന്നോട്ട്‌ നീങ്ങിക്കൊണ്ടുമിരുന്നു. കരക്കടുക്കാറായപ്പോൾ കുറുക്കനെടുത്തു ചാടി.

പുഴയുടെ തീരത്ത്‌ നിന്നിരുന്ന കൈതയിൽ തട്ടി കുറുക്കൻ വെള്ളത്തിൽ വീണു. മുതല കുറുക്കന്റെ കാലിൽ പിടിച്ചു.

“മുതലയച്ചാ കൈതക്കാലിൽ പിടിക്കാതെ എന്റെ കാലിൽ പിടിക്ക്‌ എന്നെ രക്ഷിക്ക്‌” കുറുക്കൻ വിളിച്ചുപറഞ്ഞു.

മുതല കുറുക്കന്റെ കാലിൽ നിന്ന്‌ പിടിവിട്ടു. കൈതക്കാലിൽ പിടിച്ചു. കുറുക്കൻ നീന്തി കരക്കുകയറി ഓലിയിട്ടുകൊണ്ട്‌ ഓടിപ്പോയി.

അവസരബുദ്ധിയുണ്ടെങ്കിൽ പകടത്തിൽ നിന്ന്‌ രക്ഷനേടാം.

Generated from archived content: ammumayude2.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here