പരിശ്രമത്തിന്റെ ഫലം

വേലുപ്പിള്ള ശാസ്‌ത്രി ഒരു വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുട്ടികൾ സംസ്‌കൃതം അഭ്യസിച്ചു പോന്നു. അവരിലൊരുവനായിരുന്നു മത്തായി.

മത്തായി ബുദ്ധിമാനായിരുന്നു. പക്ഷേ, അവൻ മഹാമടിയനായിരുന്നു. അതാതു ദിവസം പഠിക്കേണ്ട പാഠങ്ങൾ കൃത്യമായി പഠിച്ചിരുന്നില്ല. അവൻ മറ്റു കുട്ടികളോട്‌ കഥകൾ പറയുന്നതിൽ അതീവ താത്‌പര്യം കാണിച്ചു നടന്നു.

അവന്റെ കൂട്ടുകാർ പലപ്പോഴും അവനെ മടിയൻ മത്തായി എന്നു വിളിച്ച്‌ കളിയാക്കാറുണ്ട്‌. വേലുപ്പിള്ള ശാസ്‌ത്രി മത്തായിയുടെ മടിമാറ്റി മിടുക്കനാക്കാൻ ശ്രമിച്ചു.

ഒരു ദിവസം ശാസ്‌ത്രി മത്തായിയെ അരികിൽ വിളിച്ച്‌ സ്‌നേഹപൂർവ്വം പറഞ്ഞു.

“മത്തായി മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാകാതെ മിടുക്കനായി പഠിക്കണം. മറ്റ്‌ കുട്ടികളെക്കാൾ ബുദ്ധിമാനാണു നീ. കഥ പറയാനുള്ള ജന്മവാസന കഥയെഴുത്തിലേക്കു തിരിച്ചുവിട്ടാൽ നിനക്ക്‌ നല്ലൊരു കഥാകൃത്തായി തീരാൻ സാധിക്കും. പക്ഷേ, അതിന്‌ അറിവു സമ്പാദിക്കണം. ജീവിതം പഠിക്കണം. നീ ഇന്നു തുടങ്ങി ഒരു പുതിയ കുട്ടിയായി തീരൂ. അറിവു സമ്പാദിച്ച്‌ മിടുക്കനായി തീരുമെന്ന്‌ ശപഥം ചെയ്യൂ.”

മത്തായി ഗുരുവിന്റെ ഉപദേശം അക്ഷരംപ്രതി സ്വീകരിച്ചു. അവൻ അതാതു ദിവസം പഠിപ്പിക്കുന്ന പാഠങ്ങൾ കൃത്യമായി പഠിക്കുവാൻ തുടങ്ങി. ചുരുങ്ങിയ കാലംകൊണ്ട്‌ ഒരു സംസ്‌കൃത പണ്ഡിതനായിത്തീർന്നു. അറിവു നേടിക്കഴിഞ്ഞപ്പോൾ ഗുരുവിന്റെ ഉപദേശപ്രകാരം കഥയെഴുതുവാൻ തുടങ്ങി. ഒരു കഥാകൃത്തായി തീരണമെന്ന്‌ ആത്മർഥമായി ആഗ്രഹിച്ചു. ആഗ്രഹം സഫലമാക്കുന്നതിനുവേണ്ടി നിരന്തരം പരിശ്രമിച്ചു. രാപകലിരുന്നെഴുതുവാൻ തുടങ്ങി.

കുറെ കഥകളെഴുതിക്കഴിഞ്ഞപ്പോൾ ഒരു കഥ പത്രമാഫീസിലേക്ക്‌ അയച്ചുകൊടുത്തു. ആ കഥ അച്ചടിച്ചുവന്നു. അന്ന്‌ അയാൾക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം തന്റെ കഥ പ്രസിദ്ധീകരിച്ചു വന്ന വിവരം പറഞ്ഞു. അവരാരും ആ വാർത്തക്ക്‌ വലിയ പ്രാധാന്യം നല്‌കിയില്ല.

എന്നിട്ടും മത്തായി നിരാശനായില്ല. അയാൾ വീണ്ടും അനവധി കഥകളെഴുതി. അവയിൽ പലതും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നു അവയ്‌ക്കൊന്നും പ്രതിഫലം ലഭിച്ചില്ല.

കഥകൾ പതിവായി പ്രസിദ്ധീകരിച്ചുവന്നപ്പോൾ പ്രതിഫലം വേണമെന്നാഗ്രഹം ജനിച്ചു. ആദ്യം പേരച്ചടിച്ചു കണ്ടാൽ മതിയെന്നായിരുന്നു ആഗ്രഹം. പേരും പ്രശസ്‌തിയും ഉണ്ടായപ്പോൾ പ്രതിഫലം കിട്ടിയാലെ കഥകളെഴുതിക്കൊടുക്കുകയുള്ളു എന്ന്‌ നിർബന്ധമായി.

പത്രാധിപന്മാർ മത്തായിയുടെ കഥകൾക്ക്‌ പ്രതിഫലം കൊടുത്ത്‌ പ്രസിദ്ധീകരിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ കിട്ടുന്ന പ്രതിഫലം പോരന്നായി. കഥകൾക്ക്‌ വലിയ പ്രതിഫലം വേണമെന്നയാൾ ആവശ്യപ്പെട്ടു.

കഥകൾക്ക്‌ നല്ല പ്രതിഫലം ലഭിച്ചപ്പോൾ തന്റെ കഥകൾക്ക്‌ അവാർഡ്‌ നേടണമെന്നായി ലക്ഷ്യം. അതിനുവേണ്ടി ശ്രമമാരംഭിച്ചു.. മത്തായിയുടെ കഥകൾ സാഹിത്യ അക്കാദമിയുടെ അവാർഡിനർഹമായി.

സുഹൃത്തുക്കളും സാംസ്‌കാരിക സംഘടനകളും മത്തായിക്ക്‌ സ്വീകരണങ്ങൾ നൽകി അഭിനന്ദിച്ചു. അദ്ധ്വാനംകൊണ്ട്‌ നേടാൻ കഴിയാത്തതൊന്നുമില്ല. “വേണമെങ്കിൽ ചക്കവേരിലും കായ്‌ക്കും” എന്നാണല്ലോ പഴമൊഴി.

Generated from archived content: ammumayude19.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English