ദുരാഗ്രഹം

പണ്ട്‌ ഒരു ഗ്രാമത്തിൽ കൊതിച്ചിക്കോത എന്നൊരു പാൽക്കച്ചവടക്കാരി ഉണ്ടായിരുന്നു. ഒരു ദിവസം അവൾ പാല്‌ കൊണ്ടുപോകുമ്പോൾ ശങ്കു എന്ന കുട്ടി വഴിയിൽ നിന്ന്‌ കരയുന്നത്‌ കണ്ടു.

കോത ശങ്കുവിനോട്‌ കാരണമന്വേഷിച്ചു.

അച്ഛനും അമ്മയുമില്ലാത്ത ആ ബാലന്‌ ജീവിക്കാൻ ഒരു വഴിയുമില്ലെന്നും വിശപ്പു സഹിക്കാഞ്ഞിട്ടാണ്‌ കരയുന്നതെന്നും പറഞ്ഞു.

ശങ്കുവിന്റെ ദയനീയത കണ്ടപ്പോൾ കോത പറഞ്ഞുഃ “ശങ്കു കരയേണ്ട, നീ എന്റെ കൂടെ പോരൂ. നിനക്ക്‌ ആഹാരം ഞാൻ തരാം. എന്റെ ജോലിയിൽ നീ സഹായിച്ചാൽ മതി.”

ശങ്കു തലയാട്ടി സമ്മതം മൂളി കോതയുടെ പുറകെ നടന്നു.

കോതയുടെ വീട്ടിൽ ചെന്നപ്പോൾ ശങ്കുവിന്‌ വയറുനിറയെ ആഹാരം കൊടുത്തു.

ആഹാരം കഴിച്ചതിനുശേഷം ശങ്കു കോതയുടെ കൂടെ ജോലി ചെയ്‌തു.

ശങ്കു വന്നതുമൂലം കോതയുടെ ജോലികൾ കുറഞ്ഞു. അവൻ പശുക്കളുടെ എല്ലാ ജോലികളും ചെയ്‌തുപോന്നു.

വർഷങ്ങൾ കഴിഞ്ഞു. വേണ്ടതിനും വേണ്ടാത്തതിനും എല്ലാം ശങ്കുവിനെ കോത വഴക്കുപറയാൻ തുടങ്ങി. അവൻ ചെയ്യുന്ന ജോലികളിലെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു.

സഹിക്കവയ്യാതായപ്പോൾ ശങ്കു അവിടെ നിന്നുപോയി. അടുത്തവീട്ടിൽ ചെന്നു ജോലിക്കു നിന്നു. വിവരമറിഞ്ഞ കോത അവിടെചെന്ന്‌ ശങ്കുവിനെ വഴക്കു പറഞ്ഞു.

“ഇത്രയും കാലം ഞാനാണ്‌ നിനക്ക്‌ ചെലവിനു തന്നത്‌. ചെലവിന്‌ തന്നതിന്റെ രൂപ തന്നിട്ട്‌ നീ എവിടെ വേണമെങ്കിലും പൊയ്‌ക്കോ.”

“ഞാൻ എവിടെ നിന്നാണ്‌ രൂപ തരുന്നത്‌?

”നീ അങ്ങനെ മിടുക്കനാകാൻ നോക്കണ്ട. രൂപ തന്നില്ലെങ്കിൽ ഞാൻ വിടുകയില്ല.“ കോത ശബ്‌ദമുയർത്തി സംസാരിച്ചു.

ഇരുവരുടെയും തർക്കം കേട്ട്‌ നാട്ടുകാർ കൂടി. പ്രശ്‌നം ഗ്രാമത്തലവന്റെ മുന്നിലവതരിപ്പിക്കുവാൻ അവർ അഭിപ്രായപ്പെട്ടു.

കോതയും ശങ്കുവും ഗ്രാമത്തലവന്റെ അടുത്തെത്തി. ഇരുവരും ഇതുവരെയുണ്ടായ കാര്യങ്ങളെല്ലാം ഗ്രാമത്തലവനോട്‌ പറഞ്ഞു.

ഗ്രാമത്തലവൻ കാര്യങ്ങളെല്ലാം ഗ്രഹിച്ച ശേഷം തീർപ്പുകല്‌പിക്കുന്നതിനുവേണ്ടി പിറ്റേദിവസത്തേക്കു മാറ്റിവച്ചു.

ഗ്രാമത്തലവൻ പിറ്റേദിവസം ഗ്രാമസഭ വിളിച്ചുകൂട്ടി. ഗ്രാമീണരുടെ മുന്നിൽ കോതയും ശങ്കുവും തമ്മിലുള്ള തർക്കം അവതരിപ്പിച്ചു. ഗ്രാമീണരുടെ അഭിപ്രായം ആരാഞ്ഞു.

സഭയിലൊരു ഗ്രാമീണൻ പറഞ്ഞു.

”ഇത്രയും കാലം ശങ്കുവിന്‌ ആഹാരവും വസ്‌ത്രവും കൊടുത്തതിന്‌ കോതക്ക്‌ നല്ലൊരു തുക ചിലവു വന്നിട്ടുണ്ടാകും.“

ഗ്രാമീണന്റെ അഭിപ്രായം കേട്ടപ്പോൾ കോതക്ക്‌ സന്തോഷമായി. അവൾ ചാടി എഴുന്നേറ്റു പറഞ്ഞുഃ ”ആ ചെലവിന്റെ രൂപ തരണമെന്നു മാത്രമേ ഞാൻ പറയുന്നുള്ളു.“

”ശങ്കുവിന്‌ ചെലവിനു കൊടുത്തതിന്‌ കോതക്ക്‌ എത്ര രൂപ ആയിക്കാണും?“ ഗ്രാമത്തലവൻ ചോദിച്ചു.

”അത്‌ കൃത്യമായി പറയുവാൻ പ്രായാസമാണ്‌. ദിവസം പ്രതി മൂന്നുരൂപ വച്ചുകൂട്ടിയാൽ മതി. മൂന്നുകൊല്ലം ഞാൻ അവന്‌ ചെലവിന്‌ കൊടുത്തു. ആ രൂപ എനിക്കു കിട്ടണം.“

കോതയുടെ വാദഗതികേട്ട്‌ ഗ്രാമത്തലവൻ പറഞ്ഞു.

”കോത പറഞ്ഞത്‌ അംഗീകരിച്ചിരിക്കുന്നു. പിന്നെ മറ്റൊരു കാര്യം കൂടി ചെയ്യണം. ദിവസം പ്രതി അഞ്ചുരൂപ വച്ച്‌ ശങ്കുവിന്‌ കൂലികൊടുക്കണം. ശങ്കുവിന്‌ കൊടുക്കുവാനുള്ള കൂലിയിൽനിന്ന്‌ അവന്‌ ചെലവിന്‌ കൊടുത്ത വകയിൽ വരേണ്ട രൂപയെടുത്ത്‌ കൊള്ളുക. ബാക്കി രൂപ കൊടുത്ത്‌ ശങ്കുവിനെ സ്വതന്ത്രനാക്കി വിടുക.“

ഗ്രാമത്തലവന്റെ വിധി കേട്ടപ്പോൾ കോതക്ക്‌ സങ്കടം വന്നു ദുരാഗ്രഹം മൂലം വന്ന നഷ്‌ടത്തെപ്പറ്റി ഓർത്ത്‌ അവൾ ദുഃഖിച്ചു.

Generated from archived content: ammumayude18.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English