അവകാശികൾ

ഒരിടത്ത്‌ രണ്ട്‌ ആട്ടിടയന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം ആടുകളെ മേയ്‌ക്കാൻ അവർ മലയിലേക്കു പോയി.

മലയിൽ തിന്നുനടന്ന ആടുകളിൽ ഒരെണ്ണം മലവേടന്മാരുടെ മാടന്തറയുടെ അടുത്തുള്ള കിണറിലേക്കു വീണു. ആടിന്റെ നിലവിളികേട്ട്‌ ആട്ടിടയന്മാർ ഓടിച്ചെന്നു.

ഒരാട്ടിടയൻ കാട്ടുവള്ളിയിൽ പിടിച്ചു തൂങ്ങി കിണറിലിറങ്ങി. കിണറിൽ വെള്ളം ഉണ്ടായിരുന്നില്ല. ഒരു പൊട്ടക്കിണറായിരുന്നു. അതിൽ ഒരു ഉരുളി മറ്റൊരു ഉരുളികൊണ്ട്‌ കമഴ്‌ത്തി വച്ചിരിക്കുന്നതു കണ്ടു. ആട്ടിടയന്‌ ഭയം തോന്നി. ഇതെന്തത്ഭുതമാണ്‌? ഉരുളി പരിശോധിക്കാൻ നോക്കാതെ ആടിനെയുംകൊണ്ട്‌ വേഗം കരയ്‌ക്കുകയറി.

മുകളിൽ വന്ന്‌ കൂട്ടുകാരനോട്‌ വിവരം പറഞ്ഞു. രണ്ടുപേരും കൂടി ഉരുളി കരക്ക്‌ കയറ്റാനുള്ള ശ്രമമാരംഭിച്ചു. കാട്ടുവള്ളികൾ

ശേഖരിച്ചു നീട്ടിക്കെട്ടി ഒരാൾ കരയിൽ നിന്ന്‌ കിണറ്റിലേക്കിട്ടു കൊടുത്തു. അപരൻ കിണറിലിറങ്ങി ഉരുളിയിൽ കെട്ടി. മുകളിൽ നിന്നയാൾ കരയ്‌ക്കു വലിച്ചു കയറ്റി.

ഇരുവരും കൂടി കമഴ്‌ത്തി വച്ചിരുന്ന ഉരുളി മാറ്റി. അവരുടെ കണ്ണഞ്ചിപ്പോയി. ഉരുളിനിറയെ സ്വർണ്ണനാണയങ്ങളായിരുന്നു.

ഇതു നിധിയാണ്‌. ഇരുവരും കൂടി കിട്ടിയ ഭാഗ്യം പങ്കുവയ്‌ക്കുവാൻ തീരുമാനമെടുത്തു. എങ്ങനെ പങ്കുവയ്‌ക്കും എന്നായി ആലോചന. എണ്ണി പങ്കുവയ്‌ക്കാമെന്ന്‌ കിണറിലിറങ്ങിയവൻ പറഞ്ഞു. കരയ്‌ക്കു നിന്നവൻ അതു സമ്മതിച്ചു.

“എനിക്ക്‌ എണ്ണാനറിഞ്ഞുകൂടാ” നീ എണ്ണി പങ്കുവച്ചാൽ മതി, എനിക്കു സമ്മതമാണ്‌. കിണറിലിറങ്ങിയവൻ പറഞ്ഞു.

“എണ്ണാൻ എനിക്കും അറിഞ്ഞുകൂടാ” എങ്ങനെ അളക്കും? അളക്കാൻ അളവു പാത്രം വേണ്ടെ? പാത്രത്തിന്‌ എവിടെ പോകും?

എന്നാൽ തൂക്കാമെന്നായി അപരൻ.

തൂക്കാൻ കട്ടിയും തുലാസ്സും എവിടെ കിട്ടും?

ഇങ്ങനെ ഓരോന്നു പറഞ്ഞ്‌ രണ്ടുപേരും തമ്മിൽ തർക്കമായി. തർക്കം മൂത്ത്‌ വഴക്കായി. വഴക്കു മൂത്ത്‌ അടിപിടിയായി. കിണറിലിറങ്ങിയവൻ കരക്കു നിന്നവനെ അടിച്ചുവീഴ്‌ത്തി.

“എനിക്കാണ്‌ നിധി കിട്ടിയത്‌. ഞാൻ നിനക്ക്‌ തരികയില്ല. നിന്നെ ഞാൻ കൊന്ന്‌ കുഴിച്ചുമൂടും.”

ഇതുകേട്ട്‌ കരയിൽ നിന്നവൻ ഭയന്നു വിറച്ച്‌ ഓടി. തനിക്ക്‌ കിണറിലിറങ്ങിയവനെ തോല്‌പിക്കാൻ കഴിയുകയില്ല.

അവൻ പേടിച്ചോടുമ്പോൾ രണ്ടു നായാട്ടുകാരെ കണ്ടു. അവരോട്‌ എല്ലാ വിവരങ്ങളും പറഞ്ഞു. തന്റെ കൂട്ടുകാരനോടു പകരം വീട്ടാൻ എന്നെ സഹായിക്കണമെന്ന്‌ അഭ്യർത്ഥിച്ചു.

“നിന്നെ സഹായിച്ചതുകൊണ്ട്‌ ഞങ്ങൾക്ക്‌ എന്ത്‌ പ്രയോജനം?” നായാട്ടുകാർ ചോദിച്ചു.

“സ്വർണ്ണം മുഴുവൻ അവന്റെ കൈയിൽ നിന്ന്‌ തട്ടിയെടുത്ത്‌ നമുക്ക്‌ തുല്യമായി പങ്കുവച്ചെടുക്കാം.”

“അതു മര്യാദയല്ലല്ലോ” എന്നായി നായാട്ടുകാർ.

“എങ്കിൽ നിങ്ങൾ ഈ തർക്കത്തിൽ എടപെട്ട്‌ സ്വർണ്ണം ഞങ്ങൾക്ക്‌ പങ്കുവച്ചു തരിക.”

ആട്ടിടയന്റെ നിർബന്ധപ്രകാരം നായാട്ടുകാർ സ്വർണ്ണം കൈവശം വച്ചിരിക്കുന്നവന്റെ അടുത്തുചെന്ന്‌ പ്രശ്‌നം പരിഹരിക്കാമെന്ന്‌ പറഞ്ഞു.

സ്വർണ്ണനാണയങ്ങളെടുത്ത്‌ എണ്ണി നാലായി പങ്കുവച്ചു. ഓരോ വീതം ഓരോ ആട്ടിടയന്മാർക്കു കൊടുത്തു. ഓരോ ഉരുളിയും. ഓരോ വീതം പങ്കുവച്ചതിന്‌ കൂലിയായി ഓരോ നായാട്ടുകാരും എടുത്തുകൊണ്ട്‌ അവരുടെ വഴിക്കുപോയി.

അവകാശികൾ ആവശ്യമില്ലാതെ തമ്മിൽ തല്ലിയാൽ ഇതുതന്നെ അനുഭവം.

Generated from archived content: ammumayude17.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here