കൊയ്‌ത്തു കഴിഞ്ഞപ്പോൾ മഴക്കാലം ആരംഭിച്ചു. അരിതീർന്നതുകൊണ്ട് കല്യാണി ചെമ്പെടുത്ത് അടുപ്പത്തുവച്ച് നെല്ലു പുഴുങ്ങി. കാണുന്ന വെയിലത്ത് ഉണക്കി എടുക്കാമെന്നു തീരുമാനിച്ചു.
നെല്ല് പുഴുങ്ങി കോരി കൊട്ടയിൽ വച്ചനേരത്ത് കല്യാണിയുടെ അച്ഛൻ മരിച്ച വിവരമറിയിച്ചുകൊണ്ട് ആള് വന്നു.
കല്യാണി ദുഃഖിതയായി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‌ക്കുമ്പോൾ അയല്‌ക്കാരി തങ്കമ്മ അവിടേക്കു വന്നു. കല്യാണിയുടെ ദുഃഖം കണ്ട് തങ്കമ്മ പറഞ്ഞു.
“ഇത്രയും ദുഃഖിക്കാനൊന്നുമില്ല കല്യാണി. അച്ഛന് പ്രായമായതല്ലെ. നീ കുട്ടികളെയും കൂട്ടി ജോലിസ്‌ഥലത്തുചെന്ന് ഭർത്താവിനെ വിളിച്ചുകൊണ്ടുപോയി അച്ഛന്റെ മരണാനന്തര കർമ്മങ്ങൾ ചെയ്യുക”.
“അച്ഛൻ മരിച്ചതുകൊണ്ടല്ല തങ്കമ്മെ എനിക്കു ദുഃഖം.”
“പിന്നെ എന്തിനാണ്?”.
“ഞാൻ പത്തുപറ നെല്ല് പുഴുങ്ങി കോരി വച്ചിരിക്കയാണ്. അച്ഛന്റെ ആവശ്യം കഴിഞ്ഞുവരുമ്പോൾ നെല്ല് കേടുവന്നു പോകുമല്ലോ എന്നോർത്താണ്.”
“അതിന് നീ വിഷമിക്കേണ്ട ഞാൻ ഉണക്കിയിട്ടു കൊള്ളാം. ഇങ്ങനെ അത്യാപത്തു സമയത്ത് ഒരു സഹായം ചെയ്‌തില്ലെങ്കിൽ നമ്മൾ അയല്‌ക്കാരാണെന്നു പറയുന്നതിൽ എന്താണർത്ഥം. നീ ധൈര്യമായി പൊയ്‌ക്കോ.”
കല്യാണി മക്കളേയും കൂട്ടി ഭർത്താവിനെ വിളിച്ച് മരണാവശ്യത്തിനു പോയി.
തങ്കമ്മ കാണുന്ന വെയിലത്ത് നെല്ല് വാരിയിട്ടുണക്കി.
പിറ്റേദിവസം വെയിലു തെളിഞ്ഞപ്പോൾ തങ്കമ്മ നെല്ലുണക്കാൻ കൂട്ടിന് മകളേക്കൂടി വിളിച്ചു. ക്ലാസ്സില്ലായിരുന്നതുമൂലം മകളും അമ്മയെ സഹായിക്കുവാനെത്തി. ഇരുവരുംകൂടി നെല്ല് വാരി വെയിലത്തിട്ടു.
പുഴുങ്ങിയ നെല്ലിന്റെ ബാക്കി പച്ചനെല്ലും മുറിയിൽ കൊട്ടയിലിരുന്നു. തങ്കമ്മയുടെ മകൾ പുഴുങ്ങിയ നെല്ലാണെന്നു കരുതി പച്ചനെല്ലാണ് വാരി ഉണക്കാനിട്ടത്. പുഴുങ്ങിയനെല്ലും പച്ചനെല്ലും കൂടിക്കലർന്ന വിവരം തങ്കമ്മ അറിഞ്ഞുമില്ല.
ഉണക്ക് തീർത്ത് ചാക്കിൽ കെട്ടിവച്ചു.
കല്യാണി അച്ഛന്റെ ബലി കർമ്മാദികളും പുലവീടലും കഴിഞ്ഞ് വീട്ടിൽ വന്നു. തങ്കമ്മ നെല്ലുണക്കി ചാക്കിൽ വച്ചിരുന്ന വിവരം പറഞ്ഞപ്പോൾ സന്തോഷമായി. നെല്ലു കുത്തിക്കാനായി ചാക്കെടുത്തു നോക്കിയപ്പോൾ പച്ചനെല്ല് കലർന്നിരിക്കുന്നതു കണ്ടു. പച്ചനെല്ലിരുന്നതു നോക്കിയപ്പോൾ കണ്ടില്ല. കൊട്ട ഒഴിഞ്ഞിരിക്കുന്നതാണു കണ്ടത്. പച്ചനെല്ലെവിടെയെന്ന് തങ്കമ്മയോടു ചോദിച്ചു.
“പച്ചനെല്ലോ?” ഞാൻ കണ്ടില്ലല്ലൊ. തങ്കമ്മ കൈമലർത്തി.
പറ്റിയ അബദ്ധം തങ്കമ്മ പറയാതെ തന്നെ കല്യാണിക്കു പിടികിട്ടി. പറഞ്ഞിട്ടു കാര്യമില്ല, ഉപകാരം ചെയ്‌തത് ഇങ്ങനെയാണല്ലൊ എന്നവൾ ഓർത്തു.
തിരിച്ചറിവില്ലാത്തവർ ഉപകാരം ചെയ്‌താൽ അതും ഉപദ്രവമായിത്തീരും.
Generated from archived content: ammumayude16.html Author: sathyan_thannipuzha