ഒരു ഗ്രാമത്തിൽ മണിയൻ എന്നൊരു തൊഴിലാളി താമസിച്ചിരുന്നു. കൃത്രിമപ്പട്ടുനൂൽ കമ്പനിയിലായിരുന്നു അയാൾക്ക് ജോലി.
കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും ഏതു ബാങ്കിലാണ് ഡിപ്പോസിറ്റ് ചെയ്യേണ്ടതെന്ന കാര്യത്തെപ്പറ്റി സുഹൃത്തുക്കളുമായി സംസാരിച്ചു. അപ്പോൾ ബാങ്ക് ജീവനക്കാരനായ ഒരു സുഹൃത്തു പറഞ്ഞുഃ
“ഞങ്ങളുടെ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റു ചെയ്യുന്നതാണ് നല്ലത്.”
“നിങ്ങളുടെ ബാങ്കിലെ മാനേജരുടെ അടുത്തുചെന്ന് ഒരു കാര്യം സാധിച്ചെടുക്കാൻ വലിയ പ്രയാസമാണ്.” സുഹൃത്ത് അഭിപ്രായപ്പെട്ടു.
അത് വെറുതെ പറയുന്നതാണ്. ഞാനൊരിക്കൽ ഒരു ഡ്രാഫ്‌റ്റു മാറാൻ ചെന്നപ്പോൾ എനിക്ക് ഉടനെ രൂപ തന്നു. ചായയും തന്നു. മണിയൻ പറഞ്ഞു.
“ഒന്നു പോടൊ നുണ പറയാതെ.” കേട്ടുനിന്ന ഒരു സുഹൃത്ത് കളിയാക്കി.
“നുണയൊന്നുമല്ല സത്യമാണ്. വേണമെങ്കിൽ നാളെ ഞാൻ മാനേജരോടൊപ്പമിരുന്ന് ചായ കഴിക്കാം.”
“എന്നാൽ നിനക്ക് നൂറു രൂപ തരാം.”
“ശരി നാളെ തന്നെ കാണിച്ചു തരാം.”
മണിയൻ പിറ്റേദിവസം ബാങ്കിൽ പോയി മാനേജരുടെ മുറിയിലേക്കു ചായ വരുന്ന സമയം നോക്കി കടന്നുചെന്നു.
“ഞാൻ ഒരു കാര്യം അറിയാൻ വന്നതാണ്. ഒരു ലക്ഷം രൂപ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്‌താൽ എന്തു പലിശ കിട്ടും? മാർച്ച് 31-ന് ഞാൻ റിട്ടയർ ചെയ്യും.”
“ഒരു ലക്ഷം രൂപ മൂന്നു വർഷത്തേക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്‌താൽ പന്ത്രണ്ട് ശതമാനം പലിശ കിട്ടും. മൂന്നുമാസം കഴിയുമ്പോൾ പലിശ വാങ്ങാം.”
രണ്ടു ചായ മേശപ്പുറത്തു വന്നു. മാനേജരും മണിയനും ചായ കഴിച്ചു.
ചായ കഴിച്ചുകൊണ്ടിരുന്നപ്പോൾ മാനേജർ പറഞ്ഞു. “ചെക്കുകിട്ടുമ്പോൾ ഇവിടെ കൊണ്ടുവരൂ.”
“പറ്റില്ല സാർ.”
“ഉം അതെന്താണ്?”
മണിയൻ നിർവ്വികാരനായി പറഞ്ഞു. “സാർ എനിക്ക് ഒരു ലക്ഷം രൂപയൊന്നും കിട്ടാനില്ല. ഞാൻ വെറുതെ ചോദിച്ചു എന്നേയുള്ളു. എന്റെ പ്രോവിഡന്റ് ഫണ്ട് ഹൗസ് ലോണെടുത്ത് വീടു പണിതു.”
ഇതുകേട്ടപ്പോൾ മാനേജർക്ക് ദേഷ്യം വന്നു. “നിങ്ങൾ എന്റെ സമയം പാഴാക്കാതെ ഒന്നു പോകാമോ?
സാറു ക്ഷമിക്കണം. ഞാൻ മാനേജരോടൊപ്പം ചായ കഴിക്കാമെന്ന് പന്തയം വച്ചു. ആ പന്തയത്തിൽ ജയിക്കുകയും ചെയ്‌തു. എന്നു പറഞ്ഞുകൊണ്ട് മണിയൻ ഇറങ്ങി നടന്നു.
Generated from archived content: ammumayude15.html Author: sathyan_thannipuzha