ഒരു ദിവസം മീൻ കച്ചവടക്കാരൻ ആലി ചന്തക്ക് പോയപ്പോൾ ലോട്ടറി ടിക്കറ്റു വില്‌ക്കുന്നതു കണ്ടു. പത്തുരൂപ കൊടുത്തു അയാളൊരു കേരള ലോട്ടറി ടിക്കറ്റു വാങ്ങി.
കുറേ ദിവസം കഴിഞ്ഞപ്പോൾ ലോട്ടറിയെടുത്തു. സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ നമ്പറുകൾ പത്രങ്ങളിൽ വന്നു. ആലി പത്രം നോക്കി തന്റെ ടിക്കറ്റിനു സമ്മാനമുണ്ടോ എന്നു പരിശോധിച്ചു.
അയാളുടെ ടിക്കറ്റിന് സമ്മാനമുണ്ടായിരുന്നില്ല.
അടുത്ത ലോട്ടറി ഇറങ്ങിയപ്പോൾ കേരളയുടെ രണ്ടു ടിക്കറ്റുകൾ അയാളെടുത്തു. അതിൽ ഒരെണ്ണത്തിന് അഞ്ചുരൂപ സമ്മാനം കിട്ടി.
പിന്നീട് തുടർച്ചയായി ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങി. ചിലപ്പോൾ ചെറിയ ചെറിയ സമ്മാനങ്ങളും ലഭിച്ചു.
ലോട്ടറി ടിക്കറ്റു വാങ്ങുക എന്നത് ആലിയുടെ സ്വഭാവമായി മാറി.
നറുക്കെടുപ്പു കഴിഞ്ഞ് ഫലം പത്രങ്ങളിൽ വന്നാൽ ടിക്കറ്റുകളെടുത്തു പരിശോധിച്ചു നോക്കും. സമ്മാനമില്ലെന്ന് ഉറപ്പു വന്നാൽ ടിക്കറ്റെല്ലാം എടുത്ത് കത്തിച്ചുകളയും.
ഇങ്ങനെ ടിക്കറ്റുകൾ കത്തിച്ചുകളയുന്നത് ആലിയുടെ കൊച്ചുമകൾ കാണാറുണ്ട്. പഴയ ടിക്കറ്റുകൾ എവിടെയെങ്കിലും കിടക്കുന്നതു കണ്ടാൽ ആ കുട്ടി എടുത്തുകൊണ്ടുവന്ന് അടുപ്പിലിട്ട് കത്തിക്കും. അത് ആ കുട്ടിക്ക് ഒരു രസമായിരുന്നു.
ഒരു ദിവസം ആലി ടിക്കറ്റുകളെടുത്ത് സമ്മാനമുണ്ടോ എന്ന് സൂക്ഷ്‌മമായി പത്രത്തിൽ നോക്കി പരിശോധിച്ചു. കൊച്ചുമകളും അടുത്തുവന്നിരുന്നു. കേരള ലോട്ടറിയുടെ അഞ്ചുലക്ഷം അയാളുടെ ടിക്കറ്റിന് ലഭിച്ചിരിക്കുന്നതായി കണ്ടു. ആലി സന്തോഷംകൊണ്ട് തുള്ളിച്ചാടി. ടിക്കറ്റ് പത്രത്തിൽ വച്ചുകൊണ്ട് സന്തോഷവാർത്ത മുറ്റമടിച്ചുകൊണ്ടു നിന്ന ഭാര്യയോടു പറയാൻ ആലി മുറ്റത്തേക്കിറങ്ങി.
കൊച്ചുമകൾ ടിക്കറ്റെടുത്ത് അടുക്കളയിലേക്ക് നടന്നു. അടുപ്പിൽ കാപ്പിക്കു വച്ചിരുന്ന വെള്ളത്തിന് തീ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. കുട്ടി ടിക്കറ്റ് അടുപ്പിലേക്കിട്ടു. ടിക്കറ്റിന് തീ പിടിച്ച് ആളുന്നത് സന്തോഷത്തോടെ നോക്കിക്കണ്ട് കൈകൊട്ടി ചിരിച്ചു. നിഷ്‌കളങ്കമായ ചിരി.
ആലി വന്നു ടിക്കറ്റ് അന്വേഷിച്ചു. ടിക്കറ്റ് കണ്ടില്ല. കൊച്ചു മകളോട് ചോദിച്ചു. മകൾ ടിക്കറ്റ് അടുപ്പിലിട്ടു കത്തിച്ച വിവരം പറഞ്ഞു.
“ചതിച്ചല്ലോ മോളെ” എന്നു വിളിച്ചുകൊണ്ട് ആലി നെഞ്ചത്തടിച്ചു കരഞ്ഞു. കരച്ചിൽ കേട്ട് ആലിയുടെ ഭാര്യയും ഓടിയെത്തി. കൈവന്ന ഭാഗ്യം കൈവിട്ടു പോയ കഥകേട്ട് അവളും മാറത്തടിച്ച് കരഞ്ഞു.
Generated from archived content: ammumayude14.html Author: sathyan_thannipuzha