തുണിക്കച്ചവടക്കാരൻ വീരപ്പന്റെ ഏക മകനായിരുന്നു മുരുകപ്പൻ. മകനെ പഠിപ്പിച്ച് കേമനാക്കണമെന്ന് അയാളാഗ്രഹിച്ചു.
മുരുകപ്പൻ അച്ഛന്റെ അഭിലാഷത്തിനൊത്തു വളർന്നു ടെക്‌സ്‌റ്റയിൽസ് ടെക്‌നോളജി ഡിപ്ലോമ കരസ്‌ഥമാക്കി. ഒരു കോട്ടൺ മില്ലിൽ സൂപ്പർവൈസറായി ജോലി നേടി.
മകൻ ജോലിക്കു പുറപ്പെട്ടപ്പോൾ വീരപ്പൻ പറഞ്ഞു. “മോനെ സത്യവും നീതിയും വിട്ട് ഒരു കാര്യവും ചെയ്യരുത്. ചതിയും വഞ്ചനയും ചെയ്യാനും കൂട്ടുനില്‌ക്കരുത്. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടുവേണം ജീവിക്കാൻ.”
അച്ഛന്റെ ഉപദേശം മകൻ അക്ഷരംപ്രതി അനുസരിച്ചു. ജോലി കൃത്യമായും ആത്മാർത്ഥമായും ചെയ്‌തു. കമ്പനിയുടെ പുരോഗതിക്ക് അയാളുടെ സേവനം ഉപകരിച്ചു. മാനേജരും തൊഴിലാളികളും മുരുകപ്പനെ ഇഷ്‌ടപ്പെട്ടു. മാനേജരുടെ അടുത്ത് അയാൾ എന്തുകാര്യം പറഞ്ഞാലും അത് അംഗീകരിക്കുമായിരുന്നു. അത്ര വിശ്വാസമായിരുന്നു മാനേജർക്ക് മുരുകപ്പനെ.
കാലങ്ങൾ കഴിഞ്ഞു. മുരുകപ്പൻ വിവാഹിതനായി. രണ്ടു കുട്ടികളും പിറന്നു.
വീരപ്പൻ പേരക്കുട്ടികളെ ഓമനിച്ചു ലാളിച്ചു വീട്ടിൽ കഴിഞ്ഞുകൂടി. കച്ചവടത്തിനു പോകാൻ വയ്യാത്ത രീതിയിൽ വാതരോഗിയായി തീർന്നു.
മുരുകപ്പൻ അച്ഛന്റെ ചികിത്സക്കുവേണ്ടി വളരെയേറെ രൂപ ചെലവു ചെയ്‌തു. അയാൾ സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടി.
ഒരു മാസാവസാനം വീരപ്പന് കപ്പക്കിഴങ്ങു തിന്നാൻ ആഗ്രഹം തോന്നി. മകനെ അരികിൽ വിളിച്ച് ആഗ്രഹം അറിയിച്ചു.
മുരുകപ്പൻ അലമാരി തുറന്നു നോക്കി. ഒരു കിലോ കപ്പ വാങ്ങാനുള്ള രണ്ടു രൂപാപോലും ഉണ്ടായിരുന്നില്ല. ഒരു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. കപ്പ വാങ്ങാതിരിക്കാൻ നിവൃത്തിയുമില്ല. അച്ഛന്റെ ആഗ്രഹമാണ്. മക്കൾ കപ്പലണ്ടി വാങ്ങാൻ വച്ചിരുന്ന പൈസയെടുത്ത് രണ്ടു രൂപ തികച്ചു ഒരു കിലോ കപ്പ വാങ്ങി.
പിറ്റേ ദിവസം നേരം വെളുത്തപ്പോൾ കമ്പനിയിലെ ഒരു കാഷ്വൽ ജീവനക്കാരൻ നൂറുരൂപ നോട്ട് കവറിലാക്കി മുരുകപ്പനു കൊടുത്തുകൊണ്ട് അയാളെ സ്‌ഥിരപ്പെടുത്താൻ ശുപാർശ ചെയ്യണമെന്നു പറഞ്ഞു.
തലേദിവസം ഒരു കിലോ കപ്പ വാങ്ങാൻ അനുഭവിച്ച ബുദ്ധിമുട്ട് മുരുകപ്പൻ ഓർത്തു. ഒപ്പം അച്ഛന്റെ ഉപദേശവും.
അയാൾ രൂപ തിരിച്ചുകൊടുത്തു. കാഷ്വൽ ജീവനക്കാരന്റെ ആവശ്യം മാനേജരോടു പറഞ്ഞ് സാധിച്ചുകൊടുത്തു.
മുരുകപ്പൻ ഈ വിവരങ്ങൾ അച്ഛനെ അറിയിച്ചു. വീരപ്പന് സന്തോഷമായി. മകനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
“മേലിലും നീ ഇങ്ങനെ തന്നെ ചെയ്യണം. പണത്തിന് എത്ര ബുദ്ധിമുട്ടു വന്നാലും കൈക്കൂലി വാങ്ങരുത്. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ടുവേണം ജീവിക്കാൻ.”
Generated from archived content: ammumayude13.html Author: sathyan_thannipuzha