രാമുവും കോമുവും കൂട്ടുകാരായിരുന്നു. ഒരു ദിവസം ഇരുവരും കൂടി ജോലിയന്വേഷിച്ചു പുറപ്പെട്ടു.
നടന്നുനടന്ന് അവർ ക്ഷീണിച്ചു. വിശപ്പും ദാഹവും സഹിക്കവയ്യാതായി. അങ്ങനെ പോകുമ്പോൾ വഴിയരികിൽനിന്ന മാവിൽ നിന്ന് ഒരു മാമ്പഴം വീണു. രാമു ഓടിച്ചെന്ന് മാമ്പഴം എടുത്തുകൊണ്ട് പറഞ്ഞു.
“നല്ലൊരു മാമ്പഴം കിട്ടി.”
“നമുക്ക് ഇരുവർക്കും കൂടി കഴിക്കാം. ഇവിടെ കൊണ്ടുവരൂ.” കോമു അഭിപ്രായപ്പെട്ടു.
“അതു പറ്റുകയില്ല. എനിക്കല്ലെ മാമ്പഴം കിട്ടിയത്, ഞാൻ തിന്നട്ടെ.” എന്നു പറഞ്ഞുകൊണ്ട് രാമു മാമ്പഴം കടിച്ചുതിന്നു.
കോമുവിന് സങ്കടവും ദേഷ്യവും വന്നു. പരിഭവവും പരാതിയും പറഞ്ഞുകൊണ്ട് അവർ യാത്ര തുടർന്നു.
അല്‌പദൂരം നടന്നപ്പോൾ റോഡിൽ എന്തോ കിടന്നു തിളങ്ങുന്നതുകണ്ട്, കോമു കാലുകൊണ്ട് തട്ടിനോക്കി. അത്ഭുതം! ഒരു സ്വർണ്ണമോതിരമായിരുന്നു. അവൻ അതെടുത്തു. അവനുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.
കോമുവിന്റെ സന്തോഷം കണ്ടപ്പോൾ രാമു ലോഹ്യം പറഞ്ഞു അടുത്തൂകൂടിഃ “സ്‌നേഹിതാ നമുക്ക് മോതിരം വിറ്റ് രൂപ ഒപ്പം പങ്കുവച്ചെടുക്കാം. എനിക്ക് പരിചയമുള്ള സ്വർണ്ണക്കടയിൽ കൊടുക്കാം.”
“അതെന്തിന്? എനിക്കല്ലെ മോതിരം കിട്ടിയത്. ഞാൻ വിറ്റ് രൂപ വാങ്ങിയെടുത്തുകൊള്ളാം.” കോമു പറഞ്ഞു.
രാമു ഇളിഭ്യനായി.
ഗുണപാഠംഃ തനിക്ക് കിട്ടുന്നത് സ്വന്തമാക്കുകയും മറ്റുള്ളവന് കിട്ടുന്നതിൽ അവകാശമുന്നയിക്കുകയും ചെയ്യുന്നത് മാന്യതയല്ല.
Generated from archived content: ammumayude12.html Author: sathyan_thannipuzha