ഈച്ചയും മുതലയും

തെക്ക്‌ തെക്ക്‌ ഒരു മലയുടെ ചെരുവിലുള്ള അരുവിയിൽ ഒരു മുതല പാർത്തിരുന്നു. അരുവിയിലിറങ്ങി വെള്ളം കുടിക്കുവാൻ വരുന്ന മൃഗങ്ങളെ മുതല പിടിച്ചു തിന്നുപോന്നു.

“ഒരു ദിവസം ഒരു മാൻകുട്ടിയെ മുതല പിടിക്കുന്നത്‌ ഒരു ഈച്ച കണ്ടു. ഈച്ചക്ക്‌ മുതലയുടെ സാമർത്ഥ്യം കണ്ടപ്പോൾ അത്ഭുതം തോന്നി. ഈച്ച മുതലയുടെ അടുത്തുചെന്ന്‌ ലോഹ്യം കൂടി.”

“മുതലയച്ചാ, മുതലയച്ചൻ മിടുക്കൻ തന്നെ, ഞാൻ സമ്മതിച്ചിരിക്കുന്നു. എനിക്ക്‌ ഇന്ന്‌ ഒരാഹാരവും കിട്ടിയിട്ടില്ല. മുതലയച്ചന്‌ കിട്ടിയ മാൻകുട്ടിയുടെ ചോര അല്‌പം എനിക്കു തരാമോ?”

മുതലയ്‌ക്ക്‌ ഈച്ചയോട്‌ അനുകമ്പ തോന്നി. മാനിറച്ചിയുടെ ഒരു കഷ്‌ണം കരയിലേയ്‌ക്ക്‌ ഇട്ടുകൊടുത്തു.

ഈച്ച ഇറച്ചിക്കഷ്‌ണത്തിൽ ചെന്നിരുന്ന്‌ ചോര ഊറ്റിക്കുടിച്ച്‌ വിശപ്പടക്കി.

വിശപ്പിന്‌ ആഹാരം കൊടുത്ത മുതലയോട്‌ ഈച്ച നന്ദി പറഞ്ഞു.

ക്രമേണ ഈച്ചയും മുതലയും കൂട്ടുകാരായി.

കരയിൽ മേഞ്ഞു നടക്കുന്ന മൃഗങ്ങൾ വെള്ളം കുടിക്കുവാൻ വരുന്ന വിവരം മുൻകൂട്ടി മുതലയെ അറിയിച്ച്‌ അവയെ പിടിക്കുവാൻ ഈച്ച സഹായിച്ചു.

മുതല പിടിക്കുന്ന മൃഗങ്ങളുടെ ചോര ആവശ്യാനുസരണം ഈച്ചക്ക്‌ കൊടുത്തു. അങ്ങനെ മുതലയും ഈച്ചയും പരസ്‌പരം സഹായിച്ചു കൂട്ടുകൂടി നടന്നു.

മുതലയുടെ കൂട്ടുകാരനായപ്പോൾ ഈച്ച അഹങ്കാരിയായി മാറി. താൻ ശക്തനാണെന്നുള്ള ഭാവം ഉള്ളിൽ തലപൊക്കി. മറ്റു ഈച്ചകളോടു പുച്ഛമായി. വർഗ്ഗസ്‌നേഹമില്ലാതായി. താൻ കഴിവും ശക്തിയും ഉള്ളവനാണെന്ന്‌ വീമ്പിളക്കി നടന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അരുവിയുടെ കരയിൽ മേഞ്ഞു നടന്ന ഒരു പശു വെള്ളം കുടിക്കുവാൻ അരുവിയിലിറങ്ങി. അപ്പോൾ ഈച്ചപറന്നുചെന്ന്‌ മുതലയെ വിവരമറിയിച്ചു.

മുതല പൊങ്ങിവന്നു. ഈച്ച മുതലയുടെ തലയിൽ കയറിയിരുന്നു. മുതല പശുവിനെ പിടിച്ചു കൊന്നുതിന്നു. ഈച്ചക്ക്‌ വേണ്ടിടത്തോളം ചോരയും കൊടുത്തു.

ഈച്ച അവശ്യാനുസരണം ചോര കുടിച്ച്‌ സംതൃപ്‌തിയോടെ മറ്റു ഈച്ചകളുടെ അടുത്തു ചെന്നു പറഞ്ഞു.

“ഇന്ന്‌ ഞാനും മുതലയച്ചനും കൂടി ഒരു പശുവിനെ പിടിച്ച്‌ കൊന്നുതിന്നു.”

മുതലയെ കൂട്ടുപിടിച്ച ഈച്ചയുടെ വീമ്പുപറച്ചിൽ കേട്ടപ്പോൾ മറ്റുള്ള ഈച്ചകൾ പരിഹസിച്ചു ചിരിച്ചു.

“മുതല പശുവിനെ പിടിച്ചപ്പോൾ നീ മുതലയുടെ തലയിൽ ഇരുന്നു അല്ലേ?”

“കൂട്ടത്തിൽ കൂടിയാൽ കോന്തനും കേമൻ” എന്നാണല്ലൊ പഴമൊഴി.

Generated from archived content: ammumayude11.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here