പണ്ട് പണ്ട് ഒരിടത്ത് ഒരു മരംവെട്ടുകാരനുണ്ടായിരുന്നു. ഒരു ദിവസം അയാളോട് അയൽപക്കത്തുള്ള ഒരമ്മൂമ്മ പ്ലാവിൽ കയറി ചക്കയിട്ടു കൊടുക്കുവാൻ പറഞ്ഞു.
ഒരു ചക്കയിട്ടു കൊടുത്താൽ പകുതി ചക്ക മരംവെട്ടുകാരൻ കൊടുക്കാമെന്നും അമ്മൂമ്മ പറഞ്ഞു.
കുറ്റിക്കാടുകളും മുൾച്ചെടികളും വളർന്നു നിന്ന പറമ്പിന്റെ നടുവിലാണ് പ്ലാവ് നിന്നിരുന്നത്. മരംവെട്ടുകാരൻ മനമില്ലാമനസ്സോടെ ചക്കയിട്ടു കൊടുക്കാമെന്നു സമ്മതിച്ചു.
അയാൾ പടർന്നു പന്തലിച്ചു കിടന്ന പ്ലാവിന്റെ മുകളിൽ കയറി ചില്ലക്കൊമ്പിൽ കിടന്ന ഒരു ചക്കയിട്ടു. ചക്ക വന്നു വീണത് താഴെ കുറ്റിക്കാട്ടിലിരുന്ന ഒരു കാട്ടുമുയലിന്റെ തലയിലാണ്. മുയൽ കിടന്നു പിടക്കുന്നത് പ്ലാവിന്റെ മുകളിലിരുന്ന് അയാൾ കണ്ടു.
മരംവെട്ടുകാരൻ താഴെയിറങ്ങി വന്നു. മുയലിനെ എടുത്തു അറുത്തു വീട്ടിൽ കൊണ്ടുപോയി ഭാര്യയെ ഏൽപിച്ചു. നന്നാക്കി കറിവെയ്‌ക്കാൻ പറഞ്ഞു.
വിലകൊടുത്തു വാങ്ങുകയാണെങ്കിൽ എഴുപത്തിയഞ്ചു രൂപായ്‌ക്കുണ്ട്. അയാൾ കണക്കുകൂട്ടി. ഒരു രൂപയും ചെലവാകാതെ ഒരു ബുദ്ധിമുട്ടും കഴിക്കാതെ നല്ലൊരു മുയലിനെ കിട്ടിയതിൽ മരം വെട്ടുകാരൻ സന്തോഷിച്ചു.
തിരിച്ചുപോയി ചക്കയെടുത്ത് അമ്മൂമ്മയ്‌ക്കു കൊടുത്തു. പകുതി ചക്ക വാങ്ങാൻ നില്‌ക്കാതെ അയാൾ പോയി.
അമ്മൂമ്മ പകുതി ചക്ക കൊണ്ടുപോകാൻ മരംവെട്ടുകാരനോട് പറഞ്ഞു.
അയാൾ കൊണ്ടുപോയില്ല.
“ഇന്നുവേണ്ട. നാളെ ചക്കയിടുമ്പോൾ ഞാൻ കൊണ്ടുപോയിക്കൊള്ളാം.” അയാൾ പറഞ്ഞു. പിറ്റേദിവസം മരംവെട്ടുകാരൻ വന്ന് പ്ലാവിൽ കയറി ചക്കയിട്ടു. താഴെ ഇറങ്ങിവന്ന് ചക്ക കിടന്നിടത്ത് മുയൽ ഉണ്ടോ എന്നു നോക്കി.
മുയലിനെ കണ്ടില്ല. അയാൾക്ക് നിരാശ തോന്നി.
അതിന്റെ പിറ്റേ ദിവസവും അയാൾ പ്ലാവിൽ കയറി ചക്കയിട്ടു. ചക്ക വീണിടത്ത് മുയലുണ്ടോ എന്നു നോക്കി. കണ്ടില്ല.
പാവം മരവെട്ടുകാരൻ! അയാൾ മുയലിനെ കിട്ടുമെന്ന് കരുതി പല ദിവസവും ചക്കയിട്ടു. എന്നാൽ മുയലിനെ കിട്ടിയില്ല.
ഒരു ചക്കയിട്ടു ഒരു മുയൽ ചത്തു എന്നു വിചാരിച്ചു എല്ലായ്‌പ്പോഴും ചക്കയിട്ടാൽ മുയൽ ചാകുമോ?
ഗുണപാഠം ഃ പ്രതീക്ഷിക്കാതെ ലഭിച്ച നേട്ടം തുടർന്നു കിട്ടണമെന്നു കരുതുന്നത് വിഢിത്തമാണ്.
Generated from archived content: ammumayude10.html Author: sathyan_thannipuzha