അലക്കുകാരൻ

പുഴയുടെ കരയിൽ ചെറിയൊരു കുടിലിൽ ഒരു അലക്കുകാരൻ താമസിച്ചിരുന്നു. അയാൾ വീടുകളിലെ മുഷിഞ്ഞതുണികൾ കൊണ്ടുവന്ന്‌ വൃത്തിയായി അലക്കിക്കൊടുക്കുവാൻ വിദഗ്‌ദ്ധനായിരുന്നു. അങ്ങനെ അലക്കി കിട്ടുന്ന കൂലികൊണ്ട്‌ അയാളും കുടുംബവും സുഭിക്ഷമായി ജീവിച്ചു.

ഒരു ദിവസം അയാൾ പുഴയിൽ അലക്കിക്കൊണ്ടു നിന്നപ്പോൾ ഒരു പൊന്മാൻ പരൽമത്സ്യത്തെ പിടിക്കുന്നതു കണ്ടു. പൊന്മാൻ പരലിനെ ലക്ഷ്യമാക്കി വെള്ളത്തിലേക്കു ചാടി. പരലിനെ കൊത്തിയെടുത്തുകൊണ്ട്‌ കരയിൽ നിന്ന കലശുമരത്തിലേക്ക്‌ പറന്നു. മരത്തിലടിച്ച്‌ പരലിനെ കൊന്നുവിഴുങ്ങി.

വീണ്ടും ജലപ്പരപ്പിലൂടെ പറന്നു. പരൽമത്സ്യത്തെ കണ്ടപ്പോൾ മുകളിലേക്കുയർന്നു. ലക്ഷ്യം തെറ്റാതെ മത്സ്യത്തെ പിടിച്ചു അപകടം കൂടാതെ പറന്നകന്നു.

ഈ കാഴ്‌ച അലക്കുകാരന്‌ രസമായി തോന്നി. അയാൾ ജോലിനിർത്തി പൊന്മാന്റെ പ്രവൃത്തി ശ്രദ്ധിച്ചുകൊണ്ടിരുന്നു.

അലക്കുകാരൻ അലക്കുവാൻ വരുമ്പോൾ പൊന്മാൻ പരൽമത്സ്യത്തെ പിടിക്കുവാൻ വരും. അയാൾ ജോലി നിർത്തി പൊന്മാനെ നോക്കി നിൽക്കും. ഇതു പതിവായി.

അലക്കിൽ അയാൾക്ക്‌ ശ്രദ്ധയില്ലാതായി. ജോലി കൃത്യസമയത്ത്‌ ചെയ്യാതായപ്പോൾ കൂലി കിട്ടാതെ വന്നു. കൂലി കിട്ടതായപ്പോൾ വീട്ടിൽ പട്ടിണി കൂട്ടുവന്നു.

പക്ഷേ, അലക്കുകാരൻ കുലുങ്ങിയില്ല. കുട്ടികൾ ആഹാരത്തിനുവേണ്ടി കരഞ്ഞുകൊണ്ടിരുന്നപ്പോൾ അയാൾ പൊന്മാനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.

അലക്കുകാരന്‌ പൊന്മാനെപ്പോലെ അന്തരീക്ഷത്തിലേക്കുയർന്ന്‌ പരൽമത്സ്യത്തെ ലക്ഷ്യമാക്കി വെള്ളത്തിലെക്കു ചാടാൻ കൊതിതോന്നി. ആ വിദ്യ പഠിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു നടന്നപ്പോൾ ഒരു ലാടഗുരുവിനെ കണ്ടുമുട്ടി. ലാടഗുരുവിന്‌ പല അത്ഭുതവിദ്യകളും ചികിത്സാമുറകളും അറിയാമായിരുന്നു.

ലാടഗുരുവിനെ അലക്കുകാരൻ തന്റെ അഭിലാഷമറിയിച്ചു. ലാടഗുരു അലക്കുകാനെ പൊൻമാൻ ചാട്ടം അഭ്യസിപ്പിക്കാമെന്ന്‌ സമ്മതിച്ച്‌ ശിഷ്യനായി സ്വീകരിച്ചു.

ഗുരുദക്ഷിണയായി എന്താണ്‌ നൽകേണ്ടതെന്ന്‌ അലക്കുകാരൻ ആരാഞ്ഞു. ലാടഗുരു ദക്ഷിണ സ്വീകരിക്കാൻ സന്നദ്ധനായില്ല. പ്രതിഫലമൊന്നും ആവശ്യമില്ലെന്നു പറഞ്ഞു.

എന്റെ ഗുരു എന്നോടു പ്രതിഫലം വാങ്ങാതെയാണ്‌ പല വിദ്യകളും ചികിത്സാമുറകളും പഠിപ്പിച്ചിരിക്കുന്നത്‌. ആവശ്യപ്പെട്ട്‌ ആരുവന്നാലും അവനോട്‌ പ്രതിഫലം വാങ്ങാതെ പഠിപ്പിച്ചുകൊടുക്കണമെന്നാണ്‌ ഗുരു പറഞ്ഞിരിക്കുന്നത്‌.“

”ഞാൻ നിനക്ക്‌ പൊന്മാൻചാട്ടം പഠിപ്പിച്ചതരാം. പക്ഷേ, ഒരു കാര്യം, നിന്നോടാരെങ്കിലും പഠിപ്പിച്ചുതരാൻ പറഞ്ഞുവന്നാൽ അവരോട്‌ പ്രതിഫലം വാങ്ങാതെ പഠിപ്പിച്ചു കൊടുക്കണം. നിന്റെ ഗുരു ആരാണെന്നു ചോദിച്ചാൽ എല്ലാ സത്യങ്ങളും നീ തുറന്നു പറയണം. കള്ളം പറയരുത്‌. കള്ളം പറഞ്ഞാൽ കഴിവു നഷ്‌ടപ്പെടും.“

അലക്കുകാരൻ എല്ലാം സമ്മതിച്ചു. ലാടനെ ഗുരുവായി സ്വീകരിച്ചു. ഗുരുവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്‌ പരദേവതയെ പൂജിച്ചശേഷം അലക്കുകാരൻ പുതിയ വിദ്യ അഭ്യസിക്കുവാൻ തുടങ്ങി.

ഗുരുവും ശിഷ്യനും പുഴയിൽ ചെന്നു. അലക്കുകാരൻ മുകളിലേക്കുയരാൻ ശ്രമിച്ചു. വളരെ ദിവസത്തെ ശ്രമഫലമായി അയാൾ ലക്ഷ്യത്തിലെത്തി. പൊന്മാനെപ്പോലെ മുകളിലേക്കുയർന്നു തലകുത്തി കീഴോട്ടു ചാടി. അപകടം കൂടാതെ രക്ഷപ്പെടുവാൻ അയാൾക്കു കഴിഞ്ഞു.

ആദ്യമാദ്യം വെള്ളത്തിലാണ്‌ ഈ പരീക്ഷണം നടത്തിയത്‌. പിന്നീട്‌ കരയിലും അപകടരഹിതമായി പൊന്മാൻചാട്ടം നടത്താൻ അയാൾക്കു സാധിച്ചു.

പൊന്മാൻ മത്സ്യത്തെ പിടിക്കുവാൻ ചാടുന്നതുപോലെ അതിവിവിദഗ്‌ദ്ധമായി ചാടുന്ന അലക്കുകാരനെപ്പറ്റി ആ നാട്ടിലെ രാജാവറിഞ്ഞു. രാജാവിനയാളുടെ ചാട്ടം കാണണമെന്ന്‌ ആഗ്രഹം ജനിച്ചു. അലക്കുകാരനെ ക്കൊട്ടാരത്തിൽ വരുത്തി.

പൊന്മാനെപ്പോലെ ചാടുവാൻ ആവശ്യപ്പെട്ടു. അലക്കുകാരൻ പലപ്രാവശ്യം അപകടരഹിതമായി പൊന്മാനെപ്പോലെ ചാടി. രാജാവിനും അന്തഃപുരവാസികൾക്കും അയാളോട്‌ എന്തെന്നില്ലാത്ത സ്‌നേഹം തോന്നി. അനവധി വിലപിടിപ്പുള്ള സമ്മാനങ്ങളും രൂപയും രാജാവ്‌ അലക്കുകാരന്‌ നൽകി.

സ്‌നേഹപൂർവ്വം രാജാവ്‌ അലക്കുകാരനെ വിളിച്ചു തന്റെ പ്രധാന സേനാനായകനെ ഈ വിദ്യ പഠിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു അലക്കുകാരൻ പത്തുപറ നിലവും പതിനായിരം രൂപയും പ്രതിഫലം ചോദിച്ചു. രാജാവ്‌ കൊടുക്കാമെന്നു സമ്മതിച്ചു.

”നിന്നെ ഈ വിദ്യ പഠിപ്പിച്ചത്‌ ആരാണ്‌? നിന്റെ ഗുരു എവിടത്തുകാരനാണ്‌?“ രാജാവ്‌ ജിജ്ഞാസയോടെ ചോദിച്ചു. അലക്കുകാരൻ ഒട്ടു ശങ്കകൂടാതെ പറഞ്ഞു. ”എന്റെ തറവാട്ടിലെ താളിയോലഗ്രന്ഥം നോക്കി പഠിച്ചതാണ്‌. ഞങ്ങൾക്ക്‌ പല താളിയോലഗ്രന്ഥങ്ങളും ഉണ്ട്‌. പൂർവ്വികമായി ലഭിച്ച ആ താളിയോലഗ്രന്ഥങ്ങളിൽ പല അത്ഭുതകാര്യങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്‌.“

ഗുരുവിന്റെ വചനങ്ങൾ ധിക്കരിച്ചതോടെ അലക്കുകാരന്റെ കഴിവുകൾ നഷ്‌ടപ്പെട്ടു.

സമ്മാനങ്ങൾ വാങ്ങി പോകാൻ നേരത്ത്‌ രാജ്ഞിയുടെ ആവശ്യപ്രകാരം ഒന്നുകൂടി ചാടി. അലക്കുകാരൻ നിലത്തുവീണു കുഴുത്തൊടിഞ്ഞ്‌ മരിച്ചു.

Generated from archived content: ammumayude1.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English