അലക്കുകാരന്‍ കോന്നന് ഒരു കഴുത ഉണ്ട്. കോന്നന്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കാന്‍ പുഴയില്‍ കൊണ്ടുപോകുന്നത് കഴുതപ്പുറത്തു കയറ്റിയാണ്. പുഴയില്‍ ചെന്നാല്‍ വസ്ത്രങ്ങള്‍ താഴെ ഇറക്കി കഴുതയെ പുഴയുടെ തീരത്ത് തിന്നാന്‍ വിടും. കഴുത പുഴയുടെ തീരത്തെ പുല്ല് തിന്ന് വയറു നിറക്കും. തുണികള്‍ അലക്കി കഴിഞ്ഞാല്‍ കഴുതപ്പുറത്ത് കയറ്റി വീട്ടില്‍ കൊണ്ടുവന്ന് ഉണക്കാന്‍ ഇടും. ഉണങ്ങിയ വസ്ത്രങ്ങള്‍ തേച്ച് മടക്കി കെട്ടുകളാക്കി കഴുതപ്പുറത്തു കയറ്റി വീടുകളില്‍ കൊണ്ടുപോയി കൊടുക്കും. നിത്യവും ഈ പണികളെല്ലാം കഴുത മടി കൂടാതെ ചെയ്തു വന്നു.
ഒരു ദിവസം കോന്നന്‍ ഒരു നായയെ വാങ്ങി വീട്ടില്‍ കൊണ്ടുവന്നു ഓമനിച്ചു വളര്‍ത്തി. നായയും കഴുതയും സുഹൃത്തുക്കളായി തീര്‍ന്നു. ഒഴിവുസമയങ്ങളില്‍ ഇരുവരും ലോഹ്യം പറഞ്ഞ് സമയം കഴിക്കും. കഴുതക്കു പിടിപ്പതു പണിയുണ്ട്.
കഴുത ജോലി കഴിഞ്ഞു വരുമ്പോള്‍ എല്ലാ ദിവസവും നായ കിടന്നു ഉറങ്ങുന്നതാണ് കാണുന്നത് . നായ്ക്ക് സുഖമായ ഭക്ഷണവും കിട്ടും. നായ കിടന്നുറങ്ങുന്നതു കണ്ടപ്പോള്‍ കഴുത പറഞ്ഞു : ‘’ ചങ്ങാതി നീ എത്ര ഭാഗ്യവാന്‍ നിനക്ക് ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങാം. ഞാന്‍ പകല്‍ മുഴുവന്‍ ഭാരം ചുമന്ന് നടന്നു ക്ഷീണിച്ചു ഒന്നു കിടന്നു വിശ്രമിക്കാന്‍ കൊതിയാകുന്നു. നിനക്ക് എന്നെ ഒന്നു സഹായിച്ചു കൂടെ?’‘
‘’ ഞാന്‍ വെറുതെ കിടന്നുറങ്ങുകയല്ല ചെയ്യുന്നത് രാവും പകലും യജമാനന്റെ വീടുകാക്കണം . കള്ളന്മാര്‍ വന്നാല്‍ ഓടിക്കണം. എനിക്ക് വേണ്ട പണിയുണ്ട് . മനസമാധാനത്തോടെ രാത്രിയും പകലും ഉറങ്ങാന്‍ കഴിയില്ല ‘’ നായ പറഞ്ഞു.
‘’ എത്രയൊക്കെയായാലും എന്നേപ്പോലെ ഒരു ബുദ്ധിമുട്ട് നിനക്കില്ല ‘’ കഴുത പറഞ്ഞു.
കഴുതയുടെ ആവലാതി കേട്ടപ്പോള്‍ നായക്ക് സഹതാപം തോന്നി. കൂട്ടുകാരനെ സഹായിക്കണമെന്നു തോന്നി. നായ ചോദിച്ചു : ‘’ സുഹൃത്തേ എന്തു സഹായമാണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?’‘
കഴുത പറഞ്ഞു: കുറച്ചു ദിവസത്തേക്ക് നമ്മുടെ ജോലികള്‍ പരസ്പരം മാറാം. ഞന്‍ വീട് കാക്കാം നീ വസ്ത്രങ്ങള്‍ ചുമക്കാന്‍ പോകു.’‘
നായ സമ്മതിച്ചു . നേരം രാത്രിയായി നായ സുഖമായി കിടന്നുറങ്ങി . കഴുത ഉറക്കമൊളിച്ച് വീടിനു കാവലിരുന്നു. പാതിരാവായപ്പോള്‍ കോഴിക്കൂട്ടില്‍ കോഴികള്‍ നിലവിളിക്കുന്നതു കേട്ടു. കുറുക്കന്‍ കോഴിയെ പിടിക്കാന്‍ വന്നതാണ്. കഴുത കരഞ്ഞു ബഹളം കൂട്ടി. കുറുക്കന്‍ കോഴിയെ പിടിച്ചു കൊണ്ടു പോയി. കഴുതയുടെ കരച്ചില്‍ കേട്ട് കോന്നന്‍ എഴുന്നേറ്റു വന്ന് കഴുതയെ വടി എടുത്ത് അടിച്ചു കൊണ്ട് പറഞ്ഞു : ‘’ മനുഷ്യനെ കിടന്നുറങ്ങാന്‍ സമ്മതിക്കുകയില്ലേ? മര്യാദക്കു മിണ്ടാതെ കിടന്നോ? അല്ലെങ്കില്‍ തല്ലി പുറം പൊളിക്കും ‘’
നേരം വെളുത്തപ്പോള്‍ കോഴിയെ കുറുക്കന്‍ പിടിച്ചുകൊണ്ടുപോയിരിക്കുന്നതു കണ്ടു . ‘’ കൊരക്ക് മുറ്റെ തിന്ന് കിടന്നുറങ്ങി കുറുക്കന്‍ വന്നതറിഞ്ഞില്ല കള്ള നായ’‘ എന്നു പറഞ്ഞ് നായക്കും കൊടുത്തു അടി. അപ്പോള്‍ ഇരുവര്‍ക്കും തോന്നി : ‘’ അവനവന്റെ പണികള്‍ ചെയ്തിരുന്നെങ്കില്‍ തല്ലുകൊള്ളാന്‍ ഇടവരില്ലായിരുന്നു.’‘
Generated from archived content: alakkukarande9.html Author: sathyan_thannipuzha