രമേശന്‍ – ഷീല ദമ്പതികളുടെ മകനാണ് രാകേഷ്. മകനെ അവര്‍ ഓമനിച്ച് ലാളിച്ചു വളര്‍ത്തി. ലാളന കൂടിപ്പോയതുകൊണ്ടോ സ്വാതന്ത്ര്യം കൂടിപ്പോയതുകൊണ്ടോ എന്തോ രാകേഷ് മഹാകുസൃതിയായി വളര്‍ന്നു വന്നു. അനുസരണക്കേടും തോന്നിവാസങ്ങളും അവന്റെ കൂടപ്പിറപ്പായിരുന്നു. എന്തു തെറ്റു ചെയ്താലും അമ്മയും അച്ഛനും അവനെ ശിക്ഷിക്കാറില്ല. അവന്‍ അങ്ങനെ സര്‍വതന്ത്ര സ്വതന്ത്രനായി വളര്‍ന്നു. വഴിയെ പോകുന്നവരെ കളിയാക്കുവാനും ചീത്ത വിളിക്കുവാനും തുടങ്ങി.
ഒരു ദിവസം രാകേഷ് മുന്‍വശത്തെ ഗെയ്റ്റിനരികില്‍ നിന്നപ്പോള്‍ ഒരു വയസ്സന്‍ റോഡിലൂടെ നടന്നു പോകുന്നതു കണ്ടു. രാകേഷ് ആ വയസ്സനെ ചീത്ത വിളിച്ചു. വയസ്സന്‍ അവിടെ തിരിഞ്ഞു നിന്നു. അപ്പോള്‍ ആ പാവത്തിനെ കളിയാക്കി. ആ വയസ്സന്‍ അടുത്തു വന്നു രാകേഷിന്റെ ചെകിട്ടത്ത് ഒരടി കൊടുത്തു.
അടികൊണ്ട രാകേഷ് വാവിട്ടു കരഞ്ഞു. വയസ്സന്‍ അവിടെ തന്നെ നിന്നു കൊണ്ട് പറഞ്ഞു ‘’ മേലില്‍ ആരേയും ചീത്ത വിളിക്കരുത്’‘
രാകേഷിന്റെ കരച്ചില്‍ കേട്ട് അമ്മ ഓടി വന്നു ചോദിച്ചു.
‘’ മോനേ എന്തു പറ്റി? എന്തിനാ കരയുന്നത്?’‘
വഴിയെ പോയ വയസ്സന്‍ തല്ലിയ കാര്യം രാകേഷ് പറഞ്ഞു. അമ്മ വയസ്സനോട് ചോദിച്ചു : ‘’ എന്തിനാണ് കുട്ടിയെ തല്ലിയത്?’‘
‘’ കുട്ടി ചീത്ത പറഞ്ഞതുകൊണ്ടാണ് തല്ലിയത്’‘ ആ വയസ്സന്‍ പറഞ്ഞു.
‘’രാകേഷ് കുട്ടിയല്ലേ? അവന്‍ ചീത്ത പറഞ്ഞു എന്നു കരുതി തല്ലാമോ ? അവന്‍ അറിവില്ലാത്തതു കൊണ്ടു പറഞ്ഞതല്ലേ വയസ്സായവര്‍ക്ക് ക്ഷമിക്കാന്‍ പാടില്ലേ?’‘ രാകേഷിന്റെ അമ്മ മകനെ ന്യായീകരിച്ചു സംസാരിച്ചു.
അമ്മയുടെ സംസാരം കേട്ടപ്പോള്‍ വയസ്സന്‍ പറഞ്ഞു ‘’ ഞാന്‍ തല്ലിയത് കുട്ടിക്ക് അറിവിനു വേണ്ടിയാണ് മേലില്‍ അവന്‍ ആരേയും ചീത്ത വിളിക്കുകയില്ല. ഞാന്‍ തല്ലിയില്ലെങ്കില്‍ അവന്‍ ഈ രീതിയില്‍ വളര്‍ന്നു വന്നാല്‍ മറ്റുള്ളവരുടെ കൈയില്‍ നിന്നും പോലീസിന്റെ കൈയില്‍ നിന്നും അടിമേടിക്കാന്‍ ഇടവരും. അതിനു ഇടവരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അടിച്ചത്. കുട്ടികള്‍ ചെറുപ്പത്തില്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കണം എങ്കിലെ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുകയുള്ളു’‘
വയസ്സന്റെ സംസാരം കേട്ടപ്പോള്‍ അമ്മക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
വയസ്സന്‍ പറഞ്ഞത് ശരിയാണെന്ന് അമ്മക്ക് തോന്നി. അമ്മ മകനോടു പറഞ്ഞു ‘’ പട്ടിയുടെ വായില്‍ കോലിട്ടു കുത്തി കടിമേടിക്കരുത് വഴിയെ പോകുന്നവരെ ചീത്ത വിളിച്ച് അടി മേടിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? മേലില്‍ ആരേയും അനാവശ്യം പറയരുത് പറഞ്ഞാല്‍ ഇതു തന്നെയായിരിക്കും അനുഭവം ഇതു നാളേക്ക് ഒരു പാഠമായിരിക്കട്ടെ’‘
കുറ്റബോധത്തോടെ രാകേഷ് കരഞ്ഞു കണ്ണുനീര്‍ തുടച്ചു. അവന്‍ മേലില്‍ ആരേയും ചീത്ത വിളിക്കുകയില്ലെന്നു തീരുമാനമെടുത്തു. പിന്നീട് അവന്‍ നല്ല കുട്ടിയായി വളര്‍ന്നു. അതിനു ശേഷം ആരേയും ചീത്ത വിളിച്ചിട്ടില്ല.
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല സന്ദേശങ്ങള്‍ കൊടുക്കണം. തെറ്റു ചെയ്താല്‍ ശിക്ഷിക്കണം.
Generated from archived content: alakkukarande8.html Author: sathyan_thannipuzha