സ്മാരകമന്ദിരം

അരവിന്ദ് സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആണ്. അയാള്‍ക്ക് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിയുണ്ട്. നാടിനും നാട്ടാര്‍ക്കും വേണ്ടി തന്നാല്‍ കഴിയും വിധം നല്ല കാര്യങ്ങള്‍ ചെയ്യണമെന്നാഗ്രഹമുണ്ട്. അയാളുടെ നാട്ടില്‍ ഒരു വിദ്യാഭ്യാസസ്ഥാപനം സ്ഥാപിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. അരവിന്ദിന് ശമ്പളം കിട്ടിയപ്പോള്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി വിദ്യാലയത്തിനു കൊടുത്തു.

അരവിന്ദിന്റെ വീട്ടുകാര്‍ അവരുടെ വീട്ടുകാരെ സംഘടിപ്പിച്ച് ഫാമിലിട്രസ്റ്റ് രൂപീകരിച്ചു. രോഗം മൂലവും സാമ്പത്തികമായും അവശത അനുഭവിക്കുന്നവരെയും വിദ്യാഭ്യാസം ചെയ്യുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുള്ളവരേയും സഹായിക്കുക എന്നതായിരുന്നു ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ക്ക് ഫണ്ടു രൂപീകരിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഫണ്ടിലേക്ക് അവരരുടെ കഴിവനുസരിച്ച് സംഭാവന ചെയ്തു. അരവിന്ദ് പതിനായിരം രൂപ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

അരവിന്ദ് ഇങ്ങനെ പൊതുകാര്യങ്ങള്‍ക്ക് കയ്യയച്ച് സംഭാവന ചെയ്യുന്നതു കണ്ടപ്പോള്‍ അയാളുടെ ഭാര്യ പറഞ്ഞു .’‘ നമുക്ക് ആ പതിനായിരം രൂപയുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം കാര്യം ചെയ്യാമായിരുന്നു എന്തിനാണ് വല്ലവര്‍ക്കും ഈ രൂപ കൊണ്ടുകൊടുക്കുന്നത്?’‘

ഭാര്യയും ഭര്‍ത്താ‍വും തമ്മിലുള്ള സംസരം കേട്ടപ്പോള്‍ അയല്പക്കത്തെ സ്ത്രീ അവരുടെ ഭര്‍ത്താവിനോടു പറഞ്ഞു ‘’ അയാളുടെ കയ്യില്‍ വേണ്ട രൂപയുണ്ട് എഴുത്തില്‍ നിന്ന് നല്ല വരുമാനമുണ്ട് പോസ്റ്റുമാന്‍ മണിയോറ്ഡറുമായി മിക്ക ദിവസങ്ങളിലും കയറി ചെല്ലുന്നത് ഞാന്‍ കാണാറുണ്ട്. അയാളുടെ കയ്യില്‍ പൂത്ത പണമുണ്ട് കുറെ കൊടുക്കട്ടെ ‘’

അരവിന്ദ് ഇങ്ങനെ പൊതു ആവശ്യങ്ങള്‍ക്ക് പണം കൊടുക്കുന്നത് ഭാര്യക്കും മകനും ഇഷ്ടമല്ല. അവര്‍ അരവിന്ദിന്റെ സല്‍പ്രവര്‍ത്തികള്‍ക്ക് വില കല്‍പ്പിച്ചില്ല. അവര്‍ കുറ്റപ്പെടുത്തി പരിഹസിച്ചു. നാട്ടുകാരില്‍ ചിലരും കളിയാക്കി. അയാള്‍ ഒരു മണ്ടനാണ് അല്ലെങ്കില്‍ ഇങ്ങനെ രൂപ കളയുമോ എന്നു ചോദിച്ചു.

ആ ഗ്രാമത്തില്‍ അരവിന്ദ് ഒരു വായനശാല സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. നാട്ടിലെ മണ്മറഞ്ഞ ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ വായനശാലയുടെ പ്രവത്തനം തുടങ്ങി. അരവിന്ദ് പ്രസിഡന്റായി ഭരണസമിതിയും രൂപീകരിച്ചു. അധികമാരും വായനശാലക്കു വേണ്ടി പണം നല്‍കിയില്ല. അരവിന്ദിന്റേയും സുഹൃത്തുക്കളായ സാഹിത്യകാരന്മാരുടേയും പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാല പ്രവര്‍ത്തനം തുടങ്ങി. രജിസ്ട്രേഷനും വാങ്ങി. ഉദ്ഘാടനത്തില്‍ വച്ച് അയ്യായിരം രൂപ അരവിന്ദ് സെക്രട്ടറിയെ ഏല്‍പ്പിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നു. അതു കണ്ടവര്‍ പറഞ്ഞു ‘’ അരവിന്ദ് പത്രത്തില്‍ പേരു വരുവാന്‍ വേണ്ടിയാണ് ഈ പണിയെല്ലാം ചെയ്യുന്നത് അയാള്‍ പ്രശസ്തി ആഗ്രഹിക്കുന്നവനാണ് ‘’

അയാള്‍ ചെയ്ത നല്ല കാര്യം കണ്ട് അഭിനന്ദിക്കുവാന്‍ അധികമാരും തയ്യാറായില്ല.

എന്നിട്ടും അരവിന്ദിന് ആരോടും ഇഷ്ടക്കുറവുണ്ടായില്ല. എല്ലാവരോടും സ്നേഹവും ബഹുമാനവുമായിരുന്നു. അയാള്‍ സന്തോഷവാനായിരുന്നു സമൂഹത്തിന് നന്മ ചെയ്ത് അയാള്‍ സന്തോഷിച്ചു. സുഖമായി ജീവിച്ചു മരിച്ചു.

മരിച്ചു കഴിഞ്ഞപ്പോള്‍ നാട്ടുകാരും വീട്ടുകാരും അരവിന്ദിന്റെ ഗുണകണങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ആദരസൂചകമായി ഒരാഴ്ച ദുഖാചരണം നടത്തി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ വലിയ ആദരവ് വ്യക്തി പൂജയായി മാറി. അരവിന്ദിന് നാട്ടില്‍ സ്മാരകം ഉയര്‍ന്നു.

Generated from archived content: alakkukarande7.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English