നേര്‍വഴി ചൂണ്ടുന്ന കഥകള്‍

അനന്തപത്മനാഭന്‍ ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്തപ്പോള്‍ സാഹിത്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടു. കുട്ടികള്‍ക്കുള്ള കഥകള്‍ എഴുതുവാന്‍ തുടങ്ങി. കഥകള്‍ കുട്ടികള്‍ക്കുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നു. കുറെ കഥകളായപ്പോള്‍ കഥകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു.

കഥകളുടെ സമാഹാരവുമായി ഒരു പ്രസിദ്ധീകരണശാലയുടെ ഉടമസ്ഥനെ ചെന്നു കണ്ടു. പുസ്തകം പ്രസിദ്ധീകരിക്കുവാനവര്‍ തയാറായില്ല. പുസ്തകത്തിന്റെ അച്ചടിച്ചെലവും പേപ്പര്‍ വാങ്ങാനുള്ള രൂപയും തന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞു. അനന്തപത്മനാഭന്‍ മുഴുവന്‍ ചെലവും വഹിച്ച് ആനപ്പാപ്പാന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

പുസ്തക പ്രകാശനം കഴിഞ്ഞു. കുറെ പുസ്തകങ്ങള്‍ അനന്തപത്മനാഭന്‍ കൊണ്ടു നടന്നു വില്‍ക്കാന്‍ തീരുമാനിച്ചു. പുസ്തകവുമായി പലരേയും സമീപിച്ചു. ചില സുഹൃത്തുക്കള്‍ പുസ്തകം വാങ്ങിച്ചു. പലരും വാങ്ങിച്ചില്ല. വായിക്കുവാന്‍ കുട്ടികള്‍ ഇല്ല, ചിലരുടെ മക്കള്‍ എഞ്ചിനീയറിംഗ് കോളേജിലും മെഡിക്കല്‍ കോളേജിലുമാണ് പഠിക്കുന്നതെന്നും അവര്‍ക്ക് കഥാപുസ്തകം വായിക്കാന്‍ നേരമില്ല എന്നും പറഞ്ഞ് ഒഴിഞ്ഞു മാറി.

അനന്തപത്മനാഭന്‍ തുടര്‍ന്ന് എഴുതി രൂപ മുടക്കി പ്രസിദ്ധികരിക്കുവാന്‍ ധൈര്യപ്പെട്ടില്ല . പുസ്തക വില്‍പ്പനയില്‍ നിന്നു വിചാരിച്ച ലാഭം കിട്ടുമെന്നു തോന്നിയില്ല. അങ്ങിനെ ഇരിക്കെ കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ് ഗോപിനാഥന്‍ മാഷെ പരിചയപ്പെട്ടു. മാഷിന്റെ നിര്‍ബന്ധപ്രകാരം ബാലസാഹിത്യ അക്കാദമിയില്‍ ലൈഫ് മെമ്പര്‍ ആയി ചേര്‍ന്നു. തുടര്‍ന്നും എഴുതണമെന്നു പറഞ്ഞ് മാഷ് നിര്‍ബന്ധിച്ചു.

അനന്തപത്മനാഭന്‍ ആനപ്പാപ്പാന്‍ എന്ന പുസ്തകം ഗോപിനാഥന്‍ മാഷിനു കൊടുത്തു. പിന്നീട് ഒരു ദിവസം അനന്തപത്മനാഭനെ കണ്ടപ്പോള്‍ മാഷ് പറഞ്ഞു ‘’ ഒന്നാന്തരം ബാലസാഹിത്യകൃതിയാണ് ആനപ്പാപ്പാന്‍ ഇനിയും ഇതുപോലുള്ള നല്ല കൃതികള്‍ എഴുതണം.’‘

എക്സ്പ്രസ്സ് പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ‘’ കുട്ടികള്‍ക്കു നേര്‍വഴി ചൂണ്ടുന്ന കഥകള്‍’‘ എന്ന തലക്കെട്ടില്‍ ആനപ്പാപ്പാന്‍ എന്ന പുസ്തകത്തെപ്പറ്റി മാഷ് എഴുതിയ നിരൂപണത്തില്‍ കുട്ടികള്‍ക്ക് നേര്‍വഴി ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ഇത്തരം കഥകള്‍ ഇനിയും ഉണ്ടായേ തീരു” എന്നെഴുതി. നിരൂപണം വായിച്ച അനന്തപത്മനാഭന് അത്ഭുതാവഹമായ ഉണര്‍വുണ്ടായി. ഇടതടവില്ലാതെ എഴുതുവാനുള്ള പ്രചോദനമായി. പത്രത്തില്‍ വന്ന ലേഖനം വായിച്ച് പലരും പുസ്തകം വാങ്ങി. പുസ്തകത്തിനു നല്ല വില്‍പ്പന ലഭിച്ചു. പ്രസാധകര്‍ പുതിയ പുസ്തകം ആവശ്യപ്പെട്ടു. അവരുടെ ചെലവില്‍ പ്രസിദ്ധീകരിച്ചു കൊള്ളാമെന്നു പറഞ്ഞു . അനന്തപത്മനാഭന്‍ പുതിയ പുസ്തകം എഴുതിക്കൊടുത്തു. അവര്‍ പ്രസിദ്ധീകരിച്ചു.

അനന്തപത്മനാഭന്‍ ഇന്ന് അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ്. വളര്‍ച്ചക്കു കാരണം മാഷിന്റെ ആ ലേഖനം നല്‍കിയ പ്രചോദനമാണെന്നാണ് പറയുന്നത് . നല്ല വാക്കും ഒരു പുഞ്ചിരിയും ജീവിതം തന്നെ മാറ്റി മറിക്കാന്‍ കാരണമാകും.

Generated from archived content: alakkukarande6.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here