ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്

മൃദുല മൂന്നാം സ്റ്റാന്‍ഡേര്‍ഡിലാണ് പഠിക്കുന്നത്. അവള്‍ സ്കൂള്‍ ബസ്സിലാണ് സ്കൂളിലേക്കു പോകുന്നതും വരുന്നതും. സ്കൂള്‍ വിട്ടു വന്നു ചായകുടി കഴിഞ്ഞാല്‍ അയല്പക്കത്തുള്ള കൃഷ്ണേന്ദുവിന്റെ കൂടെ കളിക്കും.

കളി കഴിഞ്ഞ് മൃദുല പഠിക്കാന്‍ തയ്യാറായപ്പോള്‍ അച്ഛന്‍ ജോലി കഴിഞ്ഞു വന്നു ചായ കുടിച്ചു . മൃദുല അച്ഛന്റെ അടുത്തു ചെന്നു പറഞ്ഞു ‘’ അച്ഛാ എന്നെ പഠിപ്പിക്ക്’‘

‘’ മോളേ വാര്‍ത്ത കേള്‍ക്കട്ടെ എന്നിട്ടു പഠിപ്പിക്കാം’‘ അച്ഛന്‍ പറഞ്ഞു.

അച്ഛന്‍ ടി. വി ഓണ്‍ ചെയ്ത് വാര്‍ത്ത കേട്ടിരുന്നു. മൃദുലയും അച്ഛന്റെ ഒപ്പമിരുന്നു ടി. വി കണ്ടു. സമയം പോയതറിഞ്ഞില്ല. നേരം വിളക്കു വയ്ക്കാറായി . അവള്‍ എഴുന്നേറ്റു പോയി കൈയും കാലും മുഖവും കഴുകി വന്നു വിളക്കു കത്തിച്ചു വച്ച് സന്ധ്യനാമം ചൊല്ലി.

അതിനു ശേഷം പഠിക്കാന്‍ തയ്യാറായി. അവള്‍ അച്ഛന്റെ അടുത്തു ചെന്നു പറഞ്ഞു ; ‘’ അച്ഛാ എന്നെ പഠിപ്പിക്ക്’‘

അച്ഛന്‍ പറഞ്ഞു: ‘’ മോള്‍ അമ്മയുടെ അടുത്ത് ചെല്ല് അമ്മ പഠിപ്പിക്കും.’‘

മൃദുല അമ്മയുടെ അടുത്തു ചെന്നു പറഞ്ഞു : ‘’ അമ്മേ എന്നെ പഠിപ്പിക്ക് . എനിക്ക് ഒരു പാട് പഠിക്കാനുണ്ട്.’‘

‘’ മോളെ ഈ സീരിയല്‍ കഴിയട്ടെ എന്നിട്ടു പഠിപ്പിക്കം’‘ അമ്മ പറഞ്ഞു.

‘’ അമ്മേ വീട്ടില്‍ ചെന്നു വായിച്ചു പഠിക്കണമെന്നു ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. നാളെ എന്നെക്കൊണ്ട് വായിപ്പിക്കുമ്പോള്‍ തെറ്റിയാല്‍ ടീച്ചര്‍ അടിക്കും. എനിക്കു ടീച്ചറെ പേടിയാണ്. എന്റെ പൊന്നമ്മയല്ലേ എന്നെ വായിക്കാന്‍ പഠിപ്പിക്ക് ‘’ മൃദുല കരഞ്ഞുകൊണ്ടു പറഞ്ഞു.

‘’ ഈ പെണ്ണിനെകൊണ്ട് ശല്യമായല്ലോ ഒന്നു മിണ്ടതിരിക്കടി . ഈ സീരിയല്‍ കഴിയട്ടെ . നിന്നെ പഠിപ്പിക്കാം. ‘’ അമ്മ പറഞ്ഞു.

മൃദുല കരഞ്ഞുകൊണ്ട് കിടക്കയില്‍ കയറിക്കിടന്നു. സീരിയല്‍ കഴിഞ്ഞപ്പോള്‍ അമ്മ വന്നു വിളിച്ചു ‘’ വാ മോളേ പഠിപ്പിക്കാം’‘

മൃദുല പറഞ്ഞു: ‘’ എനിക്കു വിശക്കുന്നു ചോറ് താ’‘

അമ്മ മകള്‍ക്ക് ചോറു കൊടുത്തു അവള്‍ ഇരുന്ന് ചോറുണ്ടു.

അമ്മ പോയി ടി വി യില്‍ ഐഡിയാ സ്റ്റാര്‍സിംഗര്‍ കണ്ടിരുന്നു.

ഊണു കഴിഞ്ഞ് മൃദുല പഠിക്കാന്‍ തയ്യാറായി. ‘’ വാ അമ്മേ എന്നെ പഠിപ്പിക്ക്’‘

‘’ മോളേ സ്റ്റാര്‍സിംഗര്‍ കഴിയട്ടെ എന്നിട്ടു പഠിക്കാം” അമ്മ പറഞ്ഞു. അമ്മയുടെ കൂടെ മകളും വന്നിരുന്നു പാട്ടുകേട്ടു. ഐഡിയാ സ്റ്റാര്‍സിംഗര്‍ കഴിഞ്ഞപ്പോള്‍ മൃദുലക്ക് ഉറക്കം വന്നു. അവള്‍ ഉറങ്ങാന്‍ കിടക്കവിരിക്കാന്‍ പോയി. അപ്പോള്‍ അമ്മ വിളിച്ചു : ‘’ വാ മോളേ പഠിപ്പിക്കാം പുസ്തകം എടുത്തുകൊണ്ടു വാ’‘

‘’ വേണ്ടാ ഞാന്‍ പഠിക്കുന്നില്ല ഇത്രനേരം ആര്‍ക്കും സമയമുണ്ടായില്ലല്ലോ ? ടി വി കാണാനല്ലേ നേരമുണ്ടായുള്ളു. എന്നെ പഠിപ്പിക്കാന്‍ നേരമുണ്ടായില്ലല്ലോ ഞാന്‍ ഉറങ്ങാന്‍ പോവുകയാണ് ഞാന്‍ ഒരു ടി. വി ആയിരുന്നെങ്കില്‍ എല്ലാവരും എന്റെ മുമ്പില്‍ വന്നിരുന്നേനെ ‘’ എന്നു പറഞ്ഞു കൊണ്ട് മൃദുല പോയിക്കിടന്നുറങ്ങി.

Generated from archived content: alakkukarande5.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here