ജലജ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. അമ്മ അദ്ധ്യാപികയും . ജലജക്ക് എപ്പോഴും പരാതികളും ദുരിതങ്ങളും പറയാനാണ് നേരം. അമ്മക്ക് മാമന്റെ മക്കളോടാണ് ഇഷ്ടം എന്നോട് സ്നേഹമില്ല എന്നു പറഞ്ഞു കരയും. അവള്‍ക്ക് പെട്ടെന്നു ദേഷ്യം വരും, ദേഷ്യം വരുമ്പോള്‍ കാരണമില്ലെങ്കിലും അനിയത്തിയെ വഴക്കു പറയും ചീത്ത വിളിക്കും.
ജലജയുടെ വാശിയും ദേഷ്യവും സഹിക്കവയ്യാതായപ്പോള്‍ അമ്മ കുട്ടികളുടെ മനശാസ്ത്രം അറിയാവുന്ന ബാലസാഹിത്യകാരന്‍ ആനന്ദിനോടു എന്താണ് ഇതിനു പ്രതിവിധി എന്നു ചോദിച്ചു .
ബാലസാഹിത്യകാരന്‍ പറഞ്ഞു’‘ വലിയവരാണെങ്കിലും കുട്ടികളാണെങ്കിലും ദേഷ്യം വരുന്നത് സ്വാഭാവികമാണ്. പക്ഷെ മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ആകുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത് . മാതാപിതാക്കള്‍ സ്നേഹിക്കുന്നില്ല എന്ന തോന്നല്‍ ചില കുട്ടികളില്‍ ദേഷ്യത്തിനു കാരണമാകാം. ചിലപ്പോള്‍ മാതാപിതാക്കളുടെ പെരുമാറ്റ രീതി കുട്ടികളെ ദേഷ്യക്കാരാക്കി മാറ്റാം. കുട്ടികള്‍ ദേഷ്യപ്പെട്ടാല്‍ മുതിര്‍ന്നവര്‍ ശാന്തരായി വേണം അവരോട് ഇടപെടാന്‍. അല്ലാതെ ദേഷ്യപ്പെട്ടാല്‍ എരിതീയില്‍ എണ്ണ ഒഴിച്ചപോലെ ആകും . സ്നേഹമായി പെരുമാറിയാല്‍ ദേഷ്യം കുറക്കാന്‍ കഴിയും . ദേഷ്യം കൊണ്ട് മറ്റുള്ളവര്‍ക്കു ഉണ്ടാകുന്ന പ്രയാസം ജലജയെ പറഞ്ഞു മനസിലാക്കണം. അച്ഛനമ്മമാര്‍ അനിയത്തിയെ കൂടുതല്‍ സ്നേഹിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടാക്കാതെ ജലജയും അച്ഛനമ്മമാര്‍ക്ക് പ്രിയപ്പെട്ടവളാണെന്നുള്ള തോന്നല്‍ ഉണ്ടാക്കണം . ജലജ ദേഷ്യപ്പെടുമ്പോള്‍ മുതിര്‍ന്നവര്‍ അവളോട് തര്‍ക്കിക്കാന്‍ പോകാതെ ശാന്തരാകണം . നിന്റെ ദേഷ്യം മാറി നല്ല കുട്ടിയാകുമ്പോള്‍ എന്റെ അടുത്തു വന്നാല്‍ മതി എന്നു പറയാം. കുറെ കഴിയുമ്പോള്‍ ജലജ ശാന്തമാകും. ദേഷ്യം പമ്പ കടക്കും. അതോടെ പ്രശ്നം തീരും അപ്പോള്‍ കാര്യം പറഞ്ഞു മനസിലാക്കാം. എങ്ങെനെയാണ് പെരുമാറേണ്ടെതെന്ന് കൃത്യമായി പറഞ്ഞു കൊടുത്ത് മനസ്സ് നന്മ നിറച്ച് മോള്‍ഡ് ചെയ്യണം. അല്ലാതെ കുറ്റപ്പെടുത്തരുത്. ജലജ ഏതു സാഹചര്യത്തിലാണ് ദേഷ്യപ്പെടുന്നതെന്നു മനസിലാക്കി സ്നേഹപൂര്‍വം വേണ്ട ശിക്ഷണം നല്‍കണം ശിക്ഷയല്ല .”
പട്ടാളക്കാരന് യുദ്ധം ചെയ്യാന്‍ സാധിക്കുന്നത് അയാള്‍ക്ക് ട്രയിനിങ്ങ് കിട്ടിയത് കൊണ്ടാണ് . മനസ്സില്‍ ലഭിച്ചിരിക്കുന്ന ആ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ യുദ്ധം ചെയ്യുന്നത് . മക്കളുടെ മനസ്സിനെ സംസ്ക്കരിക്കുവാനുള്ള സന്ദേശം മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കണം . ജലജയ്ക്ക് നല്ല സന്ദേശങ്ങള്‍ വേണ്ട സമയത്തു ലഭിക്കാത്തതു കൊണ്ടാണ് പരാതികള്‍ പറഞ്ഞു കൊണ്ടു നടക്കുന്നതും ദേഷ്യപ്പെടുന്നതും. അറിവുകളും സംസ്ക്കാരങ്ങളും എവിടെ ലഭിക്കുമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കണം.
ജലജയോട് നാളെ ഇവിടെ വരാന്‍ പറയുക. ഞാന്‍ സംസാരിച്ചു നോക്കട്ടെ.
പിറ്റെ ദിവസം അമ്മയും ജലജയും സാഹിത്യകാരന്റെ അടുത്തു ചെന്നു.
സാഹിത്യകാരന്‍ പറഞ്ഞു. ‘’ ജലജെ , പ്രകൃതിയിലെ നന്മകള്‍ സ്വീകരിച്ച് നമ്മുടെ ജീവിതം നന്മ നിറഞ്ഞതാക്കണം . ദേഷ്യം വരുന്നതു തെറ്റല്ല മനുഷ്യസ്വഭാവമാണ് എല്ലാവര്‍ക്കും ദേഷ്യം വരും എനിക്കും ചിലപ്പോള്‍ ദേഷ്യം വരാറുണ്ട്. പക്ഷെ നമ്മുടെ മനസ്സ് ദേഷ്യത്തിന് അടിമപ്പെടാതെ നോക്കണം. ദേഷ്യം മനസില്‍ നിന്നും മാറ്റിയാലേ മനസമാധാനം ലഭിക്കു. മനസാണ് ശരീരത്തെക്കൊണ്ട് എന്തും ചെയ്യിക്കുന്നത്. ഇന്നു തുടങ്ങി അമ്മയോടും അനിയത്തിയോടും സ്നേഹമായി പെരുമാറുക. അപ്പോള്‍ അവരും തിരിച്ച് ജലജയോടും സ്നേഹമായി പെരുമാറും അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടാകും’‘
‘’ ഞാന്‍ എത്ര സ്നേഹമായി പെരുമാറിയാലും അമ്മക്ക് ഒരു സ്നേഹവുമില്ല. ഇന്നലെ അത്താഴമുണ്ണാറായപ്പോള്‍ അമ്മ റിയാലിറ്റി ഷോ കണ്ടിരിക്കുകയായിരുന്നു . ഞാന്‍ ചോറു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ എടുത്തു ഉണ്ടു കൊള്ളുവാന്‍ പറഞ്ഞു. അമ്മക്കു എടുത്തു തന്നാലെന്താ’‘ ജലജ ചോദിച്ചു.
ജലജയുടെ സംസാരം കേട്ടപ്പോള്‍ സാഹിത്യകാരന്‍ അമ്മയോടു പറഞ്ഞു
‘’ സ്നേഹം എന്ന വികാരം കൊടുക്കുന്ന രീതിയിലാണ് പ്രകടമാകേണ്ടത് . അമ്മ ചോറ് വിളമ്പി ഒരു നറു പുഞ്ചിരിയോടു കൂടി മകളോടു കുശലം ചോദിച്ചു കൊടുത്താല്‍ അപ്പോള്‍ മകള്‍ക്ക് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. അമ്മയോട് കുടുതല്‍ സ്നേഹം തോന്നും. ഇങ്ങനെ സ്നേഹം പരസ്പരം കൊടുത്തു വാങ്ങണം. സ്നേഹം കിട്ടാത്ത കുട്ടികളാണ് വാശി , ദേഷ്യം എന്നീ സ്വഭാവദൂഷ്യങ്ങള്‍ പ്രകടിപ്പിക്കുന്നത്’‘
സാഹിത്യകാരന്റെ സംസാരം അമ്മക്ക് പുതിയ അറിവായിരുന്നു. അതനുസരിച്ച് ജലജയോട് പെരുമാറാന്‍ തയ്യാറായി.
ജലജയെ വിളിച്ചു പറഞ്ഞു. ‘’അമ്മയാണ് കാണപ്പെട്ട ദൈവം അമ്മയെ വേദനിപ്പിക്കരുത് . ഇന്നു മുതല്‍ അമ്മയോടും അനിയത്തിയോടും ദേഷ്യപ്പെടരുത്. അവരോട് സ്നേഹമായി പെരുമാറണം. അപ്പോള്‍ അവരും ജലജയോട് സ്നേഹമായി പെരുമാറും. മനസില്‍ ദൈവഭക്തി വളര്‍ത്തുക. രാവിലേയും കിടക്കാന്‍ നേരത്തും ദൈവദശം ചൊല്ലി ദൈവത്തെ വണങ്ങുക. ജീവിതം ധന്യമാകും’‘
വീണ്ടും വരണമെന്ന് പറഞ്ഞ് ജലജയേയും അമ്മയെയും പറഞ്ഞു വിട്ടു.
സാഹിത്യകാരന്റെ കൗണ്‍സിലിംഗ് ജലജയുടെ സ്വഭാവത്തിലും അമ്മയുടെ സ്വഭാവത്തിലും പിന്നീട് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. അമ്മയും മകളും പിന്നൊരിക്കല്‍ സാഹിത്യകാരന്റെ അടുത്തു വന്നപ്പോള്‍ അമ്മ പറഞ്ഞു.
‘’ ജലജ ഇപ്പോള്‍ നല്ല കുട്ടിയായി. അവള്‍ക്ക് ദേഷ്യവും വാശിയും ഇല്ല . സാറിന്റെ ഉപദേശം അവള്‍ക്ക് നല്ല വഴി കാട്ടിക്കൊടുത്തു. സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’‘
Generated from archived content: alakkukarande4.html Author: sathyan_thannipuzha
Click this button or press Ctrl+G to toggle between Malayalam and English