ഒരു ഒഴിവു ദിവസം പേരക്കുട്ടികള്‍ രമ്യയും ധന്യയും കണ്ടങ്കോരന്റെ അടുത്തു വന്നു കളി തമാശ പറഞ്ഞിരുന്നു. മുത്തച്ഛന്‍ പേരക്കുട്ടികളോടു പറഞ്ഞു. ‘’ പണ്ട് നമ്മുടെ വീടിന്റെ മുന്‍വശത്ത് റോഡ് ഉണ്ടായിരുന്നില്ല . പിന്നെ റോഡ് വന്നപ്പോള്‍ ഈ റോഡിലൂടെ ഒരു കാറ് വന്നാല്‍ കാറുകാണാന്‍ കുട്ടികളും വലിയവരും ഓടിച്ചെല്ലും. അന്ന് അത് അപൂര്‍വ കാഴ്ചയായിരുന്നു. ഒരു വിമാനം പോകുന്ന ശബ്ദം കേട്ടാല്‍ കുട്ടികളും മുതിര്‍ന്നവരും ആകാശത്തേക്ക് നോക്കി നില്‍ക്കുമായിരുന്നു. ഇന്ന് ഇതെല്ലാം അപൂര്‍വ കാഴ്ചകളല്ലാതായി മാറി. നിത്യ കാഴ്ചകളായി തീര്‍ന്നു. കാലത്തിനു അത്രമാത്രം മാറ്റം വന്നിരിക്കുന്നു’‘
മുത്തച്ഛന്റെ സംസാരം പേരക്കുട്ടികള്‍ കൗതുകത്തോടെ കേട്ടിരുന്നു. മുത്തച്ഛനും പേരക്കുട്ടികളും തമ്മില്‍ സംസാരിച്ചിരുന്നപ്പോള്‍ കുട്ടികളുടെ അച്ഛന്‍ പുറത്തു പോകാന്‍ തയ്യാറെടുത്തു വന്നു. അച്ഛന്റെ അടുത്തു കുട്ടികള്‍ ഓടിച്ചെന്നു ചോദിച്ചു ‘’ അച്ഛന്‍ രാവിലെ എവിടെ പോണു?
അച്ഛന്‍ പറഞ്ഞു ‘’ നമുക്ക് ഒരു പുതിയ വീട് പണിയണം ഈ വീട് പഴയ മോഡലാണ്. കാലഘട്ടത്തിനു അനുയോജ്യമായ ഒരു പുതിയ വീടിന്റെ പ്ലാന്‍ വരപ്പിക്കാന്‍ എഞ്ചിനീയറെ കാണാന്‍ പോകയാണ് എന്താ ഈ വീട് പൊളിച്ചു കളഞ്ഞ് നമുക്ക് ഒരു പുതിയ വീട് പണിയേണ്ടേ?’‘
‘’ വേണം …വേണം… പുതിയ വീട് നമുക്ക് വേണം പുതിയവീട് ‘’ കുട്ടികള്‍ പറഞ്ഞു.
അച്ഛന്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടന്നു. മുത്തച്ഛന്‍ ചാരുകസേരയില്‍ കിടന്ന് പത്രം വായിച്ചു. രമ്യയും ധന്യയും കളിക്കാന്‍പോയി കളിച്ചു തല്ലിട്ടു. രമ്യ ധന്യയെ ചീത്ത വിളിച്ചു.
‘’ എടീ ശവമേ നിനക്കു ഞാനൊരു ചവിട്ടു തരും’‘
ധന്യ തിരിച്ചു വിളിച്ചു ‘’ പോടി പട്ടി’‘
പേരക്കുട്ടികള്‍ വായില്‍ വന്ന അനാവശ്യങ്ങള്‍ പറയുന്നത് മുത്തച്ഛന്‍ കേട്ടു . മുത്തച്ഛന്‍ പറഞ്ഞു ‘’ വായില്‍ നിന്നു വീഴുന്ന വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാന്‍ കഴിയില്ല. വാക്ക് സൂക്ഷിച്ചു വേണം പറയാന്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കു പറയരുത്. ജീവിതത്തിലുണ്ടാകുന്ന പല വഴക്കുകള്‍ക്കും കാരണം വായില്‍ നിന്നു വീഴുന്ന വാക്കാണ്. നല്ല വാക്കുകള്‍ പറയുക. അത് സ്നേഹബന്ധം ഉറപ്പിക്കാന്‍ സാധിക്കും. കലഹങ്ങള്‍ക്ക് കാരണം ചീത്ത വാക്കുകള്‍ പറയുന്നതു മൂലമാണ്. സംഭാഷണത്തില്‍ നല്ല വാക്കുകള്‍ ഉപയോഗിക്കുക. അതു സൗഹൃദബന്ധം ഉറപ്പിക്കും. നാക്കില്‍ നിന്നു വരുന്ന വാക്ക് നരകവും സ്വര്‍ഗവും സൃഷ്ടിക്കും. സ്നേഹബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ശിഥിലമാക്കുന്നതിനും വാക്കുകള്‍ക്ക് കഴിയും. മക്കള്‍ സംഭാഷണത്തില്‍ നല്ല വാക്കുകള്‍ പറഞ്ഞു ശീലിക്കുക. വീട്ടില്‍ പറഞ്ഞു പരിചയിക്കുന്ന സംഭാഷണരീതിയാണ് പുറമെ പറയുന്നത്. ഇത്തരം ചീത്ത വാക്കുകള്‍ പുറമെ പറഞ്ഞാല്‍ ശത്രുക്കളെ ഉണ്ടാക്കും. അതു ജീവിതപരാജയത്തിനു കാരണമാകും. ജീവിതം നരകതുല്യമാക്കും. നല്ല വാക്കുകള്‍ പറയുക അത് സൗഹൃദബന്ധം ഉറപ്പിക്കും. അതു ജീവിതം സ്വര്‍ഗ്ഗതുല്യമാക്കും. അതുകൊണ്ട് മേലില്‍ മക്കള്‍ നല്ല വാക്കുകളെ പറയാവൂ, ‘ നാക്കുള്ളവന് നാട്ടില്‍ പാതി’ എന്നാണ് ചൊല്ല് . നാക്കില്‍ നിന്നു നല്ല വാക്ക് ഉരിയാടുന്നവന് എന്തും നേടാന്‍ കഴിയും എന്നാണ് ഈ ചൊല്ലിന്റെ സാരം’
മുത്തച്ഛന്റെ സംസാരം കേട്ടപ്പോള്‍ പേരക്കുട്ടികള്‍ പറഞ്ഞു; ‘’ മുത്തച്ഛന്‍ പറഞ്ഞ രീതിയില്‍ മേലില്‍ സംസാരിച്ചു കൊള്ളാം ചീത്ത വാക്കുകള്‍ പറയുകയില്ല’‘.
Generated from archived content: alakkukarande2.html Author: sathyan_thannipuzha