മുകുന്ദന് ബാലസാഹിത്യകാരനാണ്. അയാള്‍ മുപ്പത്തിയഞ്ചു ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതില്‍ പതിനഞ്ചു പുസ്തകങ്ങള്‍ എസ് എസ് എ സ്കീമിലുണ്ട്. പലപുസ്തകങ്ങളുടെയും കോപ്പികള്‍ പതിനായിരക്കണക്കിന് വിറ്റിട്ടുണ്ട്. എന്നിട്ടും മുകുന്ദന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല.
മുപ്പതു പുസ്തകമെഴുതിയത് ഇത്ര വലിയ കാര്യമാണോ എന്നാണ് നാട്ടുകാരില്‍ ചിലരുടെ ചോദ്യം.
മുകുന്ദന് കാറോ ബൈക്കോ ഇല്ല. ഒരു സൈക്കിളിലാണ് യാത്ര. ഒരു ദിവസം സൈക്കിളില്‍ പോകുന്ന മുകുന്ദനെ കണ്ടപ്പോള്‍ ഒരു അഭ്യുദയകാംക്ഷി സ്നേഹപൂര്‍വം വിളിച്ചു.മുകുന്ദന്‍ അഭ്യുദയകാംക്ഷിയുടെ അടുത്തു ചെന്നു. അഭ്യുദയകാംക്ഷി ചോദിച്ചു: “ഇപ്പോള്‍ ഇതിലും സൗകര്യമുള്ള വാഹനമില്ലേ?ഒരു ബൈക്ക് വാങ്ങിക്കൂടേ?കാലഘട്ടത്തിന് അനുസരിച്ച് ഉയരണ്ടേ? സാറ് നല്ല സാഹിത്യകാരനാണ്.അപ്പോള്‍ ആ അന്തസ്സില്‍ വേണ്ടേ നടക്കാന്‍.”
മുകുന്ദന്‍ പറഞ്ഞു: “കാറോ ബൈക്കോ വാങ്ങി യാത്ര ചെയ്യാമായിരുന്നു. അതിനുള്ള വരുമാനം വേണ്ടേ? കാശില്ലാത്തവന്‍ കാശിക്കു പോകുന്നതെങ്ങനെ?”
“ഇന്ന് സമൂഹത്തില്‍ വിലയും നിലയും കിട്ടണമെങ്കില്‍ അല്പം മോടിയും ആര്‍ഭാടവും ആവശ്യമാണ്. സാറിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനു കാരണം ഈ പഴഞ്ചന്‍ മട്ടിലുള്ള ജീവിതശൈലിയാണ്. ഈ ജീവിതശൈലി മാറ്റി രാഷ്ട്രീയക്കാരേയും സമുദായനേതാക്കളെയും പ്രീണിപ്പിച്ചാല്‍ സാറിന്റെ കൃതികള്‍ വിലമതിക്കപ്പെടും അവാര്‍ഡുകള്‍ ലഭിക്കും. അതിനു രൂപ മുടക്കണം. പണംകൊണ്ട് എറിഞ്ഞാലെ പ്രശസ്തിയും അവാര്‍ഡും ലഭിക്കുകയൊള്ളു.” അഭ്യുദയകാംക്ഷി പറഞ്ഞു.
അഭ്യുദയകാംക്ഷിയുടെ അഭിപ്രായം കേട്ടപ്പോള്‍ മുകുന്ദന്‍ പറഞ്ഞു: “എനിക്ക് എന്റെ ജീവിതരീതിയില്‍ മാറ്റം വരുത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ ലളിതജീവിതമാണ് ഇഷ്ടപ്പെടുന്നത്. അത് ഒരു കുറവാണെന്ന് ഇന്നുവരെ എനിക്കു തോന്നിയിട്ടില്ല. അവാര്‍ഡുകളും അംഗീകാരങ്ങളും അന്വേഷിച്ച് ഞാന്‍ പോകാറില്ല. എന്റെ വായനക്കാര്‍ കുട്ടികളാണ്. കുട്ടികള്‍ പുസ്തകങ്ങള്‍ വായിച്ച് കഥകള്‍ ഇഷ്ടപ്പെട്ടു എന്ന് എഴുതി അറിയിക്കാറുണ്ട്. അഭിനന്ദനകത്തുകള്‍ വരാറുണ്ട്. ഫോണ്‍ വിളിച്ച് അഭിനന്ദിക്കാറുണ്ട്. അതു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു.
അവനവനെ അംഗീകരിക്കാനുള്ള മാനസികാവസ്ഥയാണ് ഉണ്ടാകേണ്ടത് സെല്‍ഫ്സ്ട്രോക്ക്. ഞാന്‍ കേമനാണെന്നുള്ള അഹങ്കാരമല്ല വിനയത്തോടെ അവനവന്റെ മനസ്സിനെ അവനവന്‍ ഉയര്‍ത്തണം. മാനസികമായി ഉയരണം അല്ലാതെ പ്രശസ്തിയുടെയും അവാര്‍ഡിന്റെയും പിന്നാലെ പോകേണ്ട കാര്യമില്ല. അപ്പോള്‍ മനഃസമാധാനമുണ്ടാകും സന്തോഷമുണ്ടാകും. എനിക്ക് അതു വേണ്ടുവോളം ലഭിക്കുന്നുണ്ട്. ഞാന്‍ സംതൃപ്തനാണ്.”
മുകുന്ദന്റെ മറുപടി കേട്ടപ്പോള്‍ അഭ്യുദയകാംക്ഷി പറഞ്ഞു “സാറ് സാധാരണക്കാരില്‍ നിന്നും വ്യത്യസ്ഥനായി ചിന്തിക്കുന്ന ഒരു വലിയ മനുഷ്യനാണ് സമ്മതിച്ചിരിക്കുന്നു.”
Generated from archived content: alakkukarande14.html Author: sathyan_thannipuzha