മുത്തുക്കറുപ്പന്‍ മുക്കണഞ്ചേരി പാടത്ത് മുക്കാലേക്കര്‍ നിലം ഉഴുതമറിച്ച് ചാരവും ചാണകവും തിരുമ്മിപ്പൊടിച്ച് നിലത്തില്‍ പാറ്റി പയറു വിതച്ചു. പയറു മുളച്ച് വളര്‍ന്നു പൂവും കായുമായി. പയറു വിറ്റ് വില വാങ്ങി ഒരു കറവപ്പശുവിനെ വാങ്ങണമെന്നു തീരുമാനിച്ചു.
ഒരു ദിവസം രാവിലെ മുത്തുക്കറുപ്പന്‍ പാടത്തു ചെന്നു നോക്കി. പയറ് ഏതോ മൃഗം തിന്നു നശിപ്പിച്ചിരിക്കുന്നതു കണ്ടു മുത്തുക്കറുപ്പന്‍ സങ്കടം വന്നു. തന്റെ മനക്കോട്ട തകര്‍ന്നല്ലോ എന്നു തോന്നി. എങ്ങിനെ എങ്കിലും പയറു തിന്ന മൃഗത്തെ കണ്ടുപിടിക്കണമെന്നു തീരുമാനിച്ചു.
രാത്രിയിലാണ് തിന്നിരിക്കുന്നത്. ഇന്നും രാത്രി വരാന്‍ സാദ്ധ്യതയുണ്ട് എന്നു മുത്തുക്കറുപ്പന്‍ തീരുമാനിച്ചു. അയാള്‍ രാത്രി പാടത്തു പോയി നോക്കിയിരുന്നു. പാതിരാവായപ്പോള്‍ ഒരു പശു പറന്നുവന്ന് പയറില്‍ വന്നു നിന്നു പയറു തിന്നാന്‍ തുടങ്ങി. മുത്തുക്കറുപ്പന്‍ പശുവിനെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. കയറുമായി ഓടിച്ചെന്നു മുത്തക്കറുപ്പന്‍ ചോദിച്ചു
‘’ നീ എവിടെ നിന്നു വരുന്നു? എന്തിന് എന്റെ പയറു തിന്നു. നിന്നെ ഞാന്‍ പിടിച്ചു കെട്ടാന്‍ പോകുകയാണ്’‘
”ഞാന്‍ ദേവലോകത്തു നിന്നു വരുകയാണ്. അവിടെ പയറോ പുല്ലോ കിട്ടാനില്ല. അവിടെ ആപ്പിളും മുന്തിരിയും ഓറഞ്ചുമെല്ലാമാണ് ഭക്ഷണം. ഒരു ചെയ്ഞ്ചിനു വേണ്ടി വന്നതാണ് ഞാന്‍. നീ വേണമെങ്കില്‍ എന്റെ കൂടെ പോരെ ഇഷ്ടം പോലെ മുന്തിരിയും ആപ്പിളും ഓറഞ്ചും തരാം’‘ പശു പറഞ്ഞു.
പശുവിന്റെ വിവരണം കേട്ടപ്പോള്‍ മുത്തുക്കറുപ്പന്റെ വായില്‍ വെള്ളമൂറി. അയാള്‍ പശുവിന്റെ കൂടെ പോകാന്‍ തയാറായി.
‘’ എങ്ങെനെ പോകും?’‘ മുത്തുക്കറുപ്പന്‍ ചോദിച്ചു.
‘’ ഞാന്‍ പോകുമ്പോള്‍ എന്റെ വാലില്‍ പിടിച്ച് തൂങ്ങിക്കിടന്നാല്‍ മതി’‘ പശൂ പറഞ്ഞു.
പശു മുകളിലേക്ക് പറക്കാന്‍ തുടങ്ങി. മുത്തുക്കറുപ്പന്‍ പശുവിന്റെ വാലില്‍ കയറിപിടിച്ചു. പശു മുത്തുക്കറുപ്പനെയും കൊണ്ട് ആകാശത്തേക്കു പറന്നു.
പറന്നു പറന്ന് ദേവലോകത്തു ചെന്നു. അവിടെ പശുവിന്റെ തൊഴുത്തില്‍ കയറി നിന്നു. മുത്തുക്കറുപ്പന്‍ താഴെ ഇറങ്ങി. അപ്പോള്‍ അവിടെ സമയം പകലായിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ അയാളെ അത്ഭുതപ്പെടുത്തി. എവിടെ നോക്കിയാലും ആപ്പിളും മുന്തിരിയും ഓറഞ്ചും മാമ്പഴവും പേരക്കയും എന്നു വേണ്ടാ എല്ലാ വിധ പഴവര്‍ഗ്ഗങ്ങളും ഉണ്ട്. ഇഷ്ടം പോലെ തിന്നു കൊള്ളാന്‍ പശു പറഞ്ഞു.
മുത്തുക്കറുപ്പന്‍ ആദ്യം ഏതു തിന്നണമെന്നു സംശയമായി. കണ്ടെതെല്ലാം വാരി വലിച്ചു തിന്നു വയറു നിറച്ചു. ഒരു മരത്തണലില്‍ കിടന്നു വിശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഉറങ്ങിപ്പോയി. കണ്ണു തുറന്നു നോക്കിയപ്പോള്‍ പശു ഭൂമിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. മുത്തുക്കറുപ്പന്‍ പശുവിന്റെ വാലില്‍ തൂങ്ങിക്കിടന്ന് ഭൂമിയില്‍ വന്നു. വീട്ടില്‍ ചെന്ന് വിവരം പറഞ്ഞിട്ട് തിരിച്ചു വരാമെന്നു പറഞ്ഞിട്ടു പോയി.
വീട്ടില്‍ ചെന്നു ഭാര്യയോടു വിവരം പറഞ്ഞപ്പോള്‍ ഇനി പോകുമ്പോള്‍ അവളെ കൂടി കൊണ്ടുപോകണമെന്നു പറഞ്ഞു. ഭാര്യ അയല്‍പക്കത്തുള്ളവരോടു വിവരം പറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ അവരും വരുന്നുണ്ടെന്നു പറഞ്ഞു. പിറ്റെ ദിവസം പശു വന്നു.
മുത്തുക്കറുപ്പന്‍ പശുവിനോടു ചോദിച്ചു ‘’ എന്റെ ഭാര്യക്കും നാട്ടുകാര്‍ക്കും ദേവലോകം കാണണമെന്ന് ആഗ്രഹം അവരെ കൂടി കൊണ്ടു പോകാമോ?’‘
‘’ കൊണ്ടുപോകാം എന്റെ വാലില്‍ പിടിച്ച് ഒരാള്‍ തൂങ്ങി കിടക്കുക. അയാളുടെ കാലില്‍ പിടിച്ച് അടുത്തയാള്‍ കിടക്കണം. ഇങ്ങനെ ക്രമായി ഓരോരുത്തരും കിടന്നാല്‍ മതി. നിങ്ങളെ എല്ലാവരേയും കൊണ്ടു പോകാം’‘ പശു പറഞ്ഞു.
മുത്തുക്കറുപ്പനും ഭാര്യയും നാട്ടുകാരും പശുവിന്റെ അടുത്തു ചെന്നു. പശു തന്റെ വാലില്‍ പിടിച്ചുകൊള്ളാന്‍ മുത്തുക്കറുപ്പനോടു പറഞ്ഞു. മുത്തുക്കറുപ്പന്‍ പശുവിന്റെ വാലില്‍ പിടിച്ചു തൂങ്ങിക്കിടന്നു. പശു പതുക്കെ ഉയര്‍ന്നു അയാളുടെ കാലില്‍ പിടിച്ച് ഭാര്യ തൂങ്ങിക്കിടന്നു. ഭാര്യയുടെ കാലില്‍ അയല്‍ക്കാരില്‍ ഒരുവന്‍ പിടിച്ചു തൂങ്ങികിടന്നു. അയാളുടെ കാലില്‍ മറ്റൊരാള്‍ തൂങ്ങികിടന്നു. ഇങ്ങനെ എല്ലാവരും തൂങ്ങി കിടന്നു. പശു ആകാശത്തേക്ക് ഉയര്‍ന്നു പറന്നു . പോകുന്ന വഴി ഓരോരുത്തരും ദേവലോകത്തെ വിശേഷങ്ങള്‍ ചോദിച്ചു. മുത്തുക്കറുപ്പന്‍ വിശേഷങ്ങള്‍ വിവരിച്ചുകൊണ്ടിരുന്നു.
‘’ ദേവലോകത്തെ ആപ്പിളിന് എത്ര വലിപ്പമുണ്ട്?’‘ അയല്‍ക്കാരില്‍ ഒരുവന്‍ ചോദിച്ചു.
‘’ നമ്മുടെ നാട്ടിലെ ആപ്പിളിനേക്കാള്‍ ഒരുപാട് വലിയതാണ് . ദാ , ഇത്രയും’‘ എന്നു പറഞ്ഞ് മുത്തുക്കറുപ്പന്‍ വലിപ്പം കാണിക്കാന്‍ വേണ്ടി രണ്ടു കൈകളും വിട്ടു. അതോടെ എല്ലാവരും താഴെ വീണു.
Generated from archived content: alakkukarande13.html Author: sathyan_thannipuzha