മാര്‍ക്ക് കുറഞ്ഞുപോയ കുട്ടി

നിതിന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിന്നാലു വയസുള്ള കുട്ടിയാണ്. അവന്‍ വായിക്കുന്നുണ്ടെങ്കിലും ക്രിസ്മസ് പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞു പോയി. അതുകൊണ്ട് അച്ഛനും അമ്മയും വഴക്കു പറഞ്ഞു.

ഇനി നല്ലതുപോലെ പഠിക്കാമെന്ന് അവന്‍ മാതാപിതാക്കള്‍ക്ക് വാക്കു കൊടുത്തു. എന്നീട്ടും ഏതു സമയവും പഠിക്കാനുള്ള ഉപദേശവുമായി അച്ഛനും അമ്മയും പിന്നാലെ നടന്നു. എല്ലാ വിഷയത്തിനും എ പ്ലസ്സ് വാങ്ങണമെന്ന് അവനോടു പറഞ്ഞു മാര്‍ക്ക് കുറഞ്ഞാല്‍ എഞ്ചിനീയറിംഗിനു പോകാന്‍ കഴിയില്ലെന്നു ഓര്‍മ്മപ്പെടുത്തി.

അതോടെ നിതിന്റെ മനസ്സ് അസ്വസ്ഥമായി. ടെന്‍ഷനെ തുടര്‍ന്ന് തലവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടു. പഠിക്കാന്‍ താത്പര്യം കുറഞ്ഞു. എപ്പോഴും ഒറ്റക്ക് ഇരിക്കാന്‍ തോന്നി. മകന്റെ ഭാവമാറ്റം കണ്ടപ്പോള്‍ ഒരു മന:ശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി.

അദ്ദേഹം നിതിന്റെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. മാതാപിതാക്കള്‍ മകന്റെ ഭാവിയില്‍ അമിത പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരാണെന്നു കണ്ടെത്തി.

മന:ശാസ്ത്രജ്ഞന്‍ പറഞ്ഞു ‘’ നിതിനെ എല്ലാ സമയത്തും പഠിക്ക് പഠിക്ക് എന്നു പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കരുത്. മാതാപിതാക്കളുടെ മനസ്സില്‍ പോസ്റ്റീവ് തിങ്കിംഗാണ് ഉണ്ടാകേണ്ടത്. ‘’ ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക’‘ എന്നാണ് ഭഗവത്ഗീതയില്‍ ശ്രീകൃഷണന്‍ ഉപദേശിക്കുന്നത് . മാതാപിതാക്കള്‍ മകനോട് ചെയ്യേണ്ട ധര്‍മ്മം ചെയ്യുക. ഫലത്തെപ്പറ്റി ആകുലത വേണ്ടാ’‘

കൗണ്‍സിലിംഗിലൂടെ മന:ശാസ്ത്രജ്ഞന്‍ മാതാപിതാക്കളുടെ ചിന്താഗതി മാറ്റി എടുത്തു.

നിതിനെ വിളിച്ചു പറഞ്ഞു ‘’ അച്ഛനും അമ്മയും വഴക്കുപറയും എന്നു കരുതി പഠിക്കാന്‍ ഇരിക്കരുത്. എനിക്കു വേണ്ടിയാണ് പഠിക്കുന്നത് എന്ന ചിന്തയോടെ വേണം പഠിക്കാന്‍. പഠിക്കാന്‍ ഒരു ടൈംടേബിള്‍ എഴുതി ഉണ്ടാക്കണം. ഓരോ വിഷയത്തിനും ക്ലിപ്തസമയം കണ്ടെത്തണം. പഠിച്ച കാര്യങ്ങളുടെ ഒരു കുറിപ്പു എഴുതി ഉണ്ടാക്കണം. ഏകാഗ്രത കിട്ടുന്നില്ലെങ്കില്‍ വായന നിറുത്തി പത്തു മിനിറ്റു സമയം പ്രാണായാമം ചെയ്യുക. അപ്പോള്‍ മനസ്സിന് ഏകാഗ്രതയും പുതിയൊരു ഉണര്‍വും ലഭിക്കും. വീണ്ടും ഉന്മേഷത്തോടെ പഠിക്കാന്‍ തോന്നും. നിരാശപ്പെടരുത് ഒരാള്‍ക്ക് തന്റെ കഴിവിലുള്ള ഉറച്ച വിശ്വാസമാണ് സെല്‍ഫ് കോണ്‍ഫിഡന്റ് അഥവാ ആത്മവിശ്വാസം . നമ്മില്‍ തന്നെയുള്ള വിശ്വാസമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്. എനിക്ക് ഇത് ചെയ്യാന്‍ സാധിക്കും ഞാന്‍ നല്ലപോലെ പഠിച്ച് ഉന്നത വിജയം നേടും എന്ന ആത്മവിശ്വാസം ഉണ്ടാകണം. ‘’

മന:ശാസ്ത്രജ്ഞന്റെ കൗണ്‍സിലിംഗിലൂടെ നിതിന്റെ മനസിലെ നെഗറ്റീവ് ചിന്തകള്‍ മാറ്റി എടുത്തു. ടെന്‍ഷന്‍ മാറി ഉന്മേഷത്തോടെ പഠിക്കാന്‍ തുടങ്ങി ഉന്നത വിജയം കൈവരിച്ചു.

Generated from archived content: alakkukarande10.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here