പരശുപുരം ഗ്രാമത്തിൽ പൊങ്ങച്ചക്കാരൻ പോക്കർ എന്നൊരുവൻ ഉണ്ടായിരുുന്നു. താനാണ് ഗ്രാമത്തിലെ ഏറ്റവും കേമൻ എന്നായിരുന്നു അയാളുടെ ഭാവം.
പൂർവ്വികമായി അയാൾക്ക് വളരെയധികം ഭൂസ്വത്തുക്കൾ കിട്ടി. അയാളുടെ മക്കൾ മൂവരും പഠിച്ച് ഉദ്യോഗസ്ഥരുമായി.
അയൽപക്കത്തെ വിദ്യാഭ്യാസവും ജോലിയുമില്ലാത്ത ചെറുപ്പക്കാരെ ശുംഭൻമാർ എന്നുവിളിച്ച് അയാൾ കളിയാക്കി. പോക്കറിന്റെ പൊങ്ങച്ചം പറച്ചിൽ അയൽപക്കത്തെ അന്തപ്പന് സഹിക്കാൻ കഴിഞ്ഞില്ല. അഹംഭാവിയായ പോക്കറെ ഒന്ന് കളിയാക്കണമെന്ന് അവൻ തീരുമാനിച്ചു.
അന്തപ്പന് അഞ്ഞൂറുരൂപയുടെ ഒരുകെട്ട് കളളനോട്ട് വഴിയിൽ കിടന്ന് കിട്ടി.
അടുത്തദിവസം അന്തപ്പൻ പോക്കറിന്റെ വീട്ടിൽ ചെന്ന് പറഞ്ഞു. “ഈ നാട്ടിലെ പണക്കാരൻ ഞാനാണ്. എന്റെ കൈയിൽ കെട്ടുകണക്കിനു രൂപായുണ്ട്. ഇതാ കണ്ടോ നോട്ടുകെട്ട്. പണം എത്ര വേണമെങ്കിലും ഞാൻ തരാം. എനിക്ക് ആവശ്യമുളളപ്പോൾ തിരിച്ചുതന്നാൽ മതി.”
അഞ്ഞൂറുരൂപയുടെ നോട്ടുകെട്ട് പൊങ്ങച്ചക്കാരൻ പോക്കറിനു കൊടുത്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പോക്കറിന്റെ ഷഷ്‌ടിപൂർത്തിയായി. ഗ്രാമവാസികൾക്കെല്ലാം നല്ല സദ്യകൊടുക്കാൻ തീരുമാനിച്ചു. വീട്ടുകാരേയും ബന്ധുക്കളെയും എല്ലാം ക്ഷണിച്ചു. എല്ലാവരും വന്ന് സദ്യ ഉണ്ടുകൊണ്ടിരുന്നപ്പോൾ അന്തപ്പൻ പറഞ്ഞു.
“എന്റെ പണം കൊണ്ടല്ലേ സദ്യ ഒരുക്കിയത്.” ഇതുകേട്ടപ്പോൾ പൊങ്ങച്ചക്കാരൻ പൊക്കറിന് സഹിച്ചില്ല. തന്നെ കൊച്ചാക്കാൻ നോക്കിയവനെ ഒരുപാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. തന്റെ സേവകരെ അയച്ച് അന്തപ്പനെ അപമാനിക്കാൻ പ്ലാനിട്ടു. അതിനു പ്രതിഫലമായി അന്തപ്പന്റെ കൈയിൽ നിന്നുകിട്ടിയ നോട്ടുകൊടുത്തു. നോട്ട് സേവകർ കടയിൽ കൊടുത്തപ്പോൾ കളളനോട്ടാണെന്ന് മനസ്സിലായി. അവർ കോപിച്ച് പോക്കറുടെ വീട്ടിൽചെന്നു വഴക്കുണ്ടാക്കി.
പോക്കർ പോയി അന്തപ്പനോട് പരാതി പറഞ്ഞു. അന്തപ്പൻ അപ്പോൾ ചിരിച്ചുകൊണ്ടു പറഞ്ഞു.
“നിങ്ങൾക്ക് നാട്ടുകാരെയെല്ലാം പുച്‌ഛമല്ലേ. നാട്ടുകാരെ കളിയാക്കിയാൽ നിങ്ങളെ വിഡ്‌ഢിയാക്കും.”
“ഞാൻ ഇനിമേലിൽ നിങ്ങളെ കളിയാക്കുകയില്ല.” പോക്കർ പറഞ്ഞു.
“എന്നാൽ ഞാനും ഇനി നിങ്ങളെ വിഡ്‌ഢിയാക്കുകയില്ല.” അന്തപ്പൻ പറഞ്ഞു.
തനിക്കുപറ്റിയ അക്കിടി മറ്റാരെയും അറിയിക്കാതെ അന്തപ്പനുമായി ലോഹ്യത്തിൽ കഴിയാൻ പോക്കർ തീരുമാനിച്ചു.
Generated from archived content: akkidipatti.html Author: sathyan_thannipuzha