പുള്ളിപുലിയ്‌ക്ക്‌ പുള്ളി വന്ന കഥ

പണ്ടുപണ്ടുള്ള ആ കാലത്ത്‌ എല്ലാവർക്കും എല്ലാത്തിനും ഒരേ നിറമായിരുന്നു. കറുപ്പും വെളുപ്പുമില്ല. പുള്ളിയും വരയുമില്ല. അക്കാലത്ത്‌ പുലിയും താമസിച്ചിരുന്നത്‌ മീതെ-മീതെ എന്നൊരു സ്‌ഥലത്തായിരുന്നു. കേൾക്കണേ കൂട്ടരേ, താഴെ-താഴെ എന്ന സ്‌ഥലത്തല്ല കാട്‌-കാട്‌ എന്ന സ്‌ഥലത്തുമല്ല പിന്നെയോ മീതെ-മീതെ എന്ന സ്‌ഥലത്ത്‌. അവിടെ എല്ലാത്തിനും ഒരേ നിറമായിരുന്നു. അവിടം മുഴുക്കെ മണലായിരുന്നു. പിന്നെ മണലിന്റെ നിറമുള്ള പാറകളുമുണ്ടായിരുന്നു. മണലിന്റെ അതേ നിറമുള്ള, അതായത്‌ നല്ല മഞ്ഞ നിറമുള്ള പുല്ലും. അവിടെയാണന്ന്‌ ജിറാഫും, സീബ്രയും, നല്ല വലിയ കൊമ്പുളള മാനുകളും, ഒക്കെ താമസിച്ചിരുന്നത്‌. അവർക്കൊക്കെ ഒരേ നിറമായിരുന്നു. കുറച്ച്‌ തവിട്ടു നിറമുള്ള മണലിന്റെ മഞ്ഞനിറം. എങ്കിലും അതിലുമൊക്കെ കൂടുതൽ തവിട്ടു നിറമുണ്ടായിരുന്നത്‌ പുലിക്കായിരുന്നു. കുറച്ചു കൂടി തവിട്ടു നിറം. അതായത്‌ മണ്ണിൽ അമർന്നു കിടന്നാൽ മണ്ണേത്‌ പുലിയേത്‌ എന്ന്‌ തിരിച്ചറിയാനാകാത്ത അത്രയും തവിട്ട്‌. പുലിയും അവരുടെ ഇടയിൽ തന്നെയാണെന്ന്‌ തമാസിച്ചിരുന്നത്‌. പുലിയുടെ ഈ നിറം ജിറാഫിനും സീബ്രയ്‌ക്കുമൊക്കെ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. പുലിയിങ്ങനെ മണ്ണിൽ പതുങ്ങി പതുങ്ങി കിടക്കും. എന്നിട്ട്‌ ഏതെങ്കിലും ജിറാഫോ, മാനോ, സീബ്രയോ, കാട്ടുപോത്തോ, മുയലോ അടുത്തുവന്നാൽ അതിനുമുകളിലേക്ക്‌ ഒരൊറ്റ ചാട്ടം. പുലിക്കാകെ കൂട്ടായി ഉണ്ടായിരുന്നത്‌ ഒരു എത്യോപ്യക്കാരനായ മനുഷ്യനായിരുന്നു. അവനും പുലിയുടെ അതേ നിറമായിരുന്നു. അവനും മാനിനേയും, സീബ്രയേയും, കാട്ടുപോത്തിനേയും ജിറാഫിനേയുമൊക്കെ വേട്ടയാടിപ്പിടിച്ച്‌ തിന്നാണ്‌ ജീവിച്ചിരുന്നത്‌. അവന്റെ കയ്യിൽ ഈ പാവം മൃഗങ്ങളെ വേട്ടയാടുവാനായി ഒരു വലിയ കുന്തവുമുണ്ടായിരുന്നു. എന്നും പുലിയും പുലിയുടെ ചങ്ങാതിയായ ഈ എത്യോപ്യക്കാരനും ഒന്നിച്ച്‌ വേട്ടയ്‌ക്കിറങ്ങും. മുന്നിൽ നിന്നും പുലി മൃഗങ്ങളെ ആക്രമിക്കുവാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും എത്യോപ്യക്കാരൻ കുന്തവുമായെത്തും. പാവം മാനും, മുയലും, സീബ്രയും, കാട്ടുപോത്തും എങ്ങോട്ട്‌ ഓടണമെന്നറിയാതെ പരക്കം പായും.

അങ്ങിനെ കാലം കുറേ കഴിഞ്ഞു. കൊല്ലം കുറേയേറെ കഴിഞ്ഞു. മാനും സീബ്രയും, ജീറാഫുമെല്ലാം മെല്ലെ മെല്ലെ, അകലെ നിന്നു തന്നെ പുലിയെ തിരിച്ചറിയാൻ തുടങ്ങി. പുലിയെ പോലെയുള്ള ഏതെങ്കിലും വസ്‌തു അകലെ നിന്നു കണ്ടാൽ അവർ അവരുടെ കൂട്ടുകാരേയും മറ്റ്‌ മൃഗങ്ങളേയും വിവരമറിയിക്കും. അതുപോലെ തന്നെ കുന്തവുമായി നടക്കുന്ന എത്യോപ്യക്കാരനെ കണ്ടാലും അവർ എല്ലാവരേയും വിവരമറിയിക്കുവാൻ തുടങ്ങി. എന്നിട്ടും അവരുടെ കണ്ണുവെട്ടിച്ച്‌ പുലിയും എത്യോപ്യക്കാരനും അവരെ വേട്ടയാടി പിടിച്ച്‌ തിന്നുകൊണ്ടിരുന്നു. അപ്പോഴാണ്‌ നമ്മുടെ ജിറാഫ്‌ അവന്റെ തലയൊന്ന്‌ ഉയർത്തി ചുറ്റിലും നോക്കിയത്‌. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ളതും അവനാണല്ലോ. ചുറ്റിലും നോക്കിയപ്പോൾ അവൻ അകലെയകലെ താഴെ-താഴെ എന്നൊരു സ്‌ഥലം കണ്ടു. അവിടം മുഴുക്കെ കാടായിരുന്നു. വലിയ വലിയ മരങ്ങൾ തിങ്ങി നിറഞ്ഞ കാട്‌. അവൻ ഈ വിവരം അവന്റെ കൂട്ടുകാരായ മറ്റ്‌ മൃഗങ്ങളെ അറിയിച്ചു. അവർ കൂടിയാലോചിച്ചു. “ഈ ദുഷ്‌ടരുടെ കയ്യിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നമുക്ക്‌ ഈ പുല്ലിൽ നിന്നും രക്ഷപ്പെട്ട്‌ ആ കാട്ടിലേക്ക്‌ പോകണം.” അവരൊക്കെ അഭിപ്രായപ്പെട്ടു. അങ്ങിനെ അവർ ജിറാഫിന്റെ നേതൃത്വത്തിൽ പുലിയുടേയും എത്യോപ്യക്കാരന്റേയും കണ്ണുവെട്ടിച്ച്‌ അവിടെ നിന്നും രക്ഷപ്പെടുവാനുള്ള ഒരു പരിപാടി തയ്യാറാക്കി. ആദ്യം നടന്നത്‌ നേതാവായ ജിറാഫുതന്നെ. അവനല്ലേ ഏറ്റവും ഉയരം. ചുറ്റിലും നടക്കുന്നത്‌ ഏറ്റവും ആദ്യം കാണുവാൻ എളുപ്പമല്ല. അതിനു പുറകേ ഒന്നൊന്നായി ഓരോ മൃഗങ്ങൾ. അങ്ങിനെ അവർ ആ തവിട്ടു കലർന്ന മഞ്ഞ നിറമുള്ള പുൽത്തകിടിയിൽ നിന്നും രക്ഷപ്പെട്ട്‌ താഴെ-താഴെ എന്ന സ്‌ഥലത്തുള്ള കാട്ടിലെത്തി.

കാട്‌ എന്നു പറഞ്ഞാൽ നിറയെ മരങ്ങളല്ലേ. കാട്ടിലെ മരങ്ങളിലൂടെ സൂര്യന്റെ പ്രകാശം വളരെ കുറച്ചേ താഴേക്ക്‌ വരികയുള്ളു. അതുകൊണ്ടുതന്നെ മീതെ-മീതെ എന്ന സ്‌ഥലത്തുള്ളതുപോലെ ഇവിടെ വെയിലില്ല.

കാട്ടിലെത്തിയ മൃഗങ്ങൾ ഓരോരോ മരങ്ങളുടെ ചുവട്ടിൽ താമസമാക്കുവാൻ തുടങ്ങി. ഏറ്റവും ഉയരമുള്ള ജിറാഫ്‌ ഏറ്റവും ഉയരമുള്ള മരം തിരഞ്ഞെടുത്തു. അങ്ങിനെ ഓരോരുത്തരും. മരച്ചുവട്ടിലായതുകൊണ്ട്‌ അവരുടെ ശരീരത്തിൽ പണ്ടത്തെപ്പോലെ വെയിലേല്‌ക്കാതെയായി. മരത്തിന്റെ ഇലകളിലൂടെ അരിച്ചിറങ്ങുന്ന വെയിൽ അവരുടെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം വീഴും. വെയിലുകൊള്ളാത്ത അവരുടെ ശരീരഭാഗം മെല്ലെ മെല്ലെ കറുത്ത നിറമാകുവാൻ തുടങ്ങി. അങ്ങിനെ ചില സ്‌ഥലങ്ങളിൽ കറുത്തും ചില സ്‌ഥലങ്ങളിൽ മഞ്ഞ, തവിട്ട്‌, വെള്ള നിറങ്ങളായും അവർ മാറിക്കൊണ്ടിരുന്നു. സീബ്രയ്‌ക്കു കിട്ടിയ മരത്തിൽ നിന്നും കൂടുതൽ വെയിൽ താഴേക്ക്‌ വീഴുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ അവന്റെ ശരീരത്തിൽ മുഴുക്കെ വരകൾ പോലെ വെയിൽ വീണുകൊണ്ടിരിന്നു. പിന്നെ പിന്നെ അവന്റെ ശരീരത്തിൽ വെയിലുകൊണ്ടിടം വെയിലിന്റെ നിറവും വെയിലു കൊള്ളാത്തിടം കറുപ്പായി. അങ്ങിനെ സീബ്രകറുത്തതും വെളുത്തതുമായ വരകളുള്ളതായി. ജിറാഫിന്‌ കിട്ടിയ മരത്തിനു ചുവട്ടിലേക്ക്‌ കള്ളികൾ പോലെയാണ്‌ വെയിലടിച്ചിരുന്നത്‌. അതിനാൽ ജിറാഫിന്റെ ശരീരത്തിലാകെ കള്ളികളായി. അങ്ങിനെ ഓരോ മൃഗങ്ങളുടേയും നിറം മാറിപ്പോയി.

നമ്മുടെ പുലിയും എത്യോപ്യക്കാരനും അപ്പോഴും മീതെ-മീതെ എന്നും കാലത്ത്‌ വേട്ടക്കിറങ്ങും. എന്നാൽ ഒന്നും കിട്ടിയില്ല. അവർക്ക്‌ വിശക്കുവാൻ തുടങ്ങി. വിശപ്പ്‌ എന്നുവച്ചാൽ എന്തുകിട്ടിയാലും തിന്നാൽ തോന്നുന്ന വിശപ്പ്‌. ഇവിടത്തെ മൃഗങ്ങളെല്ലാം എവിടെപോയി? അവർ പരസ്‌പരം ചോദിച്ചു. അവർക്ക്‌ ദുഃഖം സഹിക്കവയ്യാതായി. വിശപ്പ്‌ സഹിക്കവയ്യാതായി. നമ്മുടെ പ്രാതലും, ഉച്ചഭക്ഷണവും, ചായയും കാപ്പിയും എല്ലാം, എല്ലാം എവിടെപോയി, അവർ അന്വേഷിച്ചുകൊണ്ടേയിരുന്നു.

അന്വേഷിച്ചന്വേഷിച്ച്‌ ആഫ്രിക്ക മുഴുക്കെ നടന്നു. അപ്പോൾ അവർ ഒരു കുറുക്കനെ കണ്ടു. മൃഗങ്ങളിലെ ഏറ്റവും ബുദ്ധിമാനെന്ന്‌ വീമ്പിളക്കുന്ന കുറുക്കനോട്‌ പുലി ചോദിച്ചു. “കുറുക്കാ, കുറുക്കാ, ഞങ്ങൾ പിടിച്ചു തിന്നുകൊണ്ടിരുന്ന മൃഗങ്ങളെല്ലാം എവിടെപോയി. നീ എല്ലാം അറിയുന്നയാളല്ലേ. ഒന്നു പറഞ്ഞു തരാമോ? ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട്‌ ദിവസം കുറേയായി വിശന്നിട്ടു വയ്യ.”

മറ്റ്‌ മൃഗങ്ങൾക്ക്‌ എന്തു സംഭവിച്ചു എന്ന്‌ കുറുക്കനറിയാമായിരുന്നു. എന്നാൽ അനൊന്നും മിണ്ടിയില്ല.

അപ്പോൾ എത്യോപ്യക്കാരൻ ചോദിച്ചു. “കുറുക്കാ കുറുക്കാ, ഇവിടത്തെ ആദ്യതാമസക്കാരായിരുന്ന മൃഗജനുസിൽ പെട്ട നാല്‌ക്കാലികളൊക്കെ ഇപ്പോൾ ഏത്‌ വാസസ്‌ഥലം തിരഞ്ഞെടുത്തിരിക്കുന്നു എന്ന്‌ നിനക്കറിയാമോ?” (ഇതു തന്നെയാണ്‌ പുലിയും ചോദിച്ചത്‌. എന്നാൽ എത്യോപ്യക്കാരൻ മനുഷ്യനല്ലേ. മനുഷ്യൻ അങ്ങിനെ നേരെ ചൊവ്വേ കാര്യങ്ങൾ ചോദിക്കുവാൻ പാടുണ്ടോ? ഒന്നു വളച്ചാകെട്ടിയല്ലേ എല്ലാം ചോദിക്കാവൂ. അപ്പോഴല്ലേ എല്ലാവരും അവർ ബുദ്ധിയുള്ള മനുഷ്യരാണെന്ന്‌ പറയുകയുള്ളു. എന്നൊക്കെയല്ലേ മനുഷ്യന്റെ ധാരണ).

കുറുക്കനും സ്വയം ബുദ്ധിമാനെന്നു പറയുന്നവനല്ലേ. അവന്റെ ഉത്തരം കേൾക്കണോ “നിങ്ങളുടെ കളികളൊക്കെ കള്ളികളിലും പുള്ളികളിലും വരകളിലുമായി. പ്രിയനേ, താങ്കളും മറ്റൊരു പുള്ളി കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ കളിയവസാനിക്കും.”

എത്യോപ്യക്കാരന്‌ കുറുക്കൻ പറഞ്ഞത്‌ മുഴുവൻ മനസിലായില്ല, എങ്കിലും ഒന്നും മനസിലായില്ല എന്ന്‌ കാണിക്കുവാൻ പറ്റുമോ? അയാളൊരു മനുഷ്യനല്ലേ. ബുദ്ധിയുള്ള മനുഷ്യൻ. അതുകൊണ്ട്‌ അയാൾ എന്താണു പറഞ്ഞതെന്ന്‌ നമുക്ക്‌ കേൾക്കാം. “അത്‌ ശരിയാണ്‌. എന്നാൽ ഞാൻ ചോദിച്ചത്‌ ഇവിടുത്തെ ആദ്യ താമസക്കാരായ മൃഗങ്ങളുടെ ഇപ്പോഴത്തെ വാസസ്‌ഥാനത്തെക്കുറിച്ചാണ്‌.”

“ഇവിടുത്തെ ആദ്യ താമസക്കാരായ മൃഗങ്ങൾ, ഇവിടത്തെ ആദ്യ താമസക്കാരായ വൃക്ഷങ്ങളെ കാണുവാൻ പോയി.” കുറുക്കൻ വീണ്ടും മറുപടി പറഞ്ഞു. “പിന്നെ, പ്രിയ എത്യോപ്യക്കാരാ, താങ്കളോടു എനിക്കു പറയുവാനുള്ളത്‌, എത്രയും വേഗം നിറം മാറാമോ അത്രയും വേഗം മാറിക്കൊള്ളുക എന്നത്‌ മാത്രമാണ്‌.”

കുറുക്കൻ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥവും പുലിയ്‌ക്കും എത്യോപ്യക്കാരനും ശരിക്കും മനസിലായില്ല. എങ്കിലും അവർ കുറുക്കൻ പറഞ്ഞ ആദ്യതാമസക്കാരായ വൃക്ഷങ്ങളെ അന്വേഷിച്ചിറങ്ങി. നടന്നു നടന്ന്‌ അവരും താഴെ-താഴെ എന്ന സ്‌ഥലത്തെത്തി. അവിടെ അവർ വലിയ വലിയ മരങ്ങളെ കണ്ടു. ഇതു തന്നെയായിരിക്കണം കുറുക്കൻ പറഞ്ഞ സ്‌ഥലമെന്ന്‌ അവർ ഉറപ്പിച്ചു.

“ഇതു തന്നെയാണോ ആ കുറുക്കൻ പറഞ്ഞ സ്‌ഥലം”? പുലി എത്യോപ്യക്കാരനോടു ചോദിച്ചു. “ഇവിടെ ഒന്നും കാണാനില്ലല്ലോ. ഇവിടെ മുഴുവൻ ഇരുട്ടാണല്ലോ? അയ്യയ്യോ? വെളിച്ചമേയില്ല.” പുലിയ്‌ക്ക്‌ പരിഭ്രാന്തിയായി.

“സ്‌ഥലം ഇതു തന്നെയാണോ എന്നു ചോദിച്ചാൽ എനിക്കും കൃത്യമായി അറിയില്ല. എന്നാൽ എന്റെ മൂക്കിലേക്ക്‌ ഒരു ജിറാഫിന്റെ മണം വരുന്നുണ്ട്‌. ജിറാഫിനെ ഇവിടെയൊന്നും കാണുന്നുമില്ലല്ലോ?” എത്യോപ്യക്കാരൻ മൂക്കുവിടർത്തി മണം പിടിക്കുവാൻ തുടങ്ങി.

“ശരിയാ…. ഇതാ എനിക്ക്‌ ഒരു സീബ്രയുടെ മണം കിട്ടുന്നുണ്ട്‌. എന്നാൽ സീബ്രയെ ഇവിടെയൊന്നും കാണാനില്ലല്ലോ.” പുലിയും മണം പിടിച്ചു തുടങ്ങി.

ഇത്‌ നല്ല കൂത്ത്‌. ജിറാഫിന്റെ മണം വരുന്നുണ്ട്‌. എന്നാൽ ജിറാഫിനെ കാണാനില്ല. സീബ്രയുടെ മണം വരുന്നുണ്ട്‌ എന്നാൽ സീബ്രയെ കാണാനില്ല. ഈ ഇരുട്ട്‌ എപ്പോഴാണ്‌ മാറുകയാവോ? എത്യോപ്യക്കാരന്‌ അത്ഭുതമായി. എങ്കിലും അയാൾ അയാളുടെ ബുദ്ധിയുപയോഗിച്ചു. “എന്തായാലും ഈ ഇരുട്ടു പോകുന്നതുവരേക്കും കാത്തിരിക്കുവാൻ എനിക്കു വയ്യ. മണം എവിടെനിന്നു വരുന്നുവോ അവിടേക്ക്‌ നമുക്കു പോകാം. നമ്മൾ രണ്ടുപേരും അവരെയൊക്കെ കണ്ടിട്ട്‌ ഒരു പാടു നാളായില്ലേ. അപ്പോൾ, ഒരു പക്ഷേ അവർ എങ്ങിനെയിരിക്കുന്നു. എന്ന്‌ നമ്മൾ മറന്നു കാണും. അതായിരിക്കും നമുക്ക്‌ മനസിലാകാത്തത്‌.”

“നിങ്ങളെന്ത്‌ വിഡ്‌ഢിത്തരമാണു സുഹൃത്തേ പറയുന്നത്‌. ഒരു സീബ്രയെകണ്ടാൽ എനിക്ക്‌ തിരിച്ചറിയില്ലെന്നോ. അസംബന്ധം. എത്രയെണ്ണത്തിനെ ഞാൻ മീതെ-മീതെ വച്ച്‌ കൊന്നു തിന്നിട്ടുള്ളതാ. അവയുടെ ആ മഞ്ഞ നിറമുള്ള രോമങ്ങൾ നിറഞ്ഞ തൊലി പൊളിച്ച്‌, നല്ല സ്വാദുള്ള മാംസം തിന്നുവാൻ എനിക്കിപ്പോഴും കൊതിയാകുന്നു. എന്റെ നാക്കിൽ അവയുടെ മാംസത്തിന്റെ സ്വാദൂറുന്നു. പിന്നെ ആ ജിറാഫ്‌, ഒന്നിനെകിട്ടിയാൽ രണ്ടുമൂന്നു ദിവസത്തേക്ക്‌ എനിക്ക്‌ കുശാലാകുമായിരുന്നു.”

“ശരിയാ. ഈ കറുകറുത്ത ഇരുട്ടിൽ അവർ നല്ല നേന്ത്രവാഴപ്പഴം പോലെ തിളങ്ങേണ്ടതാണ്‌. ഈ കാട്ടിൽ അവർക്ക്‌ എന്തായാലും ഒളിച്ചിരിക്കുവാനാകില്ല.” എത്യോപ്യക്കാരൻ പുലി പറഞ്ഞതിനോട്‌ യോജിച്ചു.

എന്നാൽ അവർക്ക്‌ സീബ്രയേയും, ജിറാഫിനേയും, മാനിനേയും കാട്ടുപോത്തിനേയും എന്തിന്‌ ഒരു മുയലിനെപോലും കണ്ടു കിട്ടിയില്ല. അവർ ദിവസം മുഴുക്കെ അന്വേഷിച്ചു നടന്നു. വിശപ്പ്‌ അസഹ്യമായി തുടങ്ങി. ക്ഷീണവും. രാത്രിയുമാകാറായി.

“എനിക്കിനി നടക്കാൻ വയ്യ” പുലി തീർത്തു പറഞ്ഞു. “നമുക്കിവിടെ ഇരിക്കാം. ഇനി നേരമൊന്ന്‌ വെളുക്കട്ടെ. എന്നിട്ടാകാം ഇരതേടിയുള്ള യാത്ര.”

അവരവിടെ ഇരുന്നു.

ആ ഇരുട്ടിൽ ക്ഷീണം മൂലം ഒന്നു കണ്ണടച്ചപ്പോൾ അവരുടെ മൂക്കിലേക്ക്‌ പല പല മൃഗങ്ങളുടേയും മണമടിക്കുവാൻ തുടങ്ങി. പുലി കണ്ണു തുറന്നു. സത്യമായും ഇത്‌ ഒരു സീബ്രയുടെ മണമാണ്‌. അവനുറപ്പിച്ചു. അവൻ കാതോർത്തു. അതാ അവിടെ ആ കുറ്റിക്കാട്ടിൽ എന്തോ അനങ്ങുന്നുണ്ട്‌. പുലി ചാടി വീണു. അവന്റെ കയ്യിൽ എന്തോ തടഞ്ഞു. അവൻ വലതു കൈ വീശി ഒരൊറ്റ അടി. അവന്റെ അടിയേറ്റ മൃഗം നിലം പതിച്ചു. പുലിക്കുറപ്പായിരുന്നു ഇത്‌ ഒരു സീബ്രയാണെന്ന്‌. എന്നാൽ അവന്‌ സീബ്രയെ കാണാനില്ല. അവന്റെ ഉള്ളിൽ ചെറിയൊരു ഭയം കടന്നുകൂടി. എങ്കിലും ധൈര്യം സംഭരിച്ച്‌ അവൻ പറഞ്ഞു. “അവിടെ കിടക്ക്‌. ശരീരമില്ലാത്ത മൃഗമേ. നീ ആരെന്ന്‌ ഞാനൊന്ന്‌ ശരിക്കു കണ്ടതിനുശേഷമേ നിന്നെ ഞാൻ കൊന്നു തിന്നുകയുള്ളു. നേരം വെളുക്കട്ടെ. നിന്നെയൊന്ന്‌ കാണട്ടെ. സീബ്രയുടെ മണമുള്ള നീ ഏത്‌ തരത്തിലുള്ള മൃഗമാണെന്ന്‌ എനിക്കും ഒന്ന്‌ കാണണമല്ലോ?” അവൻ ആ മൃഗത്തിന്റെ തല തപ്പികണ്ടുപ്പിടിച്ചു. രണ്ടു കൈകൾകൊണ്ട്‌ അതിന്റെ തലയിൽ അമർത്തി പിടിച്ചു. സീബ്ര ഒന്ന്‌ കുതറി നോക്കി. പക്ഷേ പുലിയുടെ ശക്തി സീബ്രയ്‌ക്കില്ലല്ലോ. എന്തായാലും നേരം വെളുക്കട്ടെ. അതുവരെ അനങ്ങാതെ കിടക്കുക തന്നെ എന്ന്‌ സീബ്രയും തീരുമാനിച്ചു. അതും അനങ്ങാതെ കിടന്നു.

അതിന്നിടയ്‌ക്ക്‌ എത്യോപ്യക്കാരനും കിട്ടി ഇതുപോലൊരു ഇര. ഒന്നുറക്കം പിടിച്ചപ്പോൾ അയാളുടെ മൂക്കിലേക്കടിച്ചു കയറിയത്‌ ഒരു ജിറാഫിന്റെ മണം. അയാൾ കണ്ണു തുറന്നപ്പോൾ ഒരു മരച്ചില്ല കിടന്നാടുന്നു. കുന്തവുമായി ചാടി വീണ്‌. അയാൾ ജിറാഫിനെപോലുള്ള ആ മൃഗത്തിന്റെ തട്ടി വീഴ്‌ത്തി. പുലിയെപോലെ തന്നെ നേരം വെളുത്ത്‌ ഇത്‌ എന്ത്‌ മൃഗമാണെന്ന്‌ കാണുവാനുള്ള ആകാംക്ഷയിൽ അതിന്റെ തല അമർത്തിപ്പിടിച്ച്‌ ഇരിപ്പായി.

താൻ അമർത്തിപ്പിടിച്ചു കിടത്തിയിരിക്കുന്ന മൃഗത്തിന്‌ അനക്കമില്ലാതായപ്പോൾ, എത്യോപ്യക്കാരൻ പുലിയോട്‌ വിളിച്ചു പറഞ്ഞു. “എനിക്കൊരു മൃഗത്തിനെ കിട്ടിയിട്ടുണ്ട്‌. എന്നാൽ അതിന്റെ ശരീരം എനിക്ക്‌ കാണാനാകുന്നില്ല. ഇതിന്‌ നിറമേയില്ലെന്ന്‌ തോന്നുന്നു. എന്നാൽ ഇതിന്‌ ജിറാഫിന്റെ മണമുണ്ട്‌.”

“എനിക്കും കിട്ടിയിട്ടുണ്ട്‌. അതുപോലൊരെണ്ണത്തിനെ. ഇതിനും നിറമില്ല. അതുകൊണ്ട്‌ ഇത്‌ ഏത്‌ മൃഗമെന്ന്‌ എനിക്കും മനസിലാകുന്നില്ല. എന്നാൽ ഇതിന്‌ സീബ്രയുടെ മണമുണ്ട്‌. പുലിയും വിളിച്ചു പറഞ്ഞു.

അങ്ങിനെ നേരം വെളുക്കുവാനായി അവരിരുവരും കാത്തിരുന്നു. നേരം പരപരാ വെളുത്തുതുടങ്ങിയപ്പോൾ പുലി ഉറക്കെ വിളിച്ചു ചോദിച്ചു. ”പ്രാതലിന്‌ നിനക്കു കിട്ടിയിരിക്കുന്നത്‌ എന്താണ്‌ സുഹൃത്തേ?“

”ഇത്‌ എന്തൊരു മൃഗമാണെന്ന്‌ എനിക്ക്‌ കാണാനാകുന്നില്ല. മണം ജിറാഫിന്റേതുപോലുണ്ട്‌. എന്നാലിതിന്‌ ജിറാഫിന്റേതുപോലുള്ള നനുനനുത്ത മഞ്ഞ രോമക്കുപ്പായമില്ല. ഇതിന്റെ കുപ്പായം എനിക്കു കാണാനേയില്ല. എനിക്കതിന്റെ ശബ്‌ദവും കേൾക്കാനുണ്ട്‌. ശരിക്കും ജിറാഫിന്റെ അതേ ശബ്‌ദം. എന്നാൽ എനിക്ക്‌ ജിറാഫിനെ കാണാനാകുന്നില്ല.“ എത്യോപ്യക്കാരൻ മറുപടി പറഞ്ഞു.

”ഇതാ നന്നായത്‌. ഞാനും അങ്ങിനെയൊരു അവസ്‌ഥയിലാണ്‌. എന്റെ കയ്യിലിവിടെയുള്ള മൃഗത്തിന്റെ ശബ്‌ദവും മണവും ഒരു സീബ്രയുടേതുപോലുണ്ട്‌. എന്നാൽ ഇതിന്‌ സീബ്രയുടെ നിറമില്ല. ഇതിന്റെ നിറമെന്തെന്ന്‌ എനിക്കു കാണാനേയില്ല. എനിക്കതിന്റെ ശബ്‌ദവും കേൾക്കാനുണ്ട്‌. എന്നാൽ സീബ്രയെ കാണാനാകുന്നില്ല.“

”ഒരു പക്ഷേ അവർ എങ്ങനെയിരിക്കുന്നുവെന്ന്‌ നമ്മൾ മറന്നു പോയതായിരിക്കുമോ?“ എത്യോപ്യക്കാരന്‌ വീണ്ടും സംശയമായി.

”നീ പിന്നെയും അസംബന്ധം പറയുന്നു. സീബ്രയുടെ നനുനനുത്ത എല്ലുകൾ കടിച്ചു പൊട്ടിക്കുമ്പോളുള്ള സുഖം അതിന്റെ സ്വാദുള്ള മാംസം കടിച്ചുവലിച്ചു തിന്നുമ്പോളുള്ള സുഖം. അതെത്ര തവണ ഞാൻ ആസ്വദിച്ചിട്ടുള്ളതാണ്‌. സീബ്രയെ കണ്ടാൽ എനിക്കറിയില്ലേ? ഒരു സീബ്രയ്‌ക്ക്‌ ഏകദേശം നാല്‌ നാലര അടി ഉയരമുണ്ടാകും. അതിന്റെ മേലൊക്കെ തവിട്ടു കലർന്ന മഞ്ഞ നിറമുള്ള രോമക്കുപ്പായവും.“

അപ്പോൾ എത്യോപ്യക്കാരൻ തനിക്കു കിട്ടിയിരിക്കുന്ന മൃഗത്തിന്മേലേക്ക്‌ സൂക്ഷിച്ചു നോക്കി. ഇത്‌ ഒരു അത്ഭുതജീവിതന്നെ. അയാൾ മനസിൽ കരുതി. ”അതെയതെ ഒരു ജിറാഫിനെ കണ്ടാൽ എനിക്കുമറിയാം. അതിന്‌ ഏകദേശം പതിനേഴ്‌ പതിനെട്ട്‌ അടി ഉയരമുണ്ടാകും. അടി മുതൽ മുടിവരെ നല്ല തവിട്ടു കലർന്ന മഞ്ഞ നിറമുള്ള രോമകുപ്പായമുണ്ടാകും. എനിക്കറിഞ്ഞുകൂടെ ഒരു ജിറാഫിനെ കണ്ടാൽ.“

എത്യോപ്യക്കാരൻ വീണ്ടും അയാളുടെ കയ്യിലുള്ള ഇരയെ നോക്കെ. ” എന്തായാലും ഈ വെളിച്ചത്തിൽ അവർ പൂവ്വമ്പഴം പോലെ തിളങ്ങേണ്ടതാണ്‌ എന്നാൽ ഇതിനെ നോക്കൂ ഇതിനെ മേലൊക്കെ പുള്ളിയും കള്ളിയും.“

”എനിക്കു കിട്ടിയ മൃഗത്തിനു മുകളിലൊക്കെ വരകൾ, വെള്ളയും കറുപ്പും വരകൾ. ഇത്‌ സീബ്രതന്നെയെന്ന്‌ എനിക്കുറപ്പുണ്ട്‌. നീ തന്നെ പറയ്‌ എന്റെ പ്രിയ സീബ്രക്കുട്ടാ, നീ എങ്ങിനെ ഇങ്ങിനെയായി.“ പുലിക്ക്‌ ആകാംക്ഷ അടക്കുവാനാകുന്നില്ല.

”ഞങ്ങൾ എങ്ങിനെ ഇങ്ങിനെയായി എന്നല്ലേ. ഞങ്ങൾക്ക്‌ വള്ളിയും പുള്ളിയും വരയുമില്ലാതിരുന്നത്‌ അങ്ങ്‌ ദൂരെയുള്ള മീതെ-മീതെ എന്ന സ്‌ഥലത്തുണ്ടായിരുന്നപ്പോഴല്ലേ, ഇപ്പോൾ ഞങ്ങൾ അവിടെയല്ലല്ലോ, ഇവിടെയല്ലേ, ഈ താഴെ-താഴെ എന്ന സ്‌ഥലത്ത്‌. അതുകൊണ്ട്‌ ഞങ്ങൾ ഇവിടുത്തെ രീതികൾ സ്വീകരിച്ചു.“

”അതെങ്ങിനെ, നിങ്ങളെങ്ങിനെ പഴയതു മറന്ന്‌, പഴയത്‌ കളഞ്ഞ്‌ പുതിയ രൂപത്തിലായി.“ പുലി വീണ്ടും ചോദിച്ചു.

”അത്‌ കാണിച്ചു തരാം. എന്നാൽ അതിന്നാദ്യം നിങ്ങൾ രണ്ടുപേരും ഞങ്ങളെ രണ്ടുപേരേയും ഒന്ന്‌ എഴുന്നേറ്റ്‌ നില്‌ക്കുവാൻ അനുവദിക്കണം.“ സീബ്ര പറഞ്ഞു.

പുലിയും എത്യോപ്യക്കാരനും അനുവദിച്ചു. സീബ്രയും ജിറാഫും എഴുന്നേറ്റു നിന്നു. അവർ അവിടെ നിന്നും പെട്ടെന്നു തന്നെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക്‌ മറഞ്ഞു. അവിടെ വെയിൽ മരച്ചില്ലകളിലൂടെ വളരെ കുറച്ചേ അരിച്ചിറങ്ങുന്നുണ്ടായിരുന്നുള്ളു. അതായത്‌ അവരുടെ ശരീരത്തിലെ വെള്ള നിറം, അല്ലെങ്കിൽ മഞ്ഞ നിറം മുഴുക്കെമരത്തിന്റെ നിഴലുകൊണ്ട്‌ മറഞ്ഞു പോകുന്ന അത്ര മാത്രം വെയിൽ. ആ നിലയിൽ പുലിക്കും എത്യോപ്യക്കാരനും അവരെ കാണുവാൻ കഴിയാതെയായി. അപ്പോൾ സീബ്ര വിളിച്ചു ചോദിച്ചു. ”നിങ്ങൾക്കിപ്പോൾ ഞങ്ങളെ കാണാനുണ്ടോ?“

”ഇല്ല.“ എത്യോപ്യക്കാരനും പുലിയും ഒരേ ശബ്‌ദത്തിൽ പറഞ്ഞു.

”അതാ പറഞ്ഞത്‌. ഇവിടുത്തെ രീതികൾ സ്വികരിച്ചാലെ ഇവിടെ ജീവിക്കുവാനാകൂ എന്ന്‌. അതുകൊണ്ട്‌ ഞങ്ങൾ ഇവിടുത്തെ രീതികൾ സ്വീകരിച്ച്‌ ഇവിടുത്തുകാരായി. നിങ്ങൾക്ക്‌ ഞങ്ങളെ കാണാനാകാതെയായി. നിങ്ങളിൽ നിന്നും ഞങ്ങൾക്ക്‌ രക്ഷയുമായി. “സീബ്ര ഉറക്കെ വിളിച്ചുപറഞ്ഞു. സീബ്രയേയും, ജിറാഫിനേയും എത്യോപ്യക്കാരനും പുലിയും കുറേ തിരഞ്ഞു എന്നാൽ അവരെ കാണാനായില്ല.

അപ്പോൾ എത്യോപ്യക്കാരന്റെ ബുദ്ധിതെളിഞ്ഞു. ”ഇതാണാ സൂത്രം അല്ലേ. അങ്ങിനെയാണിവർക്ക്‌ വള്ളിയും പുള്ളിയും കിട്ടിയതല്ലേ. ഇപ്പോഴെനിക്കു മനസിലായി. ഞാനും ഈ സൂത്രം പ്രയോഗിക്കും. ഞാനീ ഇരുട്ടത്ത്‌ നിന്ന്‌ ഒരു കരിക്കട്ട പോലെ കറുത്തവനാകും. അപ്പോൾ അവർക്ക്‌ എന്നെ കാണുവനാകില്ല.“ അയാൾ വിളിച്ചു പറഞ്ഞു.

”സത്യമായും നിന്നെപ്പോലെ ഒരു കോവർ കഴുതയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു നേരത്തെ ആഹാരത്തിനായി സ്വന്തം കോലം കെടുത്തുക. കറുത്ത്‌ കറുത്ത്‌ ഇരുണ്ടവനാകുക. ഇത്രയും ബുദ്ധിയില്ലാത്ത നിയെങ്ങിനെ എന്റെ സുഹൃത്തായി.“ പുലിക്ക്‌ ദേഷ്യം വന്നു തുടങ്ങി.

”പരസ്‌പരം വഴക്കടിച്ചാൽ ഇന്നും അത്താഴത്തിന്‌ ഒന്നും കിട്ടുകയില്ല. നമ്മൾ ജീവിക്കുന്ന ഇടമേതോ അതിന്നനുസരിച്ച്‌ നമ്മൾ മാറിയേ പറ്റൂ. ഞാനാ കുറുക്കൻ പറഞ്ഞത്‌ അനുസരിക്കുവാൻ പോകുകയാണ്‌. എന്നോട്‌ കറുത്തവനാകാൻ അയാൾ പറഞ്ഞു. ഞാനിനി എന്റെ തൊലിയുടെ നിറം മാറ്റുവാൻ പോകുകയാണ്‌.“

”തൊലിയുടെ നിറം മാറ്റുകയോ? ഏതു നിറമാണ്‌ നീ എടുത്തണിയുവാൻ പോകുന്നത്‌.?“

”നല്ല തവിട്ടു കലർന്ന കറുത്ത നിറം. അപ്പോൾ എനിക്ക്‌ സുഖമായി മരത്തിനു പുറകിൽ ഒളിച്ചിരിക്കാം.“

അത്രയും പറഞ്ഞ്‌ അയാൾ അയാളുടെ പഴയ മഞ്ഞച്ച തൊലി ഉരിഞ്ഞുകളഞ്ഞ്‌ പുതിയ തവിട്ടുകലർന്ന കറുത്ത തൊലി ധരിക്കുവാൻ തുടങ്ങി. പുലി അത്ഭുതത്തോടെ അത്‌ നോക്കിക്കണ്ടു. ഒരു മനുഷ്യൻ നിറം മാറുന്നത്‌ പുലി ആദ്യമായി കാണുകയല്ലേ.

”അപ്പോൾ ഞാനിനി എന്തു ചെയ്യും.?“ പുലി ചോദിച്ചു.

”നീയും ആ കുറുക്കന്റെ ഉപദേശം അനുസരിക്ക്‌. നിന്നോട്‌ അവൻ പുള്ളികളിലേക്ക്‌ പോകുവാൻ പറഞ്ഞത്‌ ഓർമ്മയില്ലേ?“

”എന്നുവച്ചാൽ എന്താണർത്ഥം?“ പുലിയുടെ സംശയം തീരുന്നില്ല.

”നീയിപ്പോൾ കണ്ട സീബ്രയേയും ജിറാഫിനേയും നിനക്കോർമ്മയില്ലേ. അതുപോലെ നീയും വേഷം മാറണം. അപ്പോൾ നിനക്കും ഇതുപോലെ മരങ്ങളുടെ ചില്ലകളിലും ഇടയിലുമൊക്കെ ഒളിച്ചിരിക്കാം. പഴയപോലെ വേട്ടയാടി കുശാലായി ജീവിക്കാം.“ എത്യോപ്യക്കാരൻ വിശദീകരിച്ചു.

”അയ്യയ്യേ, ആ സീബ്രയെക്കാണാൻ ഒരു ഭംഗിയുമില്ല ആകെ വര, ജിറാഫിന്റെ മേലുള്ള കള്ളികളും എനിക്ക്‌ ഇഷ്‌ടമായില്ല.“ പുലിക്ക്‌ തന്റെ സൗന്ദര്യം നഷ്‌ടപ്പെടുമോ എന്നായിരുന്നു ഭയം.

”അതിനു വഴിയുണ്ട്‌. നീ നിന്റെ മേലാകെ പുള്ളികളുണ്ടാക്കണം. അപ്പോൾ നീയൊരു പുള്ളിപുലിയാകും…“

”പക്ഷേ ഞാനെവിടെ നിന്ന്‌ പുള്ളികൾ കൊണ്ടുവരും?“

”ഞാനുണ്ടാക്കി തരാം. ഇതാ എന്റെ കൈവിരൽ തുമ്പുകൾ കണ്ടില്ലേ. എന്റെ മേലൊക്കെ കറുത്ത ചായം തേച്ചുകഴിഞ്ഞിട്ടും ഇനിയും കറുത്ത ചായം എന്റെ വിരൽ തുമ്പുകളിലുണ്ട്‌. അതൊക്കെ നിന്റെ ശരീരത്തിൽ ഞാൻ പുള്ളി പുളളിയാക്കി വച്ചു തരാം.“

എന്നു പറഞ്ഞ്‌ എത്യോപ്യക്കാരൻ തന്റെ അഞ്ച്‌ കൈവരലുകളും ഒന്നിച്ച്‌ കൂട്ടിപ്പിടിച്ച്‌ പുലിയുടെ ശരീരത്തിലമർത്തി. അയാൾ വിരൽ തുമ്പുകൾ അമർത്തിയ ഇടം കറുത്ത വർണ്ണമായി. അഞ്ച്‌ അടുത്തടുത്തുള്ള കറുത്ത കുത്തുകൾ. അങ്ങിനെ എത്യോപ്യക്കാരൻ പുലിയുടെ ശരീരത്തിലാകെ കറുത്ത കുത്തുകളുണ്ടാക്കി. അഞ്ചുവിരൽ തുമ്പുകൾ കൂട്ടിമുട്ടിച്ചതുപോലെ അഞ്ച്‌ കുത്തുകൾ ഒരുമിച്ച്‌. പിന്നെ മറ്റൊരു അഞ്ച്‌, അങ്ങിനെയങ്ങനെ.”

പുലിക്ക്‌ തന്റെ പുതിയ രൂപം ഇഷ്‌മടായി നല്ല ചന്തമുള്ള കത്തുകൾ. അപ്പോഴും ഒരു സംശയം ബാക്കി.

“ഞാനിങ്ങനെ പുള്ളിയായപ്പോൾ നീയുമെന്തുകൊണ്ട്‌ പുള്ളിയാകുന്നില്ല. നീ എന്തേ മുഴുക്കെ കറുപ്പായി.” പുലി എത്യോപ്യക്കാരനോട്‌ ചോദിച്ചു.

“മുഴുവൻ കറുപ്പായാൽ അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണു സുഹൃത്തേ, അത്‌ നിനക്കു മനസിലാകില്ല.” എത്യോപ്യക്കാരൻ മറുപടി പറഞ്ഞു. “അതെന്തോ ആകട്ടെ. നമുക്ക്‌ വീണ്ടും ഭക്ഷണമന്വേഷിക്കാം.”

അവർ വീണ്ടും വേട്ടക്കിറങ്ങി. അന്നുമുതൽ അവർ സുഖമായി ജീവിക്കുവാനും തുടങ്ങി. അങ്ങിനെയാണ്‌ പുലിയ്‌ക്ക്‌ പുള്ളികിട്ടിയതും പുലി പുള്ളിപുലിയായതും.

അന്നുമുതൽ ആളുകളുടെ ഇടയിൽ ഒരു ചൊല്ലുമുണ്ടായി. “എത്യോപ്യക്കാരന്‌ കറുപ്പുമാറ്റാനാകുമോ, പുള്ളിപുലിയ്‌ക്ക്‌ പുള്ളിയും? പാവം മനുഷ്യർ അവർക്കതിനാകില്ല എന്നല്ലേ മനുഷ്യർ കരുതുന്നത്‌. അവർ ഒരിക്കലത്‌ ചെയ്‌തതാണന്ന്‌ നമുക്കല്ലേ അറിയുള്ളു.

വിവർത്തനം – സുരേഷ്‌ എം.ജി

Generated from archived content: kattu1_nov16_10.html Author: rudyard_kipling

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English