ബുദ്ധിതന്നെശക്തി

ഉണ്ണിക്കുറങ്ങാൻ കഥകൾ വേണം

ഉൺമയുയർത്തും കഥകൾ വേണം

മുത്തിയമ്മതന്നെ ചൊല്ലിടേണം

മുത്തങ്ങൾ നൽകിയുറക്കീടേണം

മുത്തി, കഥയുടെ കെട്ടഴിച്ച്‌

വെറ്റിലയും, പാക്കും നൂറ്‌തേച്ച്‌

നറുചാറ്‌ പാറ്റിപ്പറഞ്ഞീടുന്നു

നീലനദിയിലെ ഭൂതക്കഥ

പണ്ടൊരുമുക്കുവൻ വലവീശവേ

കിട്ടിതിളങ്ങുന്ന ചെപ്പുക്കുടം

ആഹ്ലാദത്തിൽ വേഗം തുറന്നീടവേ

പുകയായി ഭൂതം പുറത്തുവന്നു

പൈശാചികമായലറിക്കൊണ്ട്‌

മുക്കുവനെത്തിന്നാൻ ഭൂതം വന്നു

ഭീതിയിലാകെവിറച്ചീടവേ

മുക്കുവബുദ്ധിയുണർന്നെണീറ്റു

“മലപോൽമഹാനായ ഭൂതത്താനെ

ചെറുമണിക്കടുകാവും മായാജാലം

കാട്ടിത്തരുമോ ഒരിക്കൽക്കൂടി

എന്നുടെ അന്ത്യാഭിലാഷമിത്‌

ആശകൾ തീർത്തെന്നെ ജീവനോടെ

ഭക്ഷിച്ചു നിന്റെ വിശപ്പുതീർക്ക്‌”

തന്നുടെ വൈഭവം കാട്ടീടാനായ്‌

ഭൂതത്താൻ പുകയായ്‌ക്കുടത്തിൽ ചെന്നു

ചെപ്പുകുടത്തിന്നടപ്പെടുത്ത്‌

മുറുക്കിയടച്ചു വരിഞ്ഞുകെട്ടി

മുക്കുവൻ പൊട്ടിച്ചിരിച്ചുപോയി

ഭൂതത്തിൻ പാഴ്‌ബുദ്ധിയോർത്തുപോയി

കൂട്ടരെയിക്കഥ ചൊല്ലീടുന്നു

ബുദ്ധിതന്നെ ശക്തിയെന്നതത്വം.

Generated from archived content: nurse1_jan10_11.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here