ശങ്കുണ്ണി പിശുക്കനും കടം വാങ്ങിയാൽ തിരിച്ചു കൊടുക്കാത്തവനുമായിരുന്നു. വീട്ടിലെ അത്യാവശ്യ കാര്യങ്ങൾക്കുപോലും പണം ചെലവാക്കാൻ അയാൾ മടിച്ചിരുന്നു. വയർനിറയെ ആഹാരം കഴിക്കാൻ പോലും പിശുക്ക് അയാളെ അനുവദിച്ചില്ല.
വരുമാനമുണ്ടായിരുന്നിട്ടും കിട്ടാവുന്നവരിൽ നിന്നെല്ലാം ശങ്കുണ്ണി കടം വാങ്ങി സൂക്ഷിച്ചുവച്ചു. കടം കൊടുത്തവർ വന്ന് ആവശ്യപ്പെടുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അയാളുടെ പതിവ്.
കൊച്ചു നാണുവിന്റെ പക്കൽ നിന്നാണ് ശങ്കുണ്ണി പലപ്പോഴും പണം കടം വാങ്ങിയിരിന്നത്. അത് വലിയൊരു തുകയുണ്ടായിരുന്നു. ആ പണമെല്ലാം ചികിത്സക്കായി ചെലവാക്കിയെന്ന് കൊച്ചുനാണുവിനോട് ശങ്കുണ്ണി നുണ പറഞ്ഞു. കൈയിൽ പൈസയുണ്ടായിട്ടും വാങ്ങിയ പണം തിരിച്ചു കൊടുക്കാനോ, വീണ്ടും വാങ്ങാതിരിക്കാനൊ ആപിശുക്കൻ തയ്യാറായില്ല. അയാൾ പണമെല്ലാം പെട്ടിയിൽ വച്ചു പൂട്ടി, തന്റെ കട്ടിലിനു താഴെ സൂക്ഷിച്ചു. പണപ്പെട്ടി അടുത്തിരുന്നതുകൊണ്ട് അയാൾക്ക് ഉറക്കം വന്നില്ല. ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയാലോ എന്നായി ഭയം. പണപ്പെട്ടി അയാളുടെ മനസിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പേടികൊണ്ട് അയാളുടെ മനസും ശരീരവും ക്ഷീണിച്ചു. സംസാരിക്കാൻ പോലും വയ്യാതായി.
ഒരുദിവസം രാവിലെ ശങ്കുണ്ണി മരിച്ചു കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും പണം കൊടുത്തവരും ഓടിക്കൂടി. അവരിൽ കൊച്ചുനാണുവും ഉണ്ടായിരുന്നു. അയാൾ മൃതദേഹത്തിനു ചുറ്റും നടന്ന് എന്തോ പരതുന്നുണ്ടായിരുന്നു. ശങ്കുണ്ണിയുടെ വലതുകൈ ചുരുട്ടിപ്പിടിച്ചിരുന്നു. കൊച്ചുനാണു അതു തുറന്നുനോക്കിയപ്പോൾ പരേതന്റെ ഭാര്യ ചോദിച്ചു.
“നിങ്ങളെന്താണ് തപ്പുന്നത്? കുറെ നേരമായല്ലോ!”
“ഞാൻ കൊടുത്തിരുന്ന പണം ശങ്കുണ്ണി കൊണ്ടുപോയോ എന്നു നോക്കുകയായിരുന്നു. ഭാഗ്യമായി കൊണ്ടുപോയിട്ടില്ല. എന്റെ പണം ശങ്കുണ്ണിയുടെ പെട്ടിയിലുണ്ട്. പണപ്പെട്ടിയുടെ താക്കോൽ ഇതാ ശങ്കുണ്ണി ഇറുക്കിപ്പിടിച്ചിരിക്കുന്നു”.
കൊച്ചു നാണുവിനും, കടം കൊടുത്ത തുക തിരിച്ചു കിട്ടേണ്ട മറ്റുള്ളവർക്കും സന്തോഷമായി.
Generated from archived content: unnikatha1_apr24_07.html Author: rajan_muthkunnam