ഭൂപേന്ദ്രപ്രസാദ് ധനികനായിരുന്നു. അദ്ദേഹം ഏക മകന്റെ വിവാഹഘോഷയാത്ര ആഢംബരപൂർണ്ണവും ഗംഭീരവുമാക്കുന്നതിന് വൻ തുക ചെലവാക്കി.
വിവാഹം കഴിഞ്ഞ് ഏതാനും ആഴ്‌ചകൾക്കുശേഷം മരുമകളുടെ ബുദ്ധിസാമർത്ഥ്യം പരീക്ഷിക്കാനായി ഭൂപേന്ദ്ര ചോദിച്ചു.
“നിങ്ങളുടെ വിവാഹത്തിനായി ഞാൻ എത്രതുക ചെലവാക്കിയെന്ന് ഊഹിച്ചു പറയാമോ?”
“ഉദ്ദേശം ഒരു ചാക്ക് അരിയുടെ വില”.
അതുകേട്ട് ഭൂപേന്ദ്ര അമ്പരന്ന് വാപൊളിച്ചിരുന്നുപോയി.
“ഒരു ചാക്ക് അരിയുടെ വിലയോ! ഛേ….”അയാൾ തുപ്പി. “ബുദ്ധികെട്ട പെണ്ണേ, വിവാഹത്തിന് വലിയൊരു തുക ചെലവാക്കി.”
മരുമകൾ ഒന്നും പറഞ്ഞില്ല. അവളൊരു മരത്തലച്ചിയാണെന്ന് ഭൂപേന്ദ്ര കരുതി.
“ഒരു മരത്തലച്ചി! എന്റെ നിർഭാഗ്യവാനായ പുത്രൻ!”
പിന്നീട് ഒരു ദിവസം എല്ലാവരുംകൂടി ഒരു ബന്ധുവിന്റെ വിവാഹത്തിൽ സംബന്ധിക്കാൻ പോയപ്പോൾ മാർഗ്ഗമദ്ധ്യേ ഒരു ശവസംസ്‌കാര യാത്ര കണ്ടു. അതിൽ ധാരാളംപേർ പങ്കെടുത്തിരുന്നു.
“ആരാണ് മരിച്ചത്?” കൂട്ടത്തിൽ കരച്ചിൽ നിറുത്തിയ ഒരുവനോട് ഭൂപേന്ദ്ര ചോദിച്ചു.
“അത് ഒരു ശവശരീരമോ അതോ ഒരു നൂറോ?” മരുമകൾ ചോദിച്ചു.
മരുമകളുടെ വിഷമിപ്പിക്കുന്ന ചോദ്യം കേട്ടപ്പോൾ കരയാത്തവന്റെ മറുപടിക്ക് കാത്തുനില്‌ക്കാതെ ഭൂപേന്ദ്ര വേഗം നടന്നു.
നടന്നുനടന്ന് അവർ ഒരു പാടത്തിനടുത്തെത്തി. അവിടെ കൃഷിക്കാർ വയലിൽ പണിയെടുക്കുന്നുണ്ടായിരുന്നു.
“ഇപ്പോഴത്തെ നിലയിൽ നിങ്ങൾക്ക് നല്ലൊരു വിളവ് കിട്ടും” ഭൂപേന്ദ്ര ഉറക്കെ പറഞ്ഞു.
“ഈ വർഷത്തെ കൊയ്‌ത്തിനോ, അതോ കഴിഞ്ഞ വർഷത്തേതിനോ?” മരുമകൾ ചോദിച്ചു.
“നിന്റെ ഭാര്യയ്‌ക്ക് ഭ്രാന്താണ്.” ഭൂപേന്ദ്ര മകനോട് പറഞ്ഞു. “ശുദ്ധ ഭ്രാന്ത്! അവൾ സ്ഥിരതയില്ലാതെ സംസാരിക്കുന്നു.”
“അവൾക്കോ?”
“നീ അറിയില്ലെന്നു ഭാവിക്കരുത്.” അച്ഛൻ ആർത്തുചിരിച്ചു. “കേട്ടില്ലേ ഇവളുടെ കഥയില്ലാത്ത ചോദ്യങ്ങൾ?”
“നാം കേൾക്കുന്നതുപോലെ നിസ്സാരങ്ങളല്ല അവളുടെ ചോദ്യങ്ങൾ.” അയാളുടെ മകൻ പറഞ്ഞു.
“അച്ഛൻ എന്താണ് അവളോട് വിശദീകരണം ചോദിക്കാതിരുന്നത്?”
ഭൂപേന്ദ്ര ഒന്നും പറഞ്ഞില്ല.
കുറെക്കഴിഞ്ഞ് മകനോടൊപ്പം അവളെ കണ്ടപ്പോൾ അയാൾ മരുമകളോട് ചോദിച്ചു.
“പറയൂ, ആ കരഞ്ഞവനോട് നീ ചോദിച്ചില്ലേ- നിങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത് ഒരു ശവശരീരമോ അതോ നൂറുപവനോ എന്ന്. എന്താണതിനർത്ഥം?”
“ചിലർക്ക് ഒട്ടേറെ ആശ്രിതരുണ്ടായിരിക്കും.” ആ യുവതി വിശദീകരിച്ചു. “അങ്ങനെയുളള ആൾ മരിച്ചാൽ ആശ്രിതർ അനാഥരാകും. ആ വിധത്തിൽ ആശ്രിതരും അവനോടൊപ്പം മരിക്കും. അതുകൊണ്ടാണ് കരഞ്ഞവനോട് അവർ വഹിച്ചിരുന്നത് ഒരു ശവശരീരമോ അതോ നൂറോ എന്നു ചോദിച്ചത്.”
“ഈ വർഷത്തെ വിളയാണോ, അതോ കഴിഞ്ഞ വർഷത്തേതാണോ എടുക്കുന്നതെന്ന് കൃഷിക്കാരോട് ചോദിച്ചതിന്റെ അർത്ഥം?”
“ആ കർഷകർ വർഷം മുഴുവൻ നിലനില്‌ക്കുന്ന കടക്കാരാണ്.” മരുമകൾ പറഞ്ഞു. “എന്റെ അന്വേഷണത്തിൽ മുൻവർഷത്തെ കടം വീട്ടുന്നതിന് അവർ കൂലിയില്ലാതെ പണി ചെയ്യുന്നു. അതുമല്ലെങ്കിൽ കടം വീട്ടിയിട്ട് പുതിയൊരു കടം ആരംഭിക്കുന്നു.”
തന്റെ മരുമകൾ ഒരു മരത്തലച്ചിയല്ലെന്നും തന്നേക്കാൾ ബുദ്ധിമതിയാണെന്നും ഭൂപേന്ദ്രയ്‌ക്ക് മനസ്സിലായി.
“ഒടുവിൽ ഒരു ചോദ്യം കൂടി.” അയാൾ ചോദിച്ചു.
“നിങ്ങളുടെ വിവാഹത്തിന് നല്ലൊരു തുക ചെലവാക്കിയെന്നറിഞ്ഞിട്ടും അതിന് ഒരു ചാക്ക് അരിയുടെ വിലയേയായുളളു എന്നു പറഞ്ഞതെന്താണ്?”
“വിവാഹാവശ്യങ്ങൾക്ക് ചെലവാക്കിയത് കുറെ നൂറുരൂപാ നോട്ടുകൾ മാത്രം.” അവൾ പുഞ്ചിരിച്ചു. “ബാക്കി കൂടുതലായി ചെലവഴിച്ചത് അച്ഛന്റെ അന്തസ്സ് ഉയർത്താനും നിലനിർത്താനുമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അത് വിവാഹത്തിനുവേണ്ടിയല്ല, അച്ഛനുവേണ്ടിയാണ്.”
———
Generated from archived content: unni_oct22.html Author: rajan_muthkunnam