പന്തയം പിന്നെയും

ഓട്ടക്കാരൻ മുയലൊരുനാൾ

പയ്യെപ്പമ്മി പോകുന്ന

ആമയെനോക്കി കളിയാക്കി

എന്നോടോടി ജയിക്കാമോ?

ആമതിരിഞ്ഞു, പുഞ്ചിരിതൂകി

സമ്മതമേകി സന്തോഷം

പന്തയമാകാം, ഓടാമല്ലോ

നാളെത്തന്നെ അതിരാവിൽ

പൊന്മാൻ പാറയിൽ നിന്നു തുടങ്ങി

ചെമ്പുക്കാവിലെ കൊന്നമരത്തിൽ

ആദ്യം ചെന്നു തൊടുന്നവനല്ലോ

വിജയി, യവനൊരു ഭാഗ്യശ്രീ!

മത്സരമേളം ആനന്ദമയം

കാടിനു പുത്തനുണർവേകി,

കൊട്ടും കുരവയുണർന്നപ്പോൾ

കേട്ടവർ കേട്ടവർ വരവായി!

മർക്കടനുടനെ കുഴലു വിളിച്ചു.

മുയലു കുതിച്ചു, ആമയിഴഞ്ഞു.

മുയലിന്റോട്ടം അതികേമം

ആമയുടേതോ മന്ദഗതി

ഓടുമ്പോൾ മുയൽ സ്വപ്‌നം കണ്ടു

ആദരവാലതിയാഹ്ലാദത്താൽ

സിംഹം നിന്നു ചിരിക്കുന്നു-

ഹാരം മുയലിനു ചാർത്തുന്നു!

അരുവിക്കരയിലെത്തിയ നേരം

ഞെട്ടിപ്പോയി മുയൽവീരൻ

തന്നെക്കാത്താ കൊന്നമരത്തിൻ

ചോട്ടിലിരിപ്പൂ ആമച്ചാർ!

പിന്നാലെത്തിയ കാട്ടുമൃഗങ്ങൾ

ആമച്ചാരെ തോളിലിരുത്തി

പാട്ടുംപാടി, ആർപ്പു വിളിച്ചും

കാടും മേടും ചുറ്റി നടന്നു.

ലജ്ജിതനായി മുയിലണ്ണൻ

ഓടിയൊളിച്ചു മാളത്തിൽ

അഹങ്കരിച്ചാലിങ്ങനെയാണേ

വിനയം ഭൂഷണമേവർക്കും

* * * * * * * * * * *

എങ്ങനെ ആമ ജയിച്ചെന്നല്ലേ,

അറിയാനാഗ്രഹമുണ്ടല്ലോ

കൊന്നമരത്തിൻ ചോട്ടിൽ കണ്ടത്‌

ആമച്ചാരുടെ കൊച്ചേട്ടൻ!

Generated from archived content: panthayam.html Author: rajan_muthkunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓണം; മലയാളത്തിന്റെ മഹോത്സവം
Next articleപത്തിരി
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English