മാനാഞ്ചേരി കുന്നിലാണ് സൗമ്യൻ മുയലിന്റെ മാളം. അവന് ശത്രുക്കൾ അനവധിയുണ്ടായിരുന്നു. അവരിൽ പ്രധാനി ശങ്കുക്കുറുക്കനായിരുന്നു. താഴ്‌വരയിൽ നിന്ന് ചക്കരക്കിഴങ്ങ് മാന്തിപ്പറിച്ചു തിന്നുമ്പോഴും സൗമ്യന്റെ കണ്ണും കാതും ചുറ്റിലും ശ്രദ്ധിക്കുമായിരുന്നു. ശങ്കുക്കുറുക്കൻ വന്നാൽ ഓടി രക്ഷപ്പെടണമല്ലോ.
മാളത്തിൽ സൗമ്യനേയും കാത്തിരുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളേയും സൂത്രം പ്രയോഗിച്ചു ശങ്കുക്കുറുക്കൻ കൊന്നുതിന്നു. മാളത്തിലേക്കു വന്നപ്പോഴാണ് കുറുക്കൻ ഓടിപ്പോകുന്നത് കണ്ടത്. അവന്റെ വീർത്ത വയറും ചിറിയിലെ ചോരപ്പാടും കണ്ടപ്പോൾ സൗമ്യൻ തളർന്നുപോയി.
പിന്നീട്, ഒരു ദിവസം കാട്ടുകിഴങ്ങ് തിന്നുകൊണ്ടിരിക്കുന്ന സൗമ്യൻ മുയലിനെ കണ്ടപ്പോൾ ശങ്കുക്കുറുക്കൻ കൊതിയോടെ പറഞ്ഞു.
“സൗമ്യാ, നിന്റെ വിശപ്പു മാറിയല്ലോ. എനിക്കാണെങ്കിൽ വയറ്റിൽ തീ കത്തുന്നു. ഇങ്ങടുത്തു വാടാ – ഓടരുത്, ഓടിയാൽ…”
“ചേട്ടന്റെ വയറ്റിൽ തീയല്ലേ! അടുത്തുവന്നാൽ ദഹിച്ചുപോകില്ലേ” മുയൽ കുതിച്ചോടി.
ശങ്കുക്കുറുക്കനെ വകവരുത്തിയില്ലെങ്കിൽ ജീവിതം സുരക്ഷിതമായിരിക്കില്ലെന്ന് സൗമ്യൻ മുയലിനറിയാം. ഏതു നിമിഷത്തിലും അവന്റെ കെണിയിൽ പെട്ടെന്നിരിക്കും. കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. ഇങ്ങനെ ആലോചിച്ചുകൊണ്ട് സൗമ്യൻ മാളത്തിനടുത്തെത്തിയപ്പോൾ ശങ്കുവിന്റെ കാല്പാടുകൾ കണ്ടു. അതു മാളത്തിനകത്തേക്ക് പോയിട്ടുണ്ട്. സൗമ്യൻ മുയൽ സൂക്ഷിച്ചുനോക്കി. കാല്പാടുകൾ അകത്തേക്കു മാത്രമേ പോയിട്ടുള്ളൂ. പുറത്തേക്കിറങ്ങിയതായി സൗമ്യന് ഉള്ളിൽ ഒരു ഇടിവാൾ മിന്നി!
മാളത്തിനകത്ത് തന്റെ വരവുംകാത്ത് കൊതിയോടെ ശങ്കുക്കുറുക്കൻ ഇരിപ്പുണ്ടാകും. ഇന്നത്തോടെ നിന്റെ ദുഃശാഠ്യം തീർത്തേക്കാം. മാളത്തിനു മുന്നിൽ ഉണക്കപ്പുല്ലിട്ടു കത്തിക്കണം. ശങ്കു പുകകൊണ്ട് കണ്ണ് കാണാനാവാതെ തീയിൽപ്പെട്ടു ചാവും. ഇങ്ങനെ കരുതിക്കൊണ്ട് തിരിഞ്ഞപ്പോൾ കണ്ടത് പിന്നിൽ നിന്നിരുന്ന പുലിക്കുട്ടനെയാണ്.
അളയിലിരിക്കുന്നതിനേക്കാൾ വലുത് പുറത്ത്! കടലിനും ചെകുത്താനും ഇടയിൽപ്പെട്ടതുപോലെയായി സൗമ്യന്റെ സ്ഥിതി.
“ഒരു കടിക്കില്ലെങ്കിലും വാ മോനേ മുയലപ്പാ” സൗമ്യൻ മുയൽ വിറച്ചു. എങ്കിലും ധൈര്യം സംഭരിച്ചുനിന്നു.
“കളിയാക്കേണ്ട ചേട്ടാ. ശരിയാണ്, എന്നെ ഒരു കടിക്കില്ല!”
പിന്നെ അവൻ കാര്യഗൗരവത്തോടെ പറഞ്ഞു.
“ഞാൻ ചേട്ടനെ അന്വേഷിച്ചിറങ്ങിയതായിരുന്നു. തിരിഞ്ഞപ്പോൾ തേടിയവള്ളി കാലിൽ ചുറ്റിയപോലെയായി. ദീർഘായുഷ്‌മാൻ!”
പുലിക്കുട്ടൻ ഒന്നും മനസ്സിലാകാതെ മിഴിച്ചുനിന്നു.
“നീ എന്താണ് പറഞ്ഞുവരുന്നത്? തെളിച്ചുപറയെടാ. ഓടരുത്. ഓടിയാൽ നിന്നെ വിടില്ല.”
പുലിക്കുട്ടന്റെ അടുത്തേയ്‌ക്ക് സൗമ്യൻ മുയൽ ചേർന്നു നിന്നിട്ട് പറഞ്ഞു. “ചേട്ടനുവേണ്ടി മാളത്തിൽ ഒരു ഗംഭീരസദ്യ ഒരുക്കിവച്ചിട്ടുണ്ട്. ഒന്നു കയറിനോക്ക്”.
പുലിക്കുട്ടൻ സംശയത്തോടെ മുയലിനെ നോക്കി.
“നീ എന്നെ പറ്റിക്കാമെന്നൊന്നും കരുതേണ്ട”
സൗമ്യൻ ആണയിട്ടു പറഞ്ഞു. “ചേട്ടന് എന്നെ വിശ്വാസമില്ലെങ്കിൽ….”
“നീ വാ….” പുലിക്കുട്ടൻ മുയലിന്റെ ചെവിക്കു പിടിച്ചുകൊണ്ട് മാളത്തിലേക്കു നടന്നു.
മുയലിന്റെയും പുലിയുടേയും ഉറക്കെയുള്ള ശബ്ദം കേട്ട് മാളത്തിൽ പമ്മിയിരുന്ന ശങ്കുക്കുറുക്കൻ രക്ഷപ്പെടാനായി പുറത്തേക്കു തലയെത്തിച്ചു നോക്കി. അതുകണ്ട പുലിക്കുട്ടൻ മാളത്തിലേക്ക് ചാടിക്കയറി. ആ തക്കത്തിന് സൗമ്യൻ മുയൽ ഓടിമറഞ്ഞു.
Generated from archived content: kattukatha1_july30_07.html Author: rajan_muthkunnam