പെരിയാർ തീരത്തുള്ള ഒരു കൊച്ചു കുടിലിലായിരുന്നു കേശുവും കുടുംബവും താമസിച്ചിരുന്നത്. അയാൾക്ക് ഭാര്യയും രണ്ടുകുട്ടികളും ഉണ്ടായിരുന്നു.
കൊതുമ്പുവെള്ളം തുഴഞ്ഞ് പെരിയാറിൽ പോയി ചുണ്ടയിട്ടു മത്സ്യം പിടിക്കലായിരുന്നു കേശുവിന്റെ ജോലി.
കിട്ടുന്ന മത്സ്യങ്ങൾ അന്തിച്ചന്തയിൽ കൊണ്ടുപോയി വിറ്റ് അയാൾ ഉപജീവനം കഴിച്ചു വന്നു.
ഒരു ദിവസം ചൂണ്ടയിടാൻ പോയ കേശുവിന് സന്ധ്യമയങ്ങിയിട്ടും ഒരു മത്സ്യം പോലും കിട്ടിയില്ല.
അടുത്ത ദിവസവും ചൂണ്ടയിൽ മത്സ്യമൊന്നും കൊത്തിയില്ല.
കേശു നിരാശനായി.
അയാളുടെ ജീവിതത്തിൽ മത്സ്യം കിട്ടാത്ത ദിവസങ്ങൾ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ക്ഷീണിതനായി വീട്ടിൽ ചെന്ന കേശുവിനെ ഭാര്യ ആശ്വസിപ്പിച്ചു.
നാളെ ചൂണ്ടയിടാൻ പോയാൽ മത്സ്യം കിട്ടും. അവൾ ഉറപ്പിച്ചു പറഞ്ഞു. കടം വാങ്ങിയ പണം കൊണ്ട് അരിയും മറ്റും വാങ്ങി അവർ കഴിച്ചുകൂട്ടി.
അടുത്ത ദിവസം ഉത്‌സാഹത്തോടെ കേശു പെരിയാറിലൂടെ വഞ്ചിതുഴഞ്ഞു. അയാൾ ഈശ്വരനെ പ്രാർത്ഥിച്ചുകൊണ്ട് ഇരകൊളുത്തി ചുണ്ടച്ചരട് ചുഴറ്റി കായലിലേക്ക് എറിഞ്ഞു. അനക്കമില്ല. ഒരു ചെറുമീൻ പോലും ചൂണ്ടയിൽ കൊത്തിയില്ല.
അന്നും വൈകിട്ട് വെറും കയ്യോടെ അയാൾ വീട്ടിലേക്കു തിരിച്ചുപോയി. ഭാര്യ അയാളെ സാന്ത്വനപ്പെടുത്തിയിട്ടു പറഞ്ഞു.
പെരിയാർക്കാവിലെ ജലദേവതക്ക് ഒരു നേർച്ച നേരാം.
കേശു ഭാര്യയുടെ നേരെനോക്കി ആകാംക്ഷയോടെ ചോദിച്ചു. എന്തു നേർച്ച?
അതോ, നാളെ ചൂണ്ടയിൽ കിട്ടുന്ന മത്സ്യത്തിന്റെ നേർപകുതി ജലദേവതക്ക് വഴിപാട്‌കൊടുക്കാം. എന്താ സമ്മതമാണോ?
കേശു സമ്മതിച്ചു. അവർ അന്ന് മനസ്സമാധാനത്തോടെ ഉറങ്ങി.
അടുത്ത ദിവസവും പതിവുപോലെ അയാൾ കൊതുമ്പു വള്ളമിറക്കി പെരിയാറിൽ ചൂണ്ടയിട്ടു.
നേരം വൈകിത്തുടങ്ങി. മുൻദിനങ്ങളിലേതുപോലെ സംഭവിക്കുമോ എന്ന് അയാൾക്ക് സംശയമായി. മത്സ്യമൊന്നും ചൂണ്ടയിൽ കൊത്തുന്നില്ല.
അങ്ങനെ തന്റെ കഷ്‌ടകാലത്തെക്കുറിച്ചാലോചിച്ച് ദുഖിച്ചിരിക്കേ ചൂണ്ടനാരു വലിഞ്ഞു.
ചൂണ്ടപ്പണിയിൽ പരിചയസമ്പന്നനായ അയാൾക്കു തോന്നി, ചൂണ്ടയിൽ വലിയൊരു മത്സ്യം പിടിച്ചിട്ടുണ്ടെന്ന്. അയാൾ ചൂണ്ടവെട്ടിച്ചു. പ്രായസപ്പെട്ട് മത്സ്യത്തെ വലിച്ചു വഞ്ചയിലിട്ടു.
വലിയൊരു കാളാഞ്ചു! അയാൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല.
മൂന്നുദിവസം മത്സ്യം ലഭിക്കാതിരുന്നതിന് പകരമായി ഒന്നിച്ചാണല്ലോ ജലദേവതകനിഞ്ഞു തന്നിരിക്കുന്നത്! പ്രാർത്ഥന ഫലിച്ചു. പക്ഷെ, അയാൾക്കൊരു സംശയം.
ഇപ്പോൾ മനസ്സിലായി അയാൾ മത്സ്യത്തെ നോക്കി പറഞ്ഞു.
ജലദേവത തന്റെ പകുതിപങ്കെടുത്തിട്ടാണല്ലോ തന്നിരിക്കുന്നത്. അല്ലെങ്കിൽ ഇതിലും വലിയ മീൻ ആയിരിക്കണമല്ലോ ചൂണ്ടയിൽ കൊത്തേണ്ടത്.
കേശു പറഞ്ഞുതീരുന്നതിനുമുമ്പ് മത്സ്യം വഞ്ചിയിൽ നിന്നു പുഴയിലേക്കു കുതിച്ചു.
അത് നദിയുടെ ആഴത്തിലേക്ക് പാഞ്ഞുപോയി.
Generated from archived content: kattukatha1_dec27_08.html Author: rajan_muthkunnam