പടുവൃദ്ധനും വിവേകിയുമായ ഒരു വ്യാപാരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു കച്ചവടസംഘം മുന്നൂറുകാളവണ്ടികളിൽ കാർഷികോല്‌പന്നങ്ങളുമായി ദൂരദേശത്തേക്ക് വ്യാപാരത്തിനായി യാത്രതിരിച്ചു. അവർപോകേണ്ട വഴിക്ക് ഒരു വനം ഉണ്ടായിരുന്നു. കാടിനോടടുത്തപ്പോൾ സംഘത്തിലെ എല്ലാവരോടുമായി വ്യാപാരി ഉറക്കെ വിളിച്ചുപറഞ്ഞു.
കാട്ടിൽ അപകടങ്ങൾ പതിയിരുപ്പുണ്ട്. അദ്ദേഹം മുന്നറിയിപ്പു നല്‌കി. എന്നോടു ചോദിക്കാതെ കാട്ടിൽ കാണുന്ന കായ്‌കനികൾ പറിച്ചുതിന്നരുത്. ചില പഴങ്ങൾ മധുരമുള്ളതായിരിക്കും. പക്ഷെ, അവയിൽ വിഷാംശമുണ്ടായിരിക്കും.
ഒരു ദിവസം ഗ്രാമങ്ങളിലൂടെ യാത്ര ചെയ്‌തിരുന്ന സംഘം ആ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ഉച്ചഭക്ഷണത്തിനായി തമ്പടിച്ചു. അവിടെ കാട്ടുപ്രദേശത്ത് ഒരു പ്രത്യേകതരംമരം അവരിൽ ചിലർ കണ്ടു. അതിൽ മാമ്പഴം പോലെയുള്ള ധാരാളം ഫലങ്ങൾ ഉണ്ടായിരുന്നു.
ഈ പഴങ്ങൾ തിന്നാൽ ഒരു കുഴപ്പവും വരില്ല. അവരിലൊരാൾ പറഞ്ഞു. ഇവ ഒരിനം മാമ്പഴംതന്നെയാണ്. അവർ മരത്തിൽ കയറി പഴങ്ങൾ പറിക്കാൻ തുടങ്ങി.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനും ശ്രദ്ധാലുവുമായ അവരിലൊരാൾ ചെന്ന് സംഘത്തലവനോട് അവിടെ നടന്നു കൊണ്ടിരിക്കുന്നതെല്ലാം അറിയിച്ചു. വൃദ്ധനായ വ്യാപാരി സംഭവസ്‌ഥലത്തേക്ക് ഓടിയെത്തി.
ആ ഫലം തിന്നരുത്. അദ്ദേഹം ആജ്ഞാപിച്ചു. അവ മാമ്പഴമല്ല, വിഷക്കനിയാണ്.
യാത്രക്കാർ ശേഖരിച്ചുവച്ച പഴങ്ങളെല്ലാം അവർ വലിച്ചെറിഞ്ഞുകളഞ്ഞു. കനി അല്‌പംതിന്ന ചിലർക്ക് അവ ഹർദ്ദിച്ചുപോകാനും അദ്ദേഹം മരുന്നു കൊടുത്തു. കൂട്ടാളികളെല്ലാം അപകടത്തിൽ നിന്ന് മുക്‌തരാണെന്ന് ഉറപ്പായപ്പോൾ നേതാവ് അവരോട് യാത്ര തുടരാൻ കല്‌പിച്ചു.
പോരുന്നതിനു മുൻപ് നമുക്ക് ആ വിഷവൃക്ഷം വെട്ടിക്കളയണം. അദ്ദേഹം പറഞ്ഞു. അത് യാത്രക്കാർക്ക് ഒരു മരണക്കെണിയാണ്.
സംഘാംഗങ്ങൾ മരം വെട്ടി വീഴ്‌ത്തിയപ്പോൾ ഗ്രാമവാസികൾ ഓടിയെത്തി. നിങ്ങളെന്താണ് ചെയ്‌തത്? അവർ കോപാകുലരായി. ഞങ്ങളുടെ ഉപജീവനമാർമഗ്ഗം നിങ്ങൾ ഇല്ലാതാക്കി. ഗ്രാമീണൽ പരാതിപ്പെട്ടു. ഒരു യാത്രികൻ ആ കനിതിന്നു മരിച്ചാൽ അവന്റെ സ്വത്തുക്കൾ ഞങ്ങൾ വീതിച്ചെടുക്കുമായിരുന്നു. ഇനി ഞങ്ങളെന്തു ചെയ്യും? അവർ ദുഃഖിതരായി.
ജീവിക്കാൻവേണ്ടി നേരായ മാർഗ്ഗം കണ്ടു പിടിക്കുക. വ്യാപാരി ഉപദേശിച്ചു.
ഈ കനികൾക്ക് വിഷമുണ്ടെന്ന് നിങ്ങളെങ്ങനെ കണ്ടുപിടിച്ചു? ഗ്രാമീണർ വൃദ്ധനോട് ചോദിച്ചു.
വർഷങ്ങളായി ഈമരം ഇവിടെത്തന്നെയുണ്ട്. നിങ്ങൾക്കറിയാമോ, ഇതിന്റെ കനിതിന്നാനുള്ള ആഗ്രഹം അടക്കാൻ ഒരു യാത്രക്കാരനും കഴിഞ്ഞിട്ടില്ല. വൃദ്ധൻ പറഞ്ഞു. എന്റെ സാമാന്യബുദ്ധിയാണ് ഇവിടെ പ്രവർത്തിച്ചത് നേതാവ് വെളിപ്പെടുത്തി.
ഗ്രാമത്തിലെ മരത്തിലുണ്ടാകുന്ന കനികൾ ഗ്രാമീണരോ കുട്ടികളോ ഉത്‌സാഹത്തോടെ പറിച്ചെടുക്കും. മാമ്പഴം പോലെയുള്ള ഇത്തരം കനികൾ ഇവരാരും ആഗ്രഹിക്കുന്നില്ലെങ്കിൽ അതിനർത്ഥം മറ്റൊന്നുമായിരിക്കില്ല; അവ വിഷക്കനികളാണ് എന്നതുതന്നെ. എല്ലാവരും സംഘത്തലവന്റെ ബുദ്ധി ശക്തിയെ പ്രശംസിച്ചു.
Generated from archived content: kattukatha1_april30_09.html Author: rajan_muthkunnam