മണിയൻ വാഴത്തടത്തിൽ ചിക്കിച്ചികഞ്ഞ് ഞാഞ്ഞൂളിനേയും ചെറുപ്രാണികളേയും കൊത്തിത്തിന്നുകയായിരുന്നു. വിശപ്പു ശമിച്ചപ്പോൾ അവൻ നിവർന്നു നിന്ന് നീട്ടിക്കൂവി. അതുകേട്ടുകൊണ്ട് കറമ്പൻ കാട്ടുപൂച്ച പമ്മിപ്പമ്മിവന്ന് മണിയനെ തടഞ്ഞുനിറുത്തി. കറുമ്പൻ ദുഷ്‌ടനായിരുന്നു. അവൻ പൂവൻകോഴിയെ കുറ്റപ്പെടുത്തി.
നീ ഉറക്കെക്കൂവി ഉറങ്ങുന്നവരെ ശല്യപ്പെടുത്തുന്നു. പേടിപ്പിക്കുന്നു. ഇക്കാര്യത്തിൽ നിനക്കെന്തെങ്കിലും പറയുവാനുണ്ടോ?
ന്യായാധിപന്റേതുപോലെയായിരുന്നു കറമ്പന്റെ ചോദ്യം.
മണിയന്റെ മറുപടി ഇതായിരുന്നു.
ഉറങ്ങുന്നവരെ ശല്യം ചെയ്യണമെന്ന വിചാരം എനിക്കില്ല. നാട്ടിലുളള എല്ലാജീവികളേയും സേവിക്കാനാണ് ഞാൻ വെളുപ്പിന് കൂവുന്നത്. പേടിപ്പിക്കാനല്ല. പ്രഭാതമായെന്നാണ് ഞാൻ എല്ലാ ജീവികളേയും അറിയിക്കുന്നത്. ഉറക്കമുണരാനും അവനവന്റെ ജോലികൾ ചെയ്യാനും ഞാൻ അവരെ ഓർമ്മിപ്പിക്കുന്നു.
പൂവൻകോഴിയുടെ മറുപടി കാട്ടുപൂച്ചക്ക് തീരെ ഇഷ്‌ടമായില്ല.
ഓ! ഒരു പരോപകാരി വന്നിരിക്കുന്നു.
അവൻ മണിയനെ പുച്‌ഛത്തോടെ കളിയാക്കി. പിന്നെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
നീ മുടന്തൻ ന്യായങ്ങൾ പറഞ്ഞു രക്ഷപ്പെടാൻ നോക്കണ്ട. നിന്നെ ഞാൻ വെറുതെവിടാൻ പോകുന്നില്ല.
കറമ്പൻ പൂച്ച പെട്ടെന്ന് മണിയന്റെ മേൽ ചാടിവീണു. അവനെ വലിച്ചിഴച്ചുകൊണ്ട് മാളത്തിലേക്കു നടന്നു.
ഞാനൊരു തെറ്റും ചെയ്‌തില്ലല്ലോ. എന്നെ വിടൂ കറമ്പൻ ചേട്ടാ.
മണിയൻ വേദനകൊണ്ട് ചിറകിട്ടടിച്ച് കേണപേക്ഷിച്ചിട്ടും കറമ്പൻ ഒട്ടും ദയ കാട്ടിയില്ല.
അവൻ മൂളിപ്പാട്ടും പാടി നടക്കുന്നതിനിടയിൽ ചെന്നുപെട്ടത് കടിയൻ വേട്ടപ്പട്ടിയുടെ മുന്നിലാണ്. വേട്ടക്കുപോകുമ്പോൾ മൃഗങ്ങളെ ഒറ്റക്കടിക്കു കൊല്ലുന്നവനാണ് കടിയൻ. അതുകൊണ്ടാണ് അവന് ആ പേരു കിട്ടിയത്.
കടിയനുവേണ്ടി യജമാനൻ പാകപ്പെടുത്തി വച്ചിരുന്ന ഇറച്ചി ഒരിക്കൽ കട്ടുതിന്നവനാണ് കറമ്പൻ. ആ പക ഇപ്പോഴും കടിയനുണ്ട്. പലപ്പോഴും വേട്ടപ്പട്ടിയുടെ മുന്നിൽ ചെന്നുപെട്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ഓരോ സൂത്രം പ്രയോഗിച്ച് രക്ഷപ്പെട്ടിരുന്നു.
ഇന്നു നീ രക്ഷപ്പെടില്ലെടാ കാട്ടുപൂച്ചേ. വേട്ടപ്പട്ടി പല്ലിളിച്ചു. കറമ്പൻ ഒന്നു പകച്ചെങ്കിലും ഭയം പുറത്തുകാട്ടിയില്ല.
കടിയന്റെ പിന്നിൽ നിൽക്കുന്ന ആരോടോ സംസാരിക്കുന്നതുപോലെ കറമ്പൻ ആംഗ്യം കാണിച്ചു.
ആരെടാ കറമ്പൻപൂച്ചേ അവിടെ?
എന്നെ തട്ടാൻ നീ ആരെയെങ്കിലും പിന്നിൽ നിറുത്തിയിട്ടുണ്ടോ?
എന്നു ചോദിച്ചുകൊണ്ട് വേട്ടപ്പട്ടി തിരിഞ്ഞു നോക്കിയപ്പോൾ പൂച്ച കോഴിയെ വിട്ടിട്ട് അടുത്തുനിന്ന മരത്തിലേക്ക് ചാടിക്കയറി ഇലകൾക്കിടയിൽ ഒളിച്ചു. കോഴി പറന്നു കാട്ടരുവിക്കരയിലെത്തി.
ഹാവൂ രക്ഷപ്പെട്ടു !
വേട്ടപ്പട്ടി കുറെനേരം നോക്കി നിന്നിട്ട് ഇളിഭ്യനായി തിരിച്ചോടിപ്പോയി.
Generated from archived content: kattukatha1_apr29_08.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English