മീരാക്കുഞ്ഞ് പടുവൃദ്ധനായിരുന്നു. അയാൾ ദരിദ്രനുമായിരുന്നു.
ഒരു ദിവസം വീടിന്റെ തിണ്ണയിലിരുന്ന് ആ വൃദ്ധൻ കീറിയ വസ്‌ത്രം തുന്നുകയായിരുന്നു.
തുന്നിക്കൊണ്ടിരിക്കേ സൂചിയിൽ കോർത്തിരുന്ന നൂല് വിട്ടുപോന്നു. വൃദ്ധൻ വിഷമിച്ചു.
അയാൾക്ക് കാഴ്‌ചശക്തി കുറവായിരുന്നു.
മകന്റെ മകൾ സൈനുവാണ് സൂചിയിൽ നൂല് കോർത്തുകൊടുത്തത്.
അവൾ അതും കഴിഞ്ഞു പള്ളിക്കൂടത്തിലേക്ക് പോയി. നാലാം സ്‌റ്റാന്റേഡിലാണ് സൈനു പഠിക്കുന്നത്.
ഇനി അവൾ വരുമ്പോൾ ഒരു മണി കഴിയും. വൃദ്ധൻ വിഷമിച്ചിരിക്കെ ഒരു പച്ചത്തത്ത പറന്നു വന്ന് മുറ്റത്തെ മാവിൻ കൊമ്പിലിരുന്നു.
സൂചിയും നൂലും നീട്ടിക്കൊണ്ട് വൃദ്ധൻ തത്തയോട് ചോദിച്ചു.
തത്തമ്മേ തത്തമ്മേ, സൂചിയിൽ നൂല് കോർത്തു തരാമോ?
പറ്റില്ല….. പറ്റില്ല…. കിഴവാ എനിക്കു വേറെ പണിയുണ്ട് എന്നു പറഞ്ഞുകൊണ്ട് തത്ത പറന്നുപോയി.
അല്‌പനേരം കഴിഞ്ഞ് ഒരു നായ മുറ്റത്തു കൂടി ഓടിപ്പോകവേ വയസൻ ചോദിച്ചു.
നായക്കുട്ടാ……. നായ്‌ക്കുട്ടാ…… സൂചിയിൽ നൂല് കോർത്തുതരാമോ?
നായ വൃദ്ധന്റെ നേരെ നോക്കി മുരണ്ടു.
എന്നെ യജമാനൻ അന്വേഷിക്കും നില്‌ക്കാൻ നേരമില്ല.
അതും പറഞ്ഞ് നായ ഓടിപ്പോയി.
ഇനി എന്തുചെയ്യും? എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഒരു ശബ്‌ദം കേട്ടു.
മ്യാവൂ മ്യാവൂ പൂച്ചയുടെ വരവാണെന്നു മീരാക്കുഞ്ഞിനു തോന്നി.
പൂച്ച ചവിട്ടുപടിയിൽ കയറിയിരുന്നപ്പോൾ അയാൾ ചോദിച്ചു.
പൂച്ചക്കുറിഞ്ഞി പുന്നാരക്കുറിഞ്ഞി സൂചിയിൽ നൂല് കോർത്തുതരാമോ? ഞാനെന്റെ കീറിയ മുണ്ട് തുന്നട്ടെ.
പൂച്ച ഒന്നുംപറയാതെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. വൃദ്ധൻ വിഷമിച്ചു.
പിന്നീട് അതുവഴിവന്നത് കുയിൽക്കൂട്ടമായിരുന്നു.
കു….കു….. പാടിവന്ന് അവ മാവിലിരുന്നു. തളിര് തിന്നു രസിച്ചു കൊണ്ടിരുന്നു. കുയിൽപ്പറ്റത്തോട് മീരാക്കുഞ്ഞ് ചോദിച്ചു.
കുയിലുകളെ പുള്ളിക്കുയിലുകളേ, എന്റെ സൂചിയിൽ നൂല് കോർത്തു തരാമോ?
വൃദ്ധൻ ചോദിച്ചതുകേട്ടപ്പോൾ കുയിലുകൾ കൂട്ടത്തോടെ കൂകിക്കൊണ്ട് പറന്നുപോയി.
പിന്നീട് നായ മുറ്റത്തുകൂടി തിരിച്ചു പോയപ്പോൾ കിഴവൻ പറഞ്ഞു.
നായ്‌ക്കുട്ടാ സൂചിയിൽ നൂലു കോർത്തുതന്നാൽ നിനക്കു ഞാനൊരു പട്ടുകുപ്പായം തുന്നിത്തരാം.
നായ മുറ്റത്തുനിന്ന് മീരാക്കുഞ്ഞിനെ നോക്കിക്കുരച്ചു. ആ പട്ടുടുപ്പിട്ടുനടന്നാൽ നീ സുന്ദരനായിരിക്കും. കൂട്ടുകാരും യജമാനനും നിന്നെ ആദരിക്കും.
നായ വൃദ്ധന്റെ സൂചിയിൽ നൂല് കോർത്തുകൊടുത്തിട്ട് പട്ടുടുപ്പു തുന്നിവാങ്ങാൻ അടുത്തിരുന്നു.
Generated from archived content: kattu1_nov20_09.html Author: rajan_muthkunnam