മുയലിന്റെ ബുദ്ധി

മാനാഞ്ചേരിക്കുന്നിലാണ്‌ സൗമ്യൻ മുയലിന്റെ മാളം.

അവന്‌ ശത്രുക്കൾ അനവധിയുണ്ടായിരുന്നു. അവരിൽ പ്രധാനി ശങ്കുക്കുറുക്കനായിരുന്നു.

താഴ്‌വരയിൽ നിന്ന്‌ ചക്കരക്കിഴങ്ങ്‌ മാന്തിപ്പറിച്ചു തിന്നുമ്പോഴും സൗമ്യന്റെ കണ്ണും കാതും ചുറ്റിലും ശ്രദ്ധിക്കുമായിരുന്നു.

ശങ്കുക്കുറുക്കൻ വന്നാൽഓടി രക്ഷപ്പെടണമല്ലോ.

മാളത്തിൽ സൗമ്യനെയും കാത്തിരുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളേയും സൂത്രംപ്രയോഗിച്ചു ശങ്കുക്കുറുക്കൻ കൊന്നുതിന്നു.

മാളത്തിലേക്കു വന്നപ്പോഴാണ്‌ കുറുക്കൻ ഓടിപ്പോകുന്നതു കണ്ടത്‌.

അവന്റെ വീർത്ത വയറും ചിറിയിലെ ചോരപ്പാടും കണ്ടപ്പോൾ സൗമ്യൻ ആകെ തളർന്നുപോയി.

പിന്നീട്‌ ഒരു ദിവസം കാട്ടുകിഴങ്ങ്‌ തിന്നു കൊണ്ടിരുന്ന സൗമ്യൻ മുയലിനെ കണ്ടപ്പോൾ ശങ്കുക്കുറുക്കൻ കൊതിയോടെ പറഞ്ഞു.

സൗമ്യാ നിന്റെ വിശപ്പു മാറിയല്ലോ. എനിക്കാണെങ്കിൽ വയറ്റിൽ തീകത്തുന്നു. ഇങ്ങടുത്തുവാടാ ഓടരുത്‌.

ഓടിയാൽ…..

ചേട്ടന്റെ വയറ്റിൽ തീയല്ലേ അടുത്തു വന്നാൽ ദഹിച്ചു പോകില്ലേ?

മുയൽ കുതിച്ചോടി.

ശങ്കുക്കുറുക്കനെ വകവരുത്തിയില്ലെങ്കിൽ ജീവിതം സുരക്ഷിതമായിരിക്കില്ലെന്ന്‌ സൗമ്യൻ മുയലിനറിയാം.

ഏതുനിമിഷത്തിലും അവന്റെ കെണിയിൽ പെട്ടെന്നിരിക്കും. കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു.

​‍്‌

ഇങ്ങനെ ആലോചിച്ചുകൊണ്ട്‌ സൗമ്യൻ മാളത്തിനടുത്തെത്തിയപ്പോൾ ശങ്കുവിന്റെ കാല്‌പ്പാടുകൾ കണ്ടു.

അതു മാളത്തിനകത്തേക്ക്‌ പോയിട്ടുണ്ട്‌. സൗമ്യൻമുയൽ സൂക്ഷിച്ചുനോക്കി.

കാല്‌പ്പാടുകൾ അകത്തേക്കു മാത്രമേ പോയിട്ടുള്ളൂ. പുറത്തേക്കിറങ്ങിയതായി കാണുന്നില്ല. സൗമ്യന്‌ ഉള്ളിൽ ഒരു ഇടിവാൾ മിന്നി.

മാളത്തിനകത്ത്‌ തന്റെ വരവും കാത്ത്‌ കൊതിയോടെ . ശങ്കുക്കുറുക്കൻ ഇരിപ്പുണ്ടാകും. ഇന്നത്തോടെ നിന്റെ ദുഃശല്യം തീർത്തേക്കാം.

മാളത്തിനു മുന്നിൽ ഉണക്കപ്പുല്ലിട്ടു കത്തിക്കണം. ശങ്കു പുകകൊണ്ട്‌ കണ്ണ്‌ കാണാനാവാതെ തീയിൽപ്പെട്ടു ചാവും.

ഇങ്ങനെ കരുതിക്കൊണ്ട്‌ തിരിഞ്ഞപ്പോൾ കണ്ടത്‌ പിന്നിൽ നിന്നിരുന്ന പുലിക്കുട്ടനെയാണ്‌.

അളയിലിരിക്കുന്നതിനേക്കാൾ വലുത്‌ പുറത്ത്‌!

കടലിനും ചെകുത്താനും ഇടയിൽപ്പെട്ടതുപോലെയായി സൗമ്യന്റെ സ്‌ഥിതി.

ഒരു കടിക്കില്ലെങ്കിലും വാ മോനേ മുയലപ്പാ…..

സൗമ്യൻ മുയൽ പേടിച്ച്‌ വിറച്ചു. എങ്കിലും ധൈര്യം സംഭരിച്ചു നിന്നു.

കളിയാക്കേണ്ട ചേട്ടാ. ശരിയാണ്‌ എന്നെ ഒരു കടിക്കില്ല. പിന്നെ അവൻ കാര്യഗൗരവത്തോടെ പഞ്ഞു.

ഞാൻ ചേട്ടനെ അന്വേഷിച്ചിറങ്ങിയതായിരുന്നു. തിരിഞ്ഞപ്പോൾ തേടിയവള്ളികാലിൽ ചുറ്റിയപോലായി.

ദീർഘായുഷ്‌മാൻ !

പുലിക്കുട്ടൻ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു.

നീ എന്താണ്‌ പറഞ്ഞു വരുന്നത്‌? തെളിച്ചു പറയെടാ. ഓടരുത്‌ ഓടിയാൽ നിന്നെ വിടില്ല.

പുലിക്കുട്ടന്റെ അടുത്തേക്ക്‌ സൗമയ്യൻ മുയൽ ചേർന്നുനിന്നിട്ടു പറഞ്ഞു.

ചേട്ടനുവേണ്ടി മാളത്തിൽ ഒരു ഗംഭീരസദ്യയൊരുക്കി വച്ചിട്ടുണ്ട്‌. ഒന്നു കയറിനോക്ക്‌.

പുലിക്കുട്ടൻ സംശയത്തോടെ മുയലിനെ നോക്കി. നീ എന്നെ പറ്റിക്കാമെന്നൊന്നും കരുതേണ്ട.

സൗമ്യൻ ആണയിട്ടുപറഞ്ഞു. ചേട്ടന്‌ എന്നെ വിശ്വാസമിലെങ്കിൽ….

നീ വാ…. പുലിക്കുട്ടൻ മുയലിന്റെ ചെവിക്കുപിടിച്ചുകൊണ്ട്‌ മാളത്തിലേക്കു നടന്നു.

മുയലിന്റെയും പുലിയുടേയും ഉറക്കെയുള്ള ശബ്‌ദം കേട്ട്‌ മാളത്തിൽ പമ്മിയിരുന്ന ശങ്കുക്കുറുക്കൻ രക്ഷപ്പെടാനായി പുറത്തേക്കു തലയെത്തിച്ചു നോക്കി.

അതുകണ്ട പുലിക്കുട്ടൻ മാളത്തിലേക്ക്‌ ചാടിക്കയറി. ആ തക്കത്തിന്‌ സൗമ്യൻമുയൽ ഓടി മറഞ്ഞു.

Generated from archived content: kattu1_may30_09.html Author: rajan_muthkunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആനപ്പുറത്തൊരു സവാരി
Next articleചിലർ അങ്ങനെയാണ്‌ എന്തെങ്കിലും കിട്ടണം
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here