ദുരഭിമാനം

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാനും സഞ്ചരിക്കാനും കഴിയുമെന്ന്‌ കിട്ടൻ ആമ അഹങ്കരിച്ചിരുന്നു.

കരയിൽ നിന്നും ഉപദ്രവമുണ്ടായാൽ വെള്ളത്തിലിറങ്ങിനീന്തി രക്ഷപ്പെടാം.

ജലജീവികളുടെ ആക്രമണമുണ്ടായാലോ? കരയിൽ കയറി ഒളിച്ചിരിക്കാം.

അതുകൊണ്ട്‌ കിട്ടൻ ആമ ആരേയും വകവച്ചിരുന്നില്ല. മിയ്‌ക്കപ്പോഴും ലക്ഷ്യത്തിലെത്തുന്നത്‌ വൈകിയായിരിക്കും.

മാതാപിതാക്കളും മൂത്ത സഹോദരന്മാരും അവനെ ഉപദേശിച്ചിരുന്നു.

എവിടെയെങ്കിലും ഒരനക്കമോ ആരെങ്കിലും അടുത്തുവരുന്ന ശബ്‌ദമോ കേട്ടാൽ പെട്ടെന്ന്‌ തലയും കൈയും കാലുകളും ഉറപ്പുള്ളപുറന്തോടിനകത്തേക്ക്‌ വലിക്കണമെന്ന്‌.

ശത്രുക്കളിൽ നിന്ന്‌ രക്ഷപ്പെടാൻ ദൈവം തന്ന അനുഗ്രഹമാണ്‌ ഉറപ്പേറിയ പുറന്തോടെന്നും അവർ അവനോടു പറഞ്ഞു.

എന്നാൽ എല്ലാം തന്റെ കഴിവാണെന്ന്‌ കരുതി അവൻ ആരുടെ മുമ്പിലും കൂസാതെ നടന്നു. കാട്ടിലെ വലിയജന്തുവായ ആനയെപ്പോലും അവനു പുഛമായിരുന്നു.

കാട്ടുപോത്തിനേയോ, സിംഹത്തേയോ അകലെ വച്ചെങ്ങാൻ കണ്ടാൽ വാലും പൊക്കി ജീവനും കൊണ്ടോടുന്ന ആനയെ കിട്ടൻ പേടിത്തൊണ്ടനായി കരുതി. ഒരു ദിവസം മലയോരത്ത്‌ പ്‌ക്രോം – പ്‌ക്രോം എന്നു കരഞ്ഞുകൊണ്ടിരുന്ന തിങ്കൻ തവളയോട്‌ അതുവഴിവന്ന കിട്ടൻ ആമ ചോദിച്ചു.

നിനക്കൊന്നു മിണ്ടാകിതിരുന്നകൂടെ? ശല്യം ഇതുവഴി വരുന്നതറിഞ്ഞില്ല.

കിട്ടനാമയുടെ മനസ്സിലിരിപ്പ്‌ തിങ്കൻ തവളയ്‌ക്ക്‌ പിടികിട്ടി. അവൻ ഭയവും ഭക്തിയും നടിച്ചിട്ടു പറഞ്ഞു.

അവിടത്തെ എഴുന്നള്ളത്ത്‌ അടിയനറിഞ്ഞില്ലേ. അടിയനോട്‌ പൊറുക്കണേ.

അപ്പോൾ അകലെയായി കുഞ്ഞൻ ആന മരക്കൊമ്പുകളൊടിച്ച്‌ രസിച്ച്‌ വരുന്നത്‌ തിങ്കൻ തവള കണ്ടു.

അടിയൻ പാവമാണേ മാപ്പുതരണേ…

പോടാതിങ്കാ…. ഇനി ഞാനിതിലെ പോകുമ്പോൾ നിന്റെ ഒച്ചകേട്ടുപോകരുത്‌. ഓർമ്മയിരിക്കട്ടെ!

തിങ്കൻ വായുംപൊത്തി ചാടിച്ചാടി മാളത്തിൽ കയറി. നേരെ വന്ന കുഞ്ഞൻ ആനയ്‌ക്ക്‌ വഴി മാറിക്കൊടുക്കാൻ കിട്ടൻ ആമയെ അവന്റെ ദുരഭിമാനം അനുവദിച്ചില്ല.

അവൻ വഴിക്കു വിലങ്ങനെയുള്ള ഒരു പാറപ്പുറത്തു കയറിയിരുന്നു. കുഞ്ഞൻ ആന ചിന്നം വിളിച്ചു കടന്നു പോയപ്പോൾ ചവിട്ടേറ്റ്‌ കിട്ടനാമയുടെ പുറംന്തോട്‌ ഞെരിഞ്ഞുപോയി.

Generated from archived content: kattu1_feb28_09.html Author: rajan_muthkunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകരിമ്പാറ കോപിച്ചാൽ….
Next articleതിമിംഗലത്തിന്റെ തൊണ്ടയിൽ കുരുക്കിട്ട കഥ
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here