ആ വാഴത്തടത്തിൽ ചിക്കിച്ചികയുന്നത് കുക്കു കോഴിയും ഒമ്പതു മക്കളുമാണ്. കറുപ്പും വെളുപ്പും ചെന്നിറവുമുളള കോഴിക്കുഞ്ഞുങ്ങളെ കാണാൻ എന്തുരസം! മണ്ണിനടിയിൽ നിന്നു ഞാഞ്ഞുളുകളേയും ചെറുപ്രാണികളെയും ചികഞ്ഞുപിടിക്കാൻ തളളക്കോടി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. അതിനിടയിൽ ഞാഞ്ഞൂളിനെ ചികഞ്ഞെടുത്ത ഒരു കുഞ്ഞ് അതിനേയുംകൊണ്ട് കൂട്ടത്തിൽ നിന്ന് ഓടി. പിന്നാലെ മറ്റു കുഞ്ഞുങ്ങളും ഓടിയെത്തി അതിനെ വളഞ്ഞു. കറുത്ത കോഴിക്കുഞ്ഞ് ഓട്ടക്കാരൻ കുഞ്ഞിന്റെ ചുണ്ടിൽ നിന്ന് ഇരയെ തട്ടിയെടുത്തു. പിന്നെ മറ്റെല്ലാ കുഞ്ഞുങ്ങളുംകൂടി കറുത്ത കുഞ്ഞിന്റെ പിന്നാലെ ഇര തട്ടിയെടുക്കാനായി പാഞ്ഞു.
ആ തക്കംനോക്കി ആകാശത്തു വട്ടമിട്ടു പറന്നിരുന്ന ചെമ്പരുന്ത് ഞൊടിയിടയിൽ താഴേക്ക് പറന്നിറങ്ങി ഒരു കോഴിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ട് അതിവേഗം പറന്നു പൊങ്ങി. തളളക്കോഴി അതിന്റെ പിന്നാലെയെത്താൻ ചിറകടിച്ചു പറന്നെങ്കിലും ഉയർന്നു പൊങ്ങാനായില്ല. അതു ചിറകുവിരിച്ചു വെപ്രാളത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടി. പരുന്തിന്റെ കാലിൽ കിടന്ന് ‘കീയോ-കീയോ’ എന്ന് കരഞ്ഞ കുഞ്ഞിന്റെ ശബ്‌ദം ക്രമേണ കേൾക്കാതായി. പരുന്തിനേയും പിന്നെ കണ്ടില്ല.
ബാക്കി എട്ടു കുഞ്ഞുങ്ങളും പേടിച്ചോടി ചപ്പുചവറുകളിലൊളിച്ചു. അവ പേടിച്ചു വിറയ്‌ക്കുന്നുണ്ടായിരുന്നു. തളളക്കോഴി വ്യസനവും ദേഷ്യവും കൊണ്ട് ‘ക്‌ളക്-ക്‌ളക്’ എന്നു ശബ്‌ദിച്ചുകൊണ്ടിരുന്നു.
ഭയം നീങ്ങിയപ്പോൾ കോഴിക്കുഞ്ഞുങ്ങൾ ചവറിനടിയിൽ നിന്ന് പുറത്തേക്കു വന്നു.
തളളക്കോഴി ചോദിച്ചുഃ “കുഞ്ഞുങ്ങളെ, നിങ്ങളെല്ലാവരും അമ്മയുടെ അടുത്തു നിന്നിരുന്നെങ്കിൽ ശൂരൻ കുഞ്ഞിനെ പരുന്തു റാഞ്ചുമായിരുന്നോ. സൂക്ഷിക്കണം മക്കളെ, ഇനിയും ആ പരുന്തുവരും, നിങ്ങളിലൊരുവനെ റാഞ്ചാനായി.”
അമ്മ ഉപദേശിച്ചിട്ടും കോഴിക്കുഞ്ഞുങ്ങൾ അനുസരിച്ചില്ല. അവർ പിന്നെയും തളളക്കോഴിയെ വിട്ടകന്ന് ഓടിപ്പറന്ന് കളിക്കാനും ചികയാനും തുടങ്ങി.
അങ്ങനെ, കുളക്കരയിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ ചിക്കിച്ചികഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഒരു വങ്കൻ തവള കറമ്പിക്കുഞ്ഞിന്റെ കാലിൽ പിടികൂടിയത്. അതു കണ്ട് മറ്റ് ഏഴുകുഞ്ഞുങ്ങളും പേടിച്ചോടി തളളക്കോഴിയുടെ അടുത്തുവന്നുപറഞ്ഞു.
“അമ്മേ…അമ്മേ, കറമ്പിക്കുഞ്ഞിനെ തവള പിടിച്ചു.”
ഇതുകേൾക്കേണ്ടതാമസം, തളളക്കോഴി ചീറിപ്പറന്നു കുളക്കരയിലെത്തി. അപ്പോൾ അവിടെ വീർത്ത വയറുമായി വങ്കൻ തവള കുളത്തിലേക്കുചാടി വെളളത്തിനടിയിലേക്ക് ഊളിയിടുന്നതാണ് കണ്ട്.
തളളക്കോഴിക്ക് ദുഃഖമടക്കാൻ കഴിഞ്ഞില്ല. അവൾ കൊക്കിക്കൊക്കി കുഞ്ഞുങ്ങളോടു പറഞ്ഞു.
“മക്കളെ, ഇനിയെങ്കിലും തളള പറയുന്നതൊന്ന് അനുസരിച്ചാൽ നിങ്ങൾക്ക് ശൂരന്റേയും കറമ്പിയുടേയും ഗതിവരില്ല.
കോഴിക്കുഞ്ഞുങ്ങൾ ചിറകടിച്ചു സമ്മതിച്ചു. എന്നാൽ, പിന്നെയും അവർ കളിച്ചുക്കളിച്ചു തളളയിൽ നിന്നകന്ന് ഒരു പാമ്പിന്റെ മാളത്തിനടുത്തെത്തി. പാമ്പിൻ മാളമാണെന്നറിയാതെ ചിന്നനും കോമിയും മാളത്തിനകത്തേക്കു കടന്നു. മറ്റു അഞ്ചുകോഴിക്കുഞ്ഞുങ്ങളും വളരെനേരം കാത്തുനിന്നിട്ടും ചിന്നനും കോമിയും മാളത്തിൽ നിന്നു പുറത്തു വന്നില്ല. അഞ്ചുകുഞ്ഞുങ്ങളും പരിഭ്രാന്തരായി തളളക്കോഴിയുടെ അടുത്തേക്കോടിച്ചെന്നു പറഞ്ഞു.
”അമ്മേ.. അമ്മേ, ചിന്നനും കോമിയും പാമ്പിൻ മാളത്തിൽ കയറി. ഏറെ നേരമായിട്ടും അവർ ഇറങ്ങിവന്നിട്ടില്ല.“
തളളക്കോഴി ഉടനെ പാമ്പിൻ മാളത്തിനു മുന്നിൽ ചെന്ന് ഉറക്കെ വിളിച്ചു.
”ചിന്നാ, കോമീ, മാളത്തിൽ നിന്നിറങ്ങിവാ. ഇത് പാമ്പിന്റെ മാളമാണ്.“
തളളക്കോഴിയുടെ വിളികേട്ട് ഇറങ്ങിവന്നത് മഞ്ഞച്ചേരയായിരുന്നു. തളളക്കോഴിക്കു സംഗതി പിടികിട്ടി. തന്റെ രണ്ടു മക്കളും ചേരപ്പാമ്പിന് ഇരയായെന്ന്. അവൾ മഞ്ഞച്ചേരയെ കൊത്താനാഞ്ഞപ്പോൾ അത് മാളത്തിലേക്കു വലിഞ്ഞു.
തളളക്കോഴി ബാക്കിയുളള അഞ്ചു മക്കളേയും ഉപദേശിച്ചു.
”കുഞ്ഞുങ്ങളേ, നിങ്ങൾക്കു പ്രാപ്‌തിയായിട്ടില്ല. അതാകുംവരെ അമ്മ പറയുന്നതുപോലെ നടന്നാൽ കെണിയിൽ പെടാതെ കഴിയാം.“
അഞ്ചുക്കുഞ്ഞുങ്ങളും ചിറകടിച്ചു സമ്മതിച്ചു. എന്നാൽ വീണ്ടും അതെല്ലാം മറന്ന് അവർ പുഴക്കരയിലെ കുറ്റിക്കാട്ടിലൂടെ ശലഭങ്ങളെകൊതിത്തിന്നു നടന്നു. അപ്പോൾ ഒരു കണ്ടൻപൂച്ച കണ്ണടച്ചിരിക്കുന്നതുകണ്ടു.
കോഴിക്കുഞ്ഞുങ്ങളെ കണ്ടപ്പോൾ കണ്ണടച്ചതായിരുന്നു കൊതിയൻ പൂച്ച. ഒരെണ്ണംപോലും ഓടി രക്ഷപ്പെടാതെ അഞ്ചിനേയും ഉളളിലാക്കാനായിരുന്നു പൂച്ചസന്യാസിയുടെ ആഗ്രഹം.
അഞ്ചുകുഞ്ഞുങ്ങളും കണ്ണടച്ചിരിക്കുന്ന പൂച്ചയുടെ മുന്നിൽ ചെന്നുനിന്നു ശബ്‌ദമുണ്ടാക്കി. എന്നിട്ടും പൂച്ച കണ്ണുതുറന്നില്ല. പിന്നെ, അവർ പൂച്ചയുടെ ചെവിയിൽ കൊത്തിനോക്കി.
കുറെനേരം കഴിഞ്ഞപ്പോൾ പൂച്ചസന്യാസി കണ്ണുകൾ തുറന്നു. കൈ ഉയർത്തി കോഴിക്കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു.
”വാ മക്കളെ. നിങ്ങൾക്കു ഞാൻ വനദുർഗ്ഗയെ കാണിച്ചുതരാം. ഓരോരുത്തരായി ദേവീക്ഷേത്രത്തിലേയ്‌ക്കു വന്നാൽ മതി. നിങ്ങളുടെ ആഗ്രഹങ്ങൾ ദേവി സാധിച്ചുതരും. വാ…“
ഓരോരുത്തരും ‘ഞാൻ ആദ്യം ഞാൻ ആദ്യം’ എന്ന് തിക്കിതെരക്കിക്കൊണ്ട് പൂച്ചസന്യാസിയുടെ അടുത്തേക്ക് ചെന്നു.
”തിടുക്കം പാടില്ല മക്കളെ. നാം വിളിക്കുമ്പോൾ മാത്രം വന്നാൽ മതി. അവിടെ ചെന്നാൽ ഓരോരുത്തരും അല്‌പനേരം ഭജനമിരിക്കണം. എല്ലാവരും ഭജനമിരുന്നു കഴിഞ്ഞാൽ നിങ്ങൾക്കു വനദുർഗ്ഗയെക്കണ്ട് വരവും വാങ്ങി ഒരുമിച്ചു പോകാം.“
പൂച്ച സന്യാസി എല്ലാവരേയും മാറിമാറി നോക്കിയിട്ട് വിളിച്ചു.
”വെളുത്ത കുഞ്ഞേ വാ…“
വെളുത്തകുഞ്ഞ് പൂച്ചസന്യാസിയോടൊപ്പം കുറ്റിക്കാട്ടിലേക്കു കയറി. പിന്നീട്, കുറെക്കഴിഞ്ഞു സന്യാസിവന്ന് കറമ്പൻ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം ചെങ്കല്ലൻ കുഞ്ഞിനേയും.
കുറെക്കഴിഞ്ഞു പൂച്ചസന്യാസി വന്നത് കിച്ചുക്കുഞ്ഞിനെ കൊണ്ടുപോകാനാണ്. കിച്ചിയെ കൊണ്ടുപോകുമ്പോൾ പൂച്ചയുടെ ചിറിയിൽ ചോരപ്പാടുകൾ കണ്ട് കിങ്ങിണിക്കുഞ്ഞിന് സംശയവും പേടിയും തോന്നി. അവൾ ഉടനെ ഓടി തളളക്കോഴിയുടെ സമീപമെത്തി പൂച്ചസന്യാസിയെ കണ്ട വിവരംപറഞ്ഞു.
”കിങ്ങിണിക്കുഞ്ഞേ, ചേട്ടൻമാരെവിടെ?ചേച്ചിയെവിടെ?“ കിങ്ങിണിക്കുഞ്ഞ് കരഞ്ഞു.
”അവരെയൊക്കെ പൂച്ചസന്യാസി വനദുർഗ്ഗയെ കാണിക്കാൻ കൊണ്ടുപോയി. പോയവരാരും തിരിച്ചുവന്നില്ല. ഒടുവിൽ കിച്ചിച്ചേച്ചിയെ കൊണ്ടുപോയപ്പോൾ സന്യാസിയുടെ ചിറിയിൽ ചോരകണ്ടു. “
”ങേ?“ തളളക്കോഴി കൊക്കിക്കരഞ്ഞു. കിങ്ങിണിക്കുഞ്ഞു പറഞ്ഞു.
”അവരെയൊക്കെ ആ മാക്കാൻ തിന്നിരിക്കും.“ കിങ്ങിണിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല.
തളളക്കോഴി മനസ്സുനൊന്തു പറഞ്ഞു.
”ഞാനെത്ര ഉപദേശിച്ചതാണ്. ഇനി ഞാനൊന്നും പറയുന്നില്ല. നീയും തോന്നിയതുപോലെ നടന്നോ.“
തളളക്കോഴിക്കു നിരാശ തോന്നി. അവൾ മക്കളെക്കുറിച്ച് ആലോചിച്ചാലോചിച്ച് ഉറങ്ങിപ്പോയി.
ഉണർന്നപ്പോൾ കുക്കുക്കോഴി അത്‌ഭുതപ്പെട്ടു. തന്റേയും കിങ്ങിണിക്കുഞ്ഞിന്റേയും കാലുകൾ തമ്മിൽ നീളമുളള ചരടുകൊണ്ട് കെട്ടിയിരിക്കുന്നു. അത്, അമ്മയെ വിട്ടുപോകില്ലെന്ന് ഉറപ്പാക്കാൻ കിങ്ങിണിക്കുഞ്ഞ് കെട്ടിയതായിരുന്നു.
അതോടെ തളളക്കോഴിക്ക് അല്‌പം മനസ്സമാധാനം കിട്ടി. കിങ്ങിണിക്കുഞ്ഞിന് ശത്രുക്കളുടെ കെണിയിൽ പെടാതിരിക്കാനും കഴിഞ്ഞു.
Generated from archived content: amma_paranjathu.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English