രാമപുരം ഗ്രാമത്തിൽ കൃഷിക്കാരായിരുന്നു അധികവും. പച്ചക്കറികളും പയറുവർഗ്ഗങ്ങളും കാച്ചിലും ചേനയുമെല്ലാം അവർ കൃഷി ചെയ്‌തുപോന്നു. എന്നാൽ നെൽകൃഷിയായിരുന്നു പ്രധാനം.
പ്ലാവിലും മാവിലും ഫലമായാൽ പക്ഷികൾ വന്ന് ചക്കയും മാമ്പഴവുമെല്ലാം കൊത്തിത്തിന്നും. എന്നാൽ നെൽപ്പാടങ്ങളിലെ കൃഷിശല്യം സഹിക്കവയ്യായിരുന്നു.
ഒരിക്കൽ ഒരു കൃഷ്‌ണപ്പരുന്ത് ഇരതേടി ആകാശത്ത് വട്ടമിട്ടു പറക്കുകയായിരുന്നു. അപ്പോൾ തേന്മാവിൻ കൊമ്പിലിരുന്ന് ഒരു മാടപ്രാവ് മാമ്പഴം കൊത്തിത്തിന്നുന്നതു കണ്ടു. പരുന്ത് പെട്ടെന്ന് താഴേക്ക് പറന്നു. തന്റെ നേരെ പറന്നുവരുന്ന പരുന്തിനെ കണ്ട് പേടിച്ചരണ്ട മാടപ്രാവ് തീറ്റി മതിയാക്കി ആഞ്ഞു പറന്നു. പിന്നാലെ പരുന്തും.
പരുന്ത് ഉറക്കെ വിളിച്ചു പറഞ്ഞു.
“നില്‌ക്കടാ പ്രാവേ…”
കൃഷ്‌ണപ്പരുന്ത് വിളിച്ചതു കേട്ടെങ്കിലും മാടപ്രാവ് നിന്നില്ല. അതു കുറെക്കൂടി വേഗത്തിൽ പറന്നു.
“നിന്നില്ലെങ്കിൽ നിന്നെ ഞാൻ കൊത്തിക്കൊല്ലും.”
കൃഷ്‌ണപ്പരുന്ത് മാടപ്രാവിനെ ഭീഷണിപ്പെടുത്തി.
പരുന്തിന്റെ ആക്രമണത്തിൽ നിന്നു രക്ഷനേടുവാൻ പ്രയാസമാണെന്നു തോന്നിയതിനാൽ മാടപ്രാവ് വയലിലിറങ്ങി നെൽച്ചെടികൾക്കിടയിൽ ഒളിച്ചിരുന്നു.
മാടപ്രാവിനെത്തേടി പാടത്തേക്കിറങ്ങിയ കോപിഷ്‌ഠനും ക്രൂരനുമായ കൃഷ്‌ണപ്പരുന്ത് കൃഷിക്കാരൻ കിളികളെ പിടിക്കാൻ വച്ചിരുന്ന വലയിൽ കുടുങ്ങി. അവന് പരിഭ്രമവും പേടിയും തോന്നി. പരുന്ത് എത്രത്തന്നെ ശ്രമിച്ചിട്ടും വലയിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞില്ല.
വലയിൽ കുടുങ്ങിയ പരുന്തിനെ കണ്ട് കൃഷിക്കാരൻ ചോദിച്ചു.
“ഓ.. നീയോ? നീ നെല്ലും തിന്നു തുടങ്ങിയോ! ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ ചൊല്ല്.”
പരുന്ത് താഴ്‌മയോടെ പറഞ്ഞു.
“ഞാൻ ഒരു മാടപ്രാവിനെ പിടിക്കാൻ അതിന്റെ പിന്നാലെ പറന്നതാണ്. അതു ഇവിടെയെങ്ങോ പമ്മിയിരിപ്പുണ്ട്. അതിനെ തെരഞ്ഞുപിടിക്കാനുളള ശ്രമത്തിനിടയിലാണ് ഞാൻ വലയിൽ അകപ്പെട്ടത്. അങ്ങയുടെ നെല്ല് തിന്ന് ഞാൻ കൃഷി നശിപ്പിച്ചിട്ടില്ല.”
കൃഷിക്കാരൻ പരുന്തിനെ നോക്കിച്ചിരിച്ചു. പരുന്ത് പേടിച്ചുവിറച്ചു കൊണ്ട് യാചിച്ചു.
“ഞാൻ അങ്ങേക്ക് യാതൊരു ദ്രോഹവും ചെയ്‌തിട്ടില്ല. എന്നെ വലയിൽ നിന്നെടുത്ത് പോകാൻ അനുവദിച്ചാലും.”
കൃഷിക്കാരൻ പരുന്തിനോട് ചോദിച്ചു.
“എന്തു ദ്രോഹമാണ് ആ മാടപ്രാവ് നിനക്ക് ചെയ്‌തത്? പറയൂ….”
ആ ചോദ്യത്തിനു മറുപടി പറയാൻ കൃഷ്‌ണപ്പരുന്തിനു കഴിഞ്ഞില്ല. കൃഷിക്കാരൻ പരുന്തിനെ പിടിച്ചു ചിറകിലെ തൂവലുകൾ പറിച്ചു കളഞ്ഞ് അതിനേയും കൊണ്ട് വീട്ടിലേയ്‌ക്ക് പോയി.
Generated from archived content: unni_nov26.html Author: rajan_moothakunnamorg