രത്നഗിരിയിലെ രാജാവായിരുന്ന നാഗേന്ദ്രസിംഗന് മൂന്നു പുത്രൻമാരുണ്ടായിരുന്നു. മൂത്ത പുത്രൻ രംഗനാഥ്, രണ്ടാമൻ പ്രേംനാഥ്, ഇളയപുത്രൻ ശ്രീനാഥ്. രാജാവിനു പ്രായാധിക്യമായി. ഒന്നും ചെയ്യാൻ കഴിവില്ലാതായി. രാജ്യഭരണം തന്നെ അദ്ദേഹത്തിന് ഭാരമായി.
രാജ്യവും ജംഗമവസ്‌തുക്കളും മക്കൾക്ക് ഭാഗിച്ചു കൊടുത്തു തന്റെ ജീവിതകാലത്തുതന്നെ കുമാരൻമാരെ ഓരോ രാജ്യത്ത് വാഴിക്കാൻ നാഗേന്ദ്രസിംഹൻ ആഗ്രഹിച്ചു. അതിന്റെ പ്രാരംഭമായി, രാജാവിനുണ്ടായിരുന്ന പതിനേഴ് ഗജവീരന്മാരെ രാജകുമാരൻമാരോട് വീതിച്ചെടുക്കുവാൻ രാജാവ് കല്പന നൽകി.
ആകെയുളള ആനകളുടെ ഒമ്പതിൽ നാലുഭാഗം രംഗനാഥനും മൂന്നിൽ ഒരു ഭാഗം പ്രേംനാഥിനും ആറിൽ ഒരു ഭാഗം ശ്രീനാഥിനും ലഭിക്കേണ്ടവിധമാണ് ഭാഗിക്കേണ്ടത്. ആനകളെ മുറിച്ചു ഭാഗിക്കാനോ ജീവഹാനി വരുത്താനോ പാടില്ലെന്നും രാജാവ് ഉത്തരവു നല്‌കിയിരുന്നു.
പിതാവ് ആജ്ഞാപിച്ചവിധത്തിൽ ഭാഗിക്കാനാവാതെ രാജകുമാരന്മാർ വിഷമിച്ചു. അങ്ങനെ ദുഃഖിതരായി നില്‌ക്കുമ്പോഴാണ് മന്ത്രി ജയപ്രസാദ് ആനപ്പുറത്തുകയറി അതുവഴി വന്നത്.
രാജപുത്രന്മാർ അവരുടെ വിഷമാവസ്ഥ മന്ത്രിയെ ധരിപ്പിച്ചു. അദ്ദേഹം ആനപ്പുറത്തുനിന്നിറങ്ങി.
മന്ത്രി എങ്ങനെയാണ് പതിനേഴ് ആനകളെ രാജകുമാരൻമാർക്ക് ഭാഗിച്ചു കൊടുത്തത്?
ഉത്തരംഃ മന്ത്രി തന്റെ ആനയേയും ഭാഗിക്കേണ്ട പതിനേഴു ആനകളോടൊപ്പം നിറുത്തിയിട്ട് രാജകുമാരന്മാരോട് ഭാഗിച്ചെടുക്കുവാൻ പറഞ്ഞു. അവർ ഭാഗിച്ചപ്പോൾ രംഗനാഥിന് എട്ടും പ്രേംനാഥിന് ആറും ശ്രീനാഥിന് മൂന്നും ആനകളെ കിട്ടി. രാജകുമാരന്മാർ സന്തുഷ്‌ടരായി.
മന്ത്രി തന്റെ ആനപ്പുറത്തുകയറി രാജകൊട്ടാരത്തിലേക്കു യാത്രയായി.
Generated from archived content: unni_nov12.html Author: rajan_moothakunnamorg