ശങ്കുണ്ണ്യേട്ടന്റെ വീട്ടിൽ കളളൻകേറി.
ദാഹിച്ചപ്പോൾ വെളളമെടുക്കാനായി ശങ്കുണ്ണി അടുക്കളയിലേക്കു ചെന്നു. അപ്പോൾ കൊച്ചുരുളിയുമെടുത്ത് ഒരാൾ മുറ്റത്തിറങ്ങുന്നതുകണ്ടു. ഇളയമകൻ കൊച്ചുനാണുവാണ് അതെന്ന് ശങ്കുണ്ണി ആദ്യം കരുതി.
വെളളം കുടിച്ച്, ദാഹംമാറ്റി ഉമ്മറത്തേക്കു വന്നപ്പോൾ കൊച്ചുനാണു അവിടെ ഇരുന്ന് നുണപുരാണം കഥാപുസ്തകം വായിക്കുന്നതു കണ്ടു. പരിഭ്രമത്തോടെ ഉടനെ അടുക്കളയിലേക്കോടി ചെന്നപ്പോൾ കൊച്ചുരുളിയും കൊണ്ട് മുറ്റത്തിറങ്ങിയവൻ അത് തലയിൽ കമഴ്‌ത്തി വച്ചുകൊണ്ട് മതിൽചാടിപ്പോകുന്നതുകണ്ട് ശങ്കുണ്ണി സ്തംഭിച്ചുനിന്നു. നാണംകെട്ടവൻ! കൊണ്ടുപോകട്ടെ, കളളനെന്നു വിളിക്കാമല്ലോ.
അടുത്തദിവസം രാവിലെ അന്നമ്മയുടെ വീട്ടിൽ ഒരുതുടം പാല് വാങ്ങാൻ ചെന്ന ശങ്കുണ്ണി ചോദിച്ചു.
‘അന്നമ്മേ… അന്നമ്മേ, നീയറിഞ്ഞോ
വീട്ടിലെ മിന്നുന്ന കൊച്ചുരുളി
കളളനെടുത്തോണ്ടോടിപ്പോയ്
നീയെങ്ങാൻ കണ്ടോ കൊച്ചുരുളി?’
കൊച്ചുരുളി കണ്ടില്ലെന്ന് അന്നമ്മ പറഞ്ഞു. ശങ്കുണ്ണി പാലും വാങ്ങി വീട്ടിലേക്കു തിരിച്ചുപോയി.
പശുവിനെ കറക്കാൻ വന്ന തങ്കമ്മയോട് അന്നമ്മ ചോദിച്ചു.
‘കേട്ടോടി കേട്ടോടി തങ്കമ്മേ
ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളി
കളളനെടുത്തോണ്ടോടിപ്പോയ്
നീയെങ്ങാൻ കണ്ടോ കൊച്ചുരുളി?’
കൊച്ചുരുളി കണ്ടില്ലെന്ന് തങ്കമ്മ പറഞ്ഞു. തങ്കമ്മ കറവയും കഴിഞ്ഞ് കൊച്ചന്തോണിയുടെ എരുമയുടെ കറവയ്‌ക്കു ചെന്നു. ചെന്നപാടേ കൊച്ചന്തോണിയോട് തങ്കമ്മ ചോദിച്ചു.
‘അന്തോണിച്ചേട്ടാ- കേട്ടോ ചേട്ടാ,
ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളി
കളളനെടുത്തോണ്ടോടിപ്പോയ്
ഇച്ചായൻ കണ്ടോ കൊച്ചുരുളി?’
അന്തോണി കണ്ടില്ലെന്ന് കൈമലർത്തി ആംഗ്യം കാണിച്ചു. അന്തോണി ഒരു കാലിച്ചായ കുടിക്കാൻ മൊയ്‌തീന്റെ കടയിലേക്കു കയറി. ചായ കുടിച്ചു കൊണ്ടിരിക്കേ മൊയ്‌തീനോട് ചോദിച്ചു.
‘കേട്ടോടോ കേട്ടോടോ മൊയ്‌തീനേ,
ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളി
കളളനെടുത്തോണ്ടോടിപ്പോയ്
താനെങ്ങാൻ കണ്ടോ കൊച്ചുരുളി?’
മൊയ്‌തീൻ പരുങ്ങി. അന്തോണി അകത്തേക്കുനോക്കിയപ്പോൾ ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളിയിൽ മൊയ്‌തീന്റെ ഭാര്യ പാത്തുമ്മ നെയ്യപ്പം വാർക്കുന്നതുകണ്ടു. അന്തോണിയെ കണ്ടപ്പോൾ പാത്തുമ്മ എഴുന്നേറ്റു ചെന്നിട്ടു പറഞ്ഞു.
‘കേട്ടോളൂ കേട്ടോളൂ അന്തോണി
ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളി
കളളനെടുത്തോണ്ടോടിപ്പോയ്-
കളളന് നാണു വിറ്റതാണേ!’
“അപ്പോൾ അങ്ങനെയാണല്ലേ!” അന്തോണി പിന്നെ ഒന്നും മിണ്ടാതെ ചായ കുടിച്ച് കാശും കൊടുത്ത് ഇറങ്ങി നടന്നു.
പാത്തുമ്മ ശങ്കുണ്ണിയുടെ വീട്ടിലേക്കോടി. അവിടെ നുണ പുരാണം വായിച്ചുകൊണ്ടിരുന്ന നാണു പാത്തുമ്മയുടെ വരവുകണ്ടപ്പോൾ പേടിച്ചോടി ശങ്കുണ്ണിയുടെ പിന്നിലൊളിച്ചു. പാത്തുമ്മ ശങ്കുണ്ണിയോട് പറഞ്ഞു.
‘കേട്ടോളൂ കേട്ടോളൂ നാണുവാണേ
ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളി
കളളനു വിറ്റിവൻ തുട്ടുവാങ്ങി
നുണയും പറഞ്ഞു നടക്കുന്നു!’
ഒളിച്ചുനിന്ന നുണയൻ നാണുവിന്റെ ചെവിയ്‌ക്കു പിടിച്ചു ശങ്കുണ്ണി തിരുമ്മി, വേദനകൊണ്ട് പുളഞ്ഞ നാണു പറഞ്ഞു.
‘തെറ്റുപറ്റിപ്പോയി പൊന്നച്ഛാ
വിട്ടേയ്‌ക്കു ചെവിയേന്നു പൊന്നച്ഛാ
കളളവും കളവും ചെയ്യില്ലിനി
ഇപ്പോളെനിക്കു മാപ്പു നല്‌കൂ.’
ശങ്കുണ്ണിക്കും പാത്തുമ്മയ്‌ക്കും സന്തോഷമായി. പാത്തുമ്മ പറഞ്ഞു.
‘അമ്പതു രൂപയുമായി വന്നെന്നാൽ
ശങ്കുണ്ണ്യേട്ടന്റെ കൊച്ചുരുളി
വൈകാതെ തന്നേക്കാം
കളളനിവൻ വിറ്റ കൊച്ചുരുളി!’
പാത്തുമ്മ പറഞ്ഞത് ശങ്കുണ്ണി സമ്മതിച്ചു.
Generated from archived content: unni_april17.html Author: rajan_moothakunnamorg