എങ്ങനെ കളളനെ പിടിച്ചു?

സുന്ദരശർമ്മ ധനാഢ്യനും ഭക്തനുമായിരുന്നു. അദ്ദേഹത്തിന്‌ വളരെയേറെ കൃഷിയിടങ്ങളുണ്ടായിരുന്നു. സമ്പത്ത്‌ വർദ്ധിച്ചു വരുന്നതിനനുസരിച്ചുളള ജീവിതച്ചെലവുകളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ ഭാര്യയും മക്കളും ഇല്ലായിരുന്നു. തനിച്ച്‌ വലിയൊരു ബംഗ്ലാവിലായിരുന്നു താമസം.

എന്നും അത്താഴത്തിനുമുൻപ്‌ ഇഷ്‌ടദേവതയെ പ്രാർത്ഥിക്കുന്ന പതിവ്‌ സുന്ദരൻ ശർമ്മക്കുണ്ടായിരുന്നു. ഒരുദിവസം പ്രാർത്ഥന കഴിഞ്ഞ്‌ പൂജാമുറിയിൽ നിന്നിറങ്ങുമ്പോൾ അകലെയായി പുരയിടത്തിലെ മരങ്ങളുടെ മറവുപറ്റി ഒരാൾ പമ്മിപ്പമ്മിവരുന്നത്‌ കണ്ടു. അയാൾ മുറ്റത്തെത്തിയപ്പോൾ സുന്ദരശർമ്മ ആളെ തിരിച്ചറിഞ്ഞു. ഗ്രാമത്തിലെ കുപ്രസിദ്ധ മോഷ്‌ടാവായ മിന്നൽ അന്തോണിയായിരുന്നു അയാൾ. മിന്നൽ വേഗത്തിൽ ആരുടെയും കണ്ണിൽപ്പെടാതെ, പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കളവു നടത്തുന്നതിനാലാണ്‌ അന്തോണിക്ക്‌ മിന്നലെന്ന വിശേഷണം ലഭിച്ചത്‌. അതിൽ അയാൾക്ക്‌ സന്തോഷമേയുളളു.

മിന്നലന്തോണിയെ കണ്ട്‌ സുന്ദരശർമ്മ ഒന്നു പകച്ചെങ്കിലും ധൈര്യം സംഭരിച്ചു പൂജാമുറിയിലേക്കു തന്നെ കയറി.

മിന്നലന്തോണിയെ എതിർത്താൽ കൊന്നു കളയാനും അവൻ മടിക്കില്ല. സുന്ദരശർമ്മ തനിച്ചായതുകൊണ്ട്‌ അയാളെ വകവരുത്താൻ മിന്നലിന്‌ ഒട്ടും പ്രയാസവുമില്ല.

സുന്ദരശർമ്മ പൂജാമുറിയിലിരുന്നു ഉറക്കെ പ്രാർത്ഥിച്ചു. “തിരുമൽദേവാ- ഭക്തവത്സല, ദയാനിധേ, എന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന നിധി ആരും കൊണ്ടുപോകാതെ രക്ഷിക്കണേ. അവിടത്തേക്ക്‌ പതിനൊന്നു ദിവസം നിത്യപൂജ കഴിച്ചോളാമേ.”

പൂമുഖത്തേക്കു കയറിവന്ന മിന്നലന്തോണി ശർമ്മയുടെ പ്രാർത്ഥന കേട്ട്‌ നിന്നു. “കളളൻമാരിൽ നിന്നും കൊളളക്കാരിൽനിന്നും എന്നെ രക്ഷിക്കണേ തിരുമൽദേവാ… എന്റെ കട്ടിലിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന മൂവായിരം സ്വർണ്ണനാണയങ്ങൾ ആരേയും കാണിച്ചു കൊടുക്കരുതേ ദേവാ. മിന്നലന്തോണിയുടെ കാൽമുട്ട്‌ തല്ലിയൊടിക്കണേ ഭഗവാനേ..”

“മിന്നലന്തോണി ഞെട്ടി. ങേ? അത്രയ്‌ക്കായോ? എന്നാലതൊന്നു കാണണം. ഇപ്പോൾതന്നെ സ്വർണ്ണനാണയങ്ങൾ മുഴുവനും ഞാനെടുക്കും.”

അയാൾ മനസ്സിൽ കണക്കുകൂട്ടി. സ്വർണ്ണം മുഴുവൻ കുഴിച്ചെടുത്ത്‌ ഇതിലും വലിയൊരു മാളികയുണ്ടാക്കണം. ധാരാളം നിലങ്ങളും പുരയിടങ്ങളും കന്നുകാലികളേയും വാങ്ങണം. പിന്നെ ഭാര്യയും മക്കളും വേലക്കാരുമൊത്തു സുഖമായി കഴിയാം.

പൂജാമുറിയിൽ നിന്നിറങ്ങുമ്പോൾ സുന്ദരശർമ്മയുടെ കിടപ്പുമുറിയിൽ നിന്ന്‌ എന്തോ കുത്തിപ്പൊളിക്കുന്ന ശബ്‌ദം കെട്ടു. ജനലിലൂടെ നോക്കിയപ്പോൾ മിന്നലന്തോണി കട്ടിലിനടിയിൽ തറ കുത്തിപ്പൊളിക്കുന്നതു കണ്ടു. ശർമ്മ ഓടിച്ചെന്നു കിടപ്പുമുറിയുടെ വാതിലടച്ചു ഓടാമ്പലിട്ടു. ഇതൊന്നുമറിയാതെ തറ കുഴിച്ചുകൊണ്ടിരുന്ന മിന്നലന്തോണി കണ്ടത്‌ പന്തവും വടിയും വെട്ടുകത്തിയുമായി ശർമ്മയുടെ വീട്ടിലേക്ക്‌ ഓടിവരുന്ന അയൽക്കാരെയും നാട്ടുകാരേയുമാണ്‌. അയാൾ പേടിച്ചുവിറച്ച്‌ ബോധം കെട്ടുവീണു.

Generated from archived content: unni1_dec10.html Author: rajan_moothakunnamorg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമാന്ത്രികത്തോൽ
Next articleഉമിത്തീയിൽ നീറിയെരിഞ്ഞ കവി
രാജൻ മൂത്തകുന്നം, വാഴേപറമ്പിൽ, കച്ചേരിപ്പടി, നോർത്ത്‌ പറവൂർ - 683 513 മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English