എന്തു കിട്ടിയാലും ആർക്കും ഒരു പങ്കുപോലും കൊടുക്കാതെ തനിച്ചു തിന്നുന്ന സ്വഭാവമായിരുന്നു തെണ്ടൻ തുരപ്പന്. മരം കോച്ചുന്ന മഞ്ഞുപെയ്യുന്ന മകരമാസം. അവൻ ഇരതേടി ഇറങ്ങി. വളരെ നേരം അവിടവിടെ ഓടിനടന്നിട്ടും ഒന്നും കിട്ടിയില്ല. വിശപ്പും ശൈത്യവും കൊണ്ട് അവൻ അവശനായി വിറച്ചുകൊണ്ടിരുന്നു. തണുപ്പു സഹിക്കവയ്യാതായപ്പോൾ ഒരു മരപ്പൊത്തിൽ കയറി പുറത്തേക്ക് തലയും നീട്ടിയിരുന്നു. അപ്പോൾ അതുവഴി വന്ന സ്വവർഗ്ഗക്കാരനായ നീളൻ എലിയോട് തൊരപ്പനെലി ചോദിച്ചു.
“എനിക്കു വിശക്കുന്നെടാ നീളാ. എവിടെയെങ്കിലും പച്ചമീനോ കൊപ്രക്കഷണമോ കിടപ്പുണ്ടോ? ഉണക്കക്കിഴങ്ങായാലും മതി.”
തെണ്ടനെ കണ്ടപ്പോൾ നീളൻ എലി ജീവനും കൊണ്ടോടി. ഒരു കാരണവും കൂടാതെ കടിപിടി കൂടുന്നവനാണ് തെണ്ടൻ തുരപ്പൻ.
പിന്നീട് അതുവഴി കടന്നുപോയത് കുട്ടൻ നാട്ടെലിയാണ്. കുട്ടന് നീളനേക്കാൾ വലിപ്പവും വേഗതയും കൂടും. നാട്ടെലിയെ കണ്ടപ്പോൾ തെണ്ടന് സന്തോഷമായി. അവൻ ചോദിച്ചു.
“കുട്ടാ കുട്ടാ, ഇവിടെയെങ്ങാൻ കപ്പത്തോട്ടമുണ്ടോ?”
കുട്ടൻ തിരിഞ്ഞുനോക്കി. തെണ്ടനെ കണ്ട് അവനൊന്ന് ഞെട്ടിയെങ്കിലും അവിടെത്തന്നെ നിന്നിട്ട് പറഞ്ഞു.
“വടക്ക് വടക്ക് അന്തോണിച്ചേട്ടന്റെ വലിയൊരു കപ്പത്തോട്ടമുണ്ട്. അവിടെ നല്ലയിനം കപ്പ വരിവരിയായി നില്പുണ്ട്. അവിടേക്ക് ചെന്ന് കട തെരഞ്ഞാൽ നല്ല മുഴുത്ത കപ്പ കിട്ടും. പിന്നെ….”
തെണ്ടൻ തുരപ്പൻ പൊത്തിൽനിന്ന് ചാടിയിറങ്ങി. നാട്ടെലി ദൂരെ മാറിനിന്നു; തെണ്ടൻ നേരെ ചാടിവീണാൽ ഓടി രക്ഷപ്പെടാവുന്നവിധത്തിൽ.
“പറയെടാ കുട്ടാ, പിന്നെ…എന്നു പറഞ്ഞത്?”
കുട്ടൻ ഒന്നുകൂടി അകന്നു മാറിയിട്ടു അറിയിച്ചു.
“തെണ്ടൻ ചേട്ടൻ സൂക്ഷിക്കണം. തോട്ടത്തിൽ കാവൽക്കാരുണ്ട്. കൂടാതെ തോട്ടത്തിൽ വേഗം ചുറ്റിനടക്കാൻ കുറെ നായ്‌ക്കളും. അവരുടെ കൈയിൽ പെട്ടാൽ കഥ കഴിഞ്ഞതുതന്നെ.”
കുട്ടൻ പറഞ്ഞത് തെണ്ടന് ഇഷ്‌ടപ്പെട്ടില്ല.
“നീ എന്നെ കൊച്ചാക്കുന്നോടാ കുട്ടാ. നിനക്കറിയില്ലേ ഞാൻ മൂഷിക രാജാവാണെന്ന്. എന്നെ ആർക്കും പിടികൂടാനാവില്ല കുട്ടാ.”
തെണ്ടൻ മുഴുവൻ പറഞ്ഞുതീരും മുൻപേ കുട്ടനെലി സ്ഥലം വിട്ടു. ‘ജീവികൾക്കേറ്റം പ്രിയം ജീവനാണല്ലോ!’ ഓടുന്നതിനിടയിൽ കുട്ടൻ പറഞ്ഞുകൊണ്ടിരുന്നു.
“ചേട്ടൻ മൂഷിക രാജാവാണെന്ന് എനിക്കറിയാം; പക്ഷേ, നായ്‌ക്കൾക്കും കാവൽക്കാർക്കും അറിയില്ലല്ലോ!”
തെണ്ടൻ മൂന്നുപ്രാവശ്യം ചീറ്റിയിട്ട് സ്വയം പറഞ്ഞു.
“കപ്പത്തണ്ടിനും കീഴെ കപ്പയുണ്ടെങ്കിൽ തെണ്ടനെടുക്കും. കാവൽക്കാരുമറിയില്ല, നായ്‌ക്കളുമറിയില്ല.”
തൊരപ്പനെലി മൂളിപ്പാട്ടും പാടി വടക്കോട്ടു പാഞ്ഞു. കുറെദൂരം ചെന്നപ്പോൾ ചുറ്റും വേലികെട്ടിയ വലിയ പുരയിടം കണ്ടു. അതിൽ വിളവെടുക്കാറായ കപ്പനിറയെ. തെണ്ടന് കൊതിയടക്കാൻ കഴിഞ്ഞില്ല. അവൻ വേലിക്കടിയിലൂടെ വിടവുണ്ടാക്കി തോട്ടത്തിലേക്ക് കടന്നു. പിന്നെ, ഏതു കപ്പ തെരയണം എന്ന വെപ്രാളമായി. ഒരു കപ്പയുടെ കട തെരഞ്ഞുകൊണ്ടിരുന്നപ്പോൾ തോന്നി. അതുവേണ്ട അടുത്തുനില്‌ക്കുന്ന കപ്പയാണ് മെച്ചമെന്ന്. അവൻ പകുതി തെരഞ്ഞിട്ട കപ്പവിട്ട് അടുത്തതിന്റെ കടക്കൽ തെരയാൻ തുടങ്ങി. അത്യാർത്തിമൂലം അവന് ഒരു കപ്പയുടെ ചുവടുപോലും മുഴുവനായി തെരയാനോ കിഴങ്ങ് ഒന്നു കടിക്കാനോ കഴിഞ്ഞില്ല. അവൻ ഓരോ കപ്പച്ചുവടും മാറിമാറി തെരഞ്ഞുകൊണ്ടിരുന്നു.
കാവൽപ്പുരയുടെ വാതിലിനരികിൽ പാതിയുറങ്ങി തുടങ്ങിയ നായ്‌ക്കൾ, തെണ്ടൻ കപ്പ തെരഞ്ഞെറിഞ്ഞ മണ്ണ് കരിയിലയിൽ വീണുകൊണ്ടിരുന്ന ശബ്‌ദം കെട്ട് ചാടിയെഴുന്നേറ്റ് കുരച്ചുകൊണ്ട് പാഞ്ഞെത്തി. പിന്നാലെ ‘കളളൻ-കളളൻ’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് നായ്‌ക്കളുടെ പിന്നാലെ കാവൽക്കാരും ഓടി.
കപ്പ കിട്ടിയില്ലെങ്കിലും ജീവൻ കിട്ടിയാൽ മതിയെന്നായി തുരപ്പനെലിക്ക്. അവൻ ചുറ്റും നോക്കിയപ്പോൾ മണ്ണിൽ വലിയൊരു അള കണ്ടു. തന്റെ വർഗ്ഗക്കാരിൽ ആരെങ്കിലും താമസിക്കുന്ന മാളമാണെന്നു തോന്നി. പിന്നെ സംശയിച്ചു നിന്നില്ല. തെണ്ടൻ അളയിലേക്കു കയറി.
കളളനെ പിടിക്കാനിറങ്ങിയ കാവൽക്കാർ തോട്ടത്തിൽ ടോർച്ചടിച്ചു നോക്കി. പാമ്പ് എലിയെ പിടിക്കുന്ന ശബ്‌ദമല്ലാതെ കളളൻ വന്ന ലക്ഷണമൊന്നും അവർ കണ്ടില്ല. കാവൽക്കാരും നായ്‌ക്കളും തിരിച്ചുപോയപ്പോൾ തെണ്ടൻ തുരപ്പനെ പകുതിവിഴുങ്ങിക്കൊണ്ട് ചേരപ്പാമ്പ് മാളത്തിൽ നിന്ന് പുറത്തേക്ക് ചാടി.
Generated from archived content: unni-jan15-05.html Author: rajan_moothakunnamorg