ബാലകഥ
ചിക്കുക്കോഴിയും കുക്കുകുഞ്ഞും നടക്കാനിറങ്ങി, വാഴത്തടത്തിലും കരിയിലക്കൂനകളിലും ചിക്കി ചികഞ്ഞ് ചികഞ്ഞ് അവർ ഒരു കുളക്കരയിലെത്തി. കുളത്തിൽ ഒരു കൂട്ടം താറാവുകൾ നീന്തിക്കുളിക്കുന്നതും ചെറു മീനുകളെ പിടിച്ചുതിന്നുന്നതും കണ്ടു. അവയെ ഒരു കർഷകൻ വളർത്തുന്നതായിരുന്നു. താറാവുകൾ കുളത്തിൽ നീന്തിരസിക്കുന്നതു കണ്ടപ്പോൾ കുക്കുവിന് അവിടം വിട്ട് പോരാൻ മടി തോന്നി. അവനൊരു മോഹം അവരോടൊത്ത് കളിക്കാൻ.
കുക്കു തളളക്കോഴിയോട് പറഞ്ഞു – “ അമ്മേ, താറാവിന് രണ്ടു കാലുകളുണ്ട്. എനിക്കും രണ്ടുകാലകളുണ്ട്. താറാവിന് ചിറകുകളുണ്ട്. എനിക്കുമുണ്ട് ചിറകുകൾ.”
തളളക്കോഴി ചോദിച്ചു. “ശരിയാണ് കുക്കു. നീ എന്താണ് പറഞ്ഞുവരുന്നത്?”
കുക്കു തുടർന്നു പറഞ്ഞു -“ താറാവിന് കണ്ണുകൾ രണ്ടെണ്ണമുണ്ട്. എനിക്കും കണ്ണുകൾ രണ്ടെണ്ണമുണ്ട്”
“താറാവും നീയും തമ്മിൽ വ്യത്യാസമില്ലേ?” തളളക്കോഴി ചോദിച്ചു.
കോഴിക്കുഞ്ഞ് മറുപടി പറഞ്ഞു. “ ചെറിയൊരു വ്യത്യാസമല്ലേയുളളൂ. താറാവിന്റെ ചുണ്ട് പരന്നതും അഗ്രം വട്ടത്തിലുമാണ്. എന്റേത് കൂർത്തതും. അത് വലിയ വ്യത്യാസമാണോ?”
ചിക്കുക്കോഴി ചോദിച്ചു. “നിനക്കെന്താണ് വേണ്ടത്?”
“എനിക്കും നീന്താൻ കഴിയും. അമ്മേ, താറാവുകളോടൊപ്പം ഞാനും നീന്തിക്കളിക്കട്ടെ?”
“വേണ്ട കുക്കൂ. നിനക്ക് നീന്താനറിയില്ല. താറാവിന്റെ ശരീരഘടന അതിന് വെളളത്തിൽ നീന്താൻ കഴിയുന്ന വിധമാണ്. നിന്റേത് അങ്ങനെയല്ല. അതുകൊണ്ട് നീ വെളളത്തിലിറങ്ങാതെ കരയിൽ നിന്നാൽ മതി.”
തളള പറഞ്ഞത് കോഴിക്കുഞ്ഞിന് സമ്മതമായില്ല. അമ്മ വിലക്കിയിട്ടും അതു വകവയ്‌ക്കാതെ കുക്കു കുളത്തിലേക്ക് ചാടി. എന്നാൽ അവന് താറാവുകളെപ്പോലെ വെളളത്തിൽ പൊന്തിക്കിടക്കാനൊ നീന്താനോ സാധിച്ചില്ല. അവൻ ചിറകടിച്ച് പിടഞ്ഞു പിടഞ്ഞ് കുളത്തിന്റെ അടിയിലേക്ക് താഴ്‌ന്നു താഴ്‌ന്നുപോയി.
Generated from archived content: story1_nov30_06.html Author: rajan_moothakunnamorg